ധനുമാസത്തിലെ തിരുവാതിര ഇന്ന്... നെടുമാംഗല്യത്തിനും കുടുംബത്തില്‍ സര്‍വ ഐശ്വര്യങ്ങളുമുണ്ടാകണമേ എന്ന പ്രാര്‍ത്ഥനയോടും സ്ത്രീജനങ്ങള്‍ തിരുവാതിര വ്രതമനുഷ്ഠിക്കുന്നു

ധനുമാസത്തിലെ തിരുവാതിര ഇന്ന്. ദീര്‍ഘ മംഗല്യത്തിന് ഏറ്റവും ഫലപ്രദമായ വ്രതമാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭഗവാന്‍ ശിവന്റെ ജന്മ നക്ഷത്രമാണ് തിരുവാതിര. ശിവപാര്‍വ്വതീ വിവാഹ ദിവസമായും കാമദേവന് ശിവന്‍ പുനര്‍ജന്മം നല്‍കിയ ദിവസമായും ഈ ദിവസത്തെ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നു.
ആദ്യമായി തിരുവാതിര വ്രതം നോറ്റത് ശ്രീ പാര്‍വ്വതീ ദേവി തന്നെയാണ്. കന്യകമാര്‍ ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കുന്നതിനും വിവാഹിതരായ സ്ത്രീകള്‍ ഭര്‍തൃക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനായും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. മകയീര്യം, തിരുവാതിര, പുണര്‍തം എന്നീ ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കണം. ഈ വര്‍ഷത്തെ തിരുവാതിര വ്രതം 1195 ധനുമാസം 25ന് അതായത് 2020 ജനുവരി 10നാണ് . ക്ഷേത്രങ്ങളില്‍ ആര്‍ദ്രാ ദര്‍ശനവും അന്ന് തന്നെയാണ്.
എന്നാല്‍ പാതിരാപൂ ചൂടേണ്ടതും രാത്രി ഉറക്കമിളക്കേണ്ടതും തലേദിവസം അതായത് ജനുവരി ഒന്‍പതാം തീയതി രാത്രിയിലാണ്. ദക്ഷയാഗത്തില്‍ ക്ഷണിക്കാതെ പോയ സതീദേവിയെ ദക്ഷന്‍ അപമാനിച്ചു. ഇതില്‍ മനംനൊന്ത സതീദേവി ദേഹത്യാഗം ചെയ്തു. ഈ വിവരമറിഞ്ഞ ഭഗവാന്‍ പരമേശ്വരന്‍ ദക്ഷനെ കൊന്ന് പ്രതികാരം ചെയ്തു. പിന്നീട് ഹിമാലയത്തില്‍ പോയി തപസ്സനുഷ്ഠിച്ചു. സതീദേവി പാര്‍വ്വതിയായി പുനര്‍ജനിച്ച് ശ്രീപരമേശ്വരനെ തന്നെ ഭര്‍ത്താവയി ലഭിക്കാന്‍ പിതാവിന്റെ അനുഗ്രഹത്തോടു കൂടി മഹാദേവനെ പൂജിക്കാനും തപസ്സ് ചെയ്യാനും തുടങ്ങി. ഈ സമയത്താണ് താരകാസുരന്റെ ഉപദ്രവത്തില്‍ നിന്നും ദേവന്മാരെ രക്ഷിക്കാന്‍ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാല്‍ ദേവന്മാര്‍ കാമ ദേവനോട് ശിവനേയും പാര്‍വ്വതീ ദേവിയേയും ഒന്നിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.
ദേവന്മാരുടെ അഭ്യര്‍ത്ഥനമാനിച്ച് തപസ്സനുഷ്ഠിക്കുകയായിരുന്ന പരമശിവന് നേരെ കാമദേവന്‍ പുഷ്മബാണം അയച്ചു. ഇതോടെ ശിവന്റെ യോഗ നിദ്രക്ക് തടസ്സം വന്നു. അതിനു കാരണക്കാരനായ കാമദേവനെ പരമശിവന്‍ മൂന്നാം തൃക്കണ്ണ് തുറന്ന് കോപാഗ്‌നിയില്‍ ദഹിപ്പിച്ചു. ഭര്‍ത്താവിന്റെ വിയോഗത്താല്‍ ദുഃഖിതയായ കാമദേവന്റെ പത്‌നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാര്‍വ്വതീ ദേവിയോട് സങ്കടമുണര്‍ത്തിക്കുകയും ചെയ്തു.രതീദേവിയുടെ വിലാപത്തില്‍ ദുഖിതയായ പാര്‍വ്വതീ ദേവിയും ജലപാനങ്ങളുപേക്ഷിച്ച് പരമശിവനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
എല്ലാവരുടേയും പ്രാര്‍ത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ പരമശിവന്‍ കാമദേവനെ പുനര്‍ജീവിപ്പിച്ചു. അതൊരു മകീര്യം നാളില്‍ ആയിരുന്നു. തുടര്‍ന്ന് അദ്ദേഹം പാര്‍വ്വതീ ദേവിയില്‍ അനുരക്തനാവുകയും ദേവിയെ പത്‌നിയായി സ്വീകരിക്കുകയും ചെയ്തു. വിവാഹത്തില്‍ പാര്‍വ്വതീ ദേവി ആനന്ദിച്ചതിന്റെ ഓര്‍മക്കായാണ് മകീര്യവും തിരുവാതിരയും ചേര്‍ന്ന നാളില്‍ തിരുവാതിര വ്രതം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. തിരുവാതിരനാളിലെ വ്രതം ഇഷ്ട വിവാഹത്തിനും, ഉത്തമ ദാമ്പത്യത്തിനുമായാണ് ആചരിക്കുന്നത്. മകീര്യം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണര്‍തം നാളിലെ വ്രതം സഹോദരങ്ങള്‍ക്കും വേണ്ടിയുമാണ് ആചരിക്കുന്നത്.
