വ്യാപാരിയെ കാറിടിച്ചു കൊലപ്പെടുത്തിയ ശേഷം കടന്ന പ്രതികള്‍ കസ്റ്റഡിയില്‍, പെട്രോള്‍ ടാങ്കിനുള്ളില്‍ മറ്റൊരു അറയില്‍ ഒന്നരക്കോടി രൂപ!

ഇന്നലെ പുലര്‍ച്ചെ 5.45-ന് ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പിഡബ്ല്യുഡി ഓഫിസിനു സമീപം വച്ച് വഴിയാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെ കടന്നുകളഞ്ഞ കാര്‍ വളപട്ടണത്ത് വച്ച് പിടികൂടി. അപകടത്തില്‍ പരുക്കേറ്റ പച്ചക്കറി വ്യാപാരി കരുവാച്ചേരിയിലെ കുഞ്ഞിപ്പുരയില്‍ കെ.പി.തമ്പാന്‍ (61) മരിച്ചു. 1. 45 കോടിയോളം രൂപ കാറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി ഖാനാപൂര്‍ ഹിവാരെ സ്വദേശി എസ്.ബി. കിഷോര്‍ തനാജി (33), ഖാനാപൂര്‍ ബൂദ് സ്വദേശി സാഗര്‍ ബാലസോഗിലാരെ (21) എന്നിവരെ വളപട്ടണം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പച്ചക്കറി വ്യാപാരി വീട്ടില്‍ നിന്നിറങ്ങി കടയിലേക്കു നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തമ്പാന്റെ സംസ്‌കാരം ഇന്നു രാവിലെ 9-ന് കോട്ടപ്പുറത്തെ സമുദായ ശ്മശാനത്തില്‍. കരിവെള്ളൂര്‍ പുത്തൂരിലെ പരേതനായ അമ്പുവിന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: അരുണ്‍, അഖില്‍, അര്‍ച്ചന. മരുമക്കള്‍: തുഷാര (എസ്ബിഐ, നീലേശ്വരം). സൗമ്യ (ലാബ് ടെക്‌നിഷ്യന്‍, ചായ്യോത്ത്). സഹോദരി: ജാനകി.
നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കണ്ണൂര്‍ വളപട്ടണത്തു വച്ചു കാര്‍ കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ച എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തിയിരുന്നു. വളപട്ടണത്ത് കാര്‍ കസ്റ്റഡിയിലായെന്ന് അറിഞ്ഞതോടെ സംഘം സ്റ്റേഷനില്‍ എത്തി. പരിശോധനയിലാണ് പിന്‍ സീറ്റിന് അടിയിലെ രഹസ്യ അറയില്‍ പണം കണ്ടത്. പെട്രോള്‍ ടാങ്ക് രണ്ടായി ഭാഗിച്ച് മറ്റൊരു അറ കൂടി നിര്‍മിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്. പ്രതികളെ നീലേശ്വരം പൊലീസിന് കൈമാറി.
അപകടമുണ്ടായതിനു പിന്നാലെ സമീപജില്ലകളില്‍ ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പുറമേ കാറില്‍ സ്വര്‍ണം കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് സംഘവും പരിശോധന നടത്തുന്നുണ്ടായിരുന്നു. ഹൈവേ പൊലീസ് സംഘവും വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചു. തുടര്‍ന്നാണ് വളപട്ടണത്തു നിന്ന് കാര്‍ കസ്റ്റഡിയില്‍ എടുക്കുന്നത്.
വ്യാപാരിയെ ഇടിച്ചിട്ടു നിര്‍ത്താതെ എത്തിയതിനാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ കാര്‍ കസ്റ്റഡിയില്‍ എടുത്ത വിവരം അറിഞ്ഞതോടെ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്നു പൊലീസും എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കാറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുന്നത്.
കാറിന്റെ പിന്‍ സീറ്റിന് അടിയിലെ അറയില്‍ നിന്നു 1.45 കോടി രൂപ മതിപ്പുള്ള നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. പെട്രോള്‍ ടാങ്ക് രണ്ടായി വിഭജിച്ചായിരുന്നു അറ നിര്‍മിച്ചിരുന്നത്. 45000 നോട്ടുകള്‍ സംഘം കണ്ടെത്തി. തുക എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളെ നീലേശ്വരം പൊലീസിനു രാത്രിയോടെ കൈമാറി. അപകടവുമായി ബന്ധപ്പെട്ട കേസ് ഇവര്‍ റജിസ്റ്റര്‍ ചെയ്യും.
പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് എന്‍ഫോഴ്‌മെന്റ് വിഭാഗം ആയിരിക്കും കൈകാര്യം ചെയ്യുന്നത്. കുഴല്‍പ്പണമാണ് എന്നാണ് നിഗമനം.വളപട്ടണം സിഐ എം. കൃഷ്ണന്‍, എസ്‌ഐ പി. വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.നീലേശ്വരം എഎസ്ഐ പ്രേമന്‍, സിവില്‍ പൊലീസുകാരായ ജയചന്ദ്രന്‍ ഒളവറ, അജയന്‍ കരിവെള്ളൂര്‍ എന്നിവരാണ് നിര്‍ത്താതെ പോയ കാറിനെ കുറിച്ചു മറ്റു സ്റ്റേഷനുകളിലേക്ക് വയര്‍ലെസ് സന്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha























