രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ ഒക്ടോബർ മുതൽ മരവിപ്പിക്കാനായി ഒരുങ്ങി കേന്ദ്ര സർക്കാർ . പൊതുവിതരണ സംവിധാനത്തിലെ (പി.ഡി.എസ്) ഡാറ്റാബേസ് ശുദ്ധീകരിക്കുന്നതിന്റെയും വ്യാജ, നിഷ്‌ക്രിയ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കമുള്ളത്.
സർക്കാർ റേഷൻ കാർഡ് പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാനായി കുറച്ച് നാളുകളായി ശ്രമിക്കുന്നുണ്ട്. ഇതിനായി റേഷൻ കാർഡുകളെ ഡിജിറ്റൽ ആക്കുക, ആധാറുമായി ബന്ധിപ്പിക്കുക, ഇ-കെവൈസി നിർബന്ധമാക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇതിന്റെ തുടർച്ചയായാണ് പുതിയ നടപടി.
ഈ ഗുണഭോക്താക്കളുടെ പേരുകൾ ഡാറ്റാബേസിൽ നിന്ന് ഉടൻ തന്നെ നീക്കം ചെയ്യില്ലെന്നതാണ് ശ്രദ്ധേയം. പകരം അവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കുകയാണ് ചെയ്യുക.
തങ്ങൾ യഥാർത്ഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കാൻ ഇവർക്ക് മൂന്ന് മാസത്തെ സമയം നൽകും. ഈ കാലയളവിനുള്ളിൽ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കിയാൽ അവരുടെ കാർഡുകൾ വീണ്ടും സജീവമാക്കും. ഭേദഗതി ചെയ്ത ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ഓർഡർ പ്രകാരമാണ് ഈ നടപടി. സൈലന്റ് റേഷൻ കാർഡുകൾ എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന കാർഡുകൾക്കെതിരെയാണ് നടപടി. കഴിഞ്ഞ ആറ് മാസമായി ഭക്ഷ്യധാന്യ ആനുകൂല്യം വാങ്ങാത്ത കാർഡുകളെയാണ് സൈലന്റ് കാർഡുകൾ എന്ന് വിളിക്കുന്നത്.
ആദ്യം താൽക്കാലികമായി മരവിപ്പിക്കുക, തുടർന്ന് ഫീൽഡ് വെരിഫിക്കേഷനും മൂന്ന് മാസത്തിനുള്ളിൽ ഇ-കെവൈസിയും നടത്തി അന്തിമ തീരുമാനം എടുക്കുക എന്നതാണ് ചട്ടത്തിലെ വ്യവസ്ഥ.
യഥാർത്ഥ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കാനും, മരിച്ചുപോയവർ, കുടിയേറിപ്പോയവർ, ഇരട്ട കാർഡുകൾ, അർഹതയില്ലാത്തവർ എന്നിവർ മൂലമുണ്ടാകുന്ന ചോർച്ച തടയാനും ഇത്തരം ഡാറ്റാബേസ് ശുദ്ധീകരണം ആവശ്യമാണെന്നാണ് സർക്കാരിന്റെ വാദം.
"
https://www.facebook.com/Malayalivartha























