മരടിനു പിന്നാലെ തീരദേശ നിയമം ലംഘിച്ച് പണിത കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി

മരടിനു പിന്നാലെ തീരദേശ നിയമം ലംഘിച്ച് പണിത കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലില്‍ ഉള്ള നെടിയത്തുരുത് ദ്വീപില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കാനിരിക്കെയാണ് കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധി പുറത്ത് വന്നിരിക്കുന്നത്. തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന് 2013ല്‍ ആണ്, ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നത്.
ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍ അധ്യക്ഷന്‍ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് വിധിച്ചിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച നാല് ഫ്ളാറ്റുകള്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിപുലമായ തയ്യാറെടുപ്പുകളോടെ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചു കളയാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങുന്നത്.ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്ബനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു.
അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മ്മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























