നിമിഷങ്ങൾ എണ്ണി ഗോള്‍ഡന്‍ കായലോരം; കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധം സ്‌ഫോടനം നടത്തും; സ്ഫോടനം ഉച്ചയ്ക്ക് രണ്ടിന് ; കനത്ത വെല്ലുവിളി

തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഓരോന്നായി നിലം പതിച്ചപ്പോൾ ഇനി വിധി കാത്ത് അവശേഷിക്കുന്നത് ഗോള്‍ഡന്‍ കായലോരം മാത്രം. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ തീരുമാനിച്ചത്. 17 നിലകളിലായി 40 അപ്പാര്‍ട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുള്ളത്. 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാനായി വേണ്ടി വരുന്നത്.
ഗോള്‍ഡന്‍ കായലോരത്തില്‍ 960 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കള്‍ നിറച്ചിരിക്കുന്നത്. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്‌ഫോടനം നടത്തുക. ഗോള്‍ഡന്‍ കായലോരത്തിന് സമീപം ഒരു അങ്കണവാടിയും പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവുമുണ്ട്. ഇവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് സ്ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഫ്ലാറ്റിന് അഞ്ചുമീറ്റര്‍ അടുത്ത് അങ്കണവാടി കെട്ടിടം ഉള്ളതിനാല്‍ പൊളിക്കലിന് ഏറ്റവും വെല്ലുവിളി നേരിടുന്നതും ഗോള്‍ഡന്‍ കായലോരത്തിനാണ്. അങ്കണവാടി കെട്ടിടത്തില്‍ പതിക്കാതിരിക്കാനായി കെട്ടിടത്തെ പിളര്‍ത്തിയാണ് പൊളിക്കുക. ഒരു വശത്തെ അവശിഷ്ടങ്ങള്‍ 45 ഡിഗ്രിയില്‍ മുന്‍ഭാഗത്തേക്കും, മറ്റേത് 66 ഡിഗ്രിയില്‍ പിന്‍വശത്തേക്കും വീഴും. കുറച്ചുഭാഗം മധ്യത്തിലും. കെട്ടിടത്തിന്റെ തൂണുകള്‍ക്ക് ശക്തി കുറവായതിനാല്‍ ഏറ്റവും കുറവ് സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നത്.
ഫ്‌ലാറ് നിലംപതിക്കുമ്പോൾ 7100 ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്ലാറ്റില്‍ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ആദ്യം വൈദ്യുതി ഉപയോഗിച്ച് സ്ഫോടനം നടത്തിയ ശേഷം ടൈമര്‍ ഉപയോഗിച്ച് വലിയ സ്ഫോടനം നടത്തും. ഇതോടെ ഫ്ലാറ്റ് കെട്ടിടം തകര്‍ന്ന് നിലംപൊത്തും. ഫ്ലാറ്റ് പൊളിച്ച വിവരം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
https://www.facebook.com/Malayalivartha


