തിരുവാതിരയിലെ എട്ടങ്ങാടി
തിരുവാതിര നോയമ്പില്‍ അരിയാഹാരം ഉപയോഗിക്കാന്‍ പാടില്ല. ചേന,ചേമ്പ്, കൂര്‍ക്ക,നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ കനലില്‍ ചുട്ട് പ്രത്യേകമായി തയ്യാറാക്കുന്ന നിവേദ്യ പ്രസാദം അന്നേ ദിവസം കഴിക്കണം. പ്രാദേശിക ഭേദമനുസരിച്ച് ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളിലുള്ള വ്യത്യാസം കേരളത്തില്‍ അങ്ങോളം ഇങ്ങോളം കണ്ടുവരുന്നുണ്ട്. ഈ നിവേദ്യത്തിന് എട്ടങ്ങാടി എന്നാണ് പറയുന്നത്. മകയിരം നക്ഷത്ര ദിവസം സന്ധ്യാ സമയം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. ഗണപതി, പാര്‍വ്വതി, പരമശിവന്‍ എന്നീ ദേവതകള്‍ക്ക് എട്ടങ്ങാടി നിവേദിക്കണം. കിഴങ്ങുകളുടെ കാര്യത്തില്‍ അതാത് പ്രദേശത്തെ ലഭ്യതക്കനുസരിച്ച് വ്യത്യാസങ്ങള്‍ കണ്ടു വരാറുണ്ട്. പ്രാദേശികമായി പിന്‍തുടരുന്ന പാചക വിധികള്‍ അത്തരം കാര്യങ്ങളില്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. ചാമ, ഗോതമ്പ്, കുവ കുറുക്കിയത് മുതലായവയൊക്കെ കഴിക്കാവുന്നതാണ്. നേന്ത്രക്കായയും, കിഴങ്ങുകളും, വന്‍പയറുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും വിശേഷമാണ്.
തിരുവാതിരയില്‍ ജപിക്കേണ്ട മന്ത്രങ്ങള്‍
തിരുവാതിര വ്രതം അനുഷ്ഠിക്കുന്ന വിവാഹിതരായ സ്ത്രീകള്‍ ഓം ശിവശക്തൈക്യ രൂപിണൈ്യ നമഃ എന്ന മന്ത്രം 108 ഉരു ജപിക്കുന്നത് ദാമ്പത്യ ക്ലേശങ്ങള്‍ അകലാനും ഒരുമയ്ക്കും കുടുംബ ഭദ്രതക്കും വളരെ നല്ലതാണ്. വിവാഹിതരല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളും ഓം സോമായ നമഃ എന്ന മന്ത്രം 108 തവണ തിരുവാതിര വ്രതത്തില്‍ ജപിക്കുന്നത് ഇഷ്ട ഭര്‍തൃ പ്രാപ്തിക്ക് ഉത്തമമാണ്. അവിവാഹിതരായ പുരുഷന്മാര്‍ ഓം ഉമാ മഹേശ്വരായ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ഇഷ്ട കളത്ര സൃഷ്ടിക്കും വളരെ ഉത്തമമാണ് . പഞ്ചാക്ഷരീ മന്ത്രം, ശിവ സഹസ്രനാമം, ശിവപുരാണം, ഉമാമഹേശ്വര സ്‌തോത്രം മുതലായവ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നവര്‍ പാരായണം ചെയ്യുന്നത് ഏറെ ഗുണകരമാണ്.
പാതിരാപ്പൂ ചൂടല്‍
തിരുവാതിര നക്ഷത്രം രാത്രിയില്‍ വരുന്ന ദിവസമാണ് ഉറക്കമിളക്കേണ്ടത്. തിരുവാതി വ്രതത്തില്‍ ഏറെ വിശേഷപ്പെട്ട ഒന്നാണ് പാതിരാപ്പൂ ചൂടല്‍ ചടങ്ങ്.ദശപുഷ്പങ്ങള്‍ തലയില്‍ ചൂടുന്ന ചടങ്ങാണിത്. പാതിരാപ്പൂ ചൂടുന്ന ചടങ്ങില്‍ പാടുന്നതിനായ പ്രാദേശിക വ്യത്യാസത്തിനനുസരിച്ച് കേരളത്തിലുടനീളം നിരവധി പാട്ടുകളുണ്ട്. ഓരോ പുഷ്പങ്ങളായെടുത്ത് അവയുടെ ദേവതകളെ പ്രാര്‍ത്ഥിച്ചുകൊണ്ടും സ്മരിച്ചു കൊണ്ടും പൂ ചൂടുന്നു. ഓരോ പുഷ്പം ചൂടുന്നതിനും ഓരോ ഫലങ്ങള്‍ പറയുന്നു.
"
https://www.facebook.com/Malayalivartha























