ആകാംക്ഷയോടെ കേരളം... പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡി.ജി.പി.; നിയമവിരുദ്ധമായി ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി; കയ്യടിച്ച് ജനങ്ങള്‍

ഏതെങ്കിലുമൊരു സ്ഥലത്ത് ഒരു സംഭവം നടന്നാല്‍ പോലീസിനെ അറിയിച്ചാല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാറാണ് പലപ്പോഴും പറയുന്നത്. പരാതി നല്‍കിയാലോ, ഒരു പോലീസുകാരനെ വിട്ട് അയാളെ സ്റ്റേഷനില്‍ വിളിപ്പിക്കും. ഇപ്പോള്‍ ഫോണ്‍ ഉള്ളതിനാല്‍ വീട്ടില്‍ പോക്കും കുറവാണ്. സ്ത്രികളോ പ്രായമുള്ളവരോ എന്നൊന്നും പ്രശ്‌നമില്ല. അന്നേരം എല്ലാം മാറ്റിവച്ച് അവര്‍ പേടിച്ച് സ്റ്റേഷനിലെത്തും. പോലീസ് സ്റ്റേഷനില്‍ എത്തുന്നത് മൂലമുള്ള മാനസികാവസ്ഥയും ഒന്നും വിളിപ്പിക്കുന്നവര്‍ അറിയുന്നില്ല. ഇതില്‍ ഏറെ ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകള്‍. അതിനാല്‍ തന്നെ പലരും പരാതികള്‍ മൂടി വയ്ക്കും. ഇതിനെതിരെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ രംഗത്തെത്തിയിരിക്കുകയാണ്.
പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി. സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും വിളിച്ചുവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. നിയമവിരുദ്ധമായി ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
ക്രിമിനല്‍ നടപടിച്ചട്ടങ്ങളനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. എന്നാല്‍, വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലര്‍ത്തണം. സ്ത്രീകളുടെ മൊഴി വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് രേഖപ്പെടുത്തേണ്ടത്. അവര്‍ക്ക് നിയമസഹായവും ആരോഗ്യസംരക്ഷണ പ്രവര്‍ത്തകന്റെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണം.
മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള സ്ത്രീകളാണെങ്കില്‍ വ്യാഖ്യാതാവിന്റെയോ ഡോക്ടറുടെയോ സാന്നിധ്യത്തിലാവണം മൊഴിയെടുക്കേണ്ടത്. സ്ത്രീകളെ സാക്ഷിയായി പോലീസ് സ്‌റ്റേഷനിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ വിളിപ്പിക്കാന്‍ പാടില്ല. പരാതിക്കാരിയുടെ മൊഴി വീഡിയോ ആയോ ഓഡിയോ ആയോ രേഖപ്പെടുത്താം. മൊഴി രേഖപ്പെടുത്തിയതില്‍ ഒപ്പിടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളോട് ആവശ്യപ്പെടരുത്. എല്ലാ പോലീസ് സ്‌റ്റേഷന്‍ മേധാവികള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.
ജനകീയമായ നിരവധി തീരുമാനങ്ങളോടെ ശ്രദ്ധേയനായ ഡിജിപിയാണ് ലോക്‌നാഥ് ബഹ്‌റ. മലയാളത്തേയും മലയാളികളേയും ഏറെ ഇഷ്ടപ്പെടുന്ന ആള്‍ കൂടിയാണ് ബഹ്‌റ. താന്‍ മലയാളം പഠിച്ചത് സെക്കന്‍ഡ് ഷോ സിനിമ കണ്ടാണെന്നു ബെഹ്‌റ തന്നെ പറഞ്ഞിട്ടുണ്ട്. ഐപിഎസ് പരിശീലനം കഴിഞ്ഞു കേരള കേഡറില്‍ ചുമതലയേറ്റപ്പോള്‍ അന്നത്തെ ഡിജിപി എം.കെ. ജോസഫ് ആദ്യം നിര്‍ദേശിച്ചത് എല്ലാദിവസവും സെക്കന്‍ഡ് ഷോയ്ക്ക് മലയാളം സിനിമ കാണണം എന്നായിരുന്നു. ഹിന്ദി അറിയാവുന്ന ഡ്രൈവറെയും വിട്ടുതന്നു. ഇപ്പോഴും പോരായ്മകളുണ്ടെങ്കിലും മലയാളം പഠിച്ചെടുത്തത് അങ്ങനെയാണ്. ഭാഷ മാത്രം പഠിച്ചാല്‍ പോരാ, സംസ്‌ക്കാരത്തെക്കുറിച്ചുള്ള അറിവുകൂടിയുണ്ടെങ്കിലേ സിവില്‍ സര്‍വീസില്‍ ശോഭിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. വെല്ലു വിളികളെ കഴിവു തെളിയിക്കാനും പ്രശ്‌ന പരിഹാരത്തിനുമുള്ള അവസരമായി കാണണം. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നതു ചെറുപ്പം തൊട്ടേ ശീലമാക്കണമെന്നും വാര്‍ത്തകള്‍ വെറുതേ വായിച്ചാല്‍ പോരാ, അപഗ്രഥനശേഷി വളര്‍ത്തിയെടുക്കണമെന്നും ഒപ്പം ആശയവിനിമയത്തിനുള്ള കഴിവും വികസിപ്പിക്കണമെന്നും ബെഹ്‌റ പറഞ്ഞു.
"
https://www.facebook.com/Malayalivartha























