തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി അഞ്ചുമാസമാകുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ ഇടതു വലതു മുന്നണികളിൽ സമ്പൂർണ മാറ്റത്തിന് കളം ഒരുങ്ങുന്നു. യു ഡി എഫിൽ സമ്പൂർണ അഴിച്ചുപണിക്ക് അരങ്ങൊരുങ്ങുമ്പോൾ ഇടതുമുന്നണിയിൽ പിണറായിക്കെതിരെയുള്ള കലാപങ്ങൾക്ക് താത്കാലിക ശമനത്തിന് സാധ്യതയുണ്ട്.
38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി 20 വിജയം നേടി. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.
ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനിൽ കല്ലറ ഡിവിഷൻ നിലനിറുത്താൻ യുഡിഎഫിനായി. എന്നാൽ കയ്യിലുണ്ടായിരുന്ന കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിന് നഷ്ടമായി. നിലവിലെ വാമനപുരം എംഎൽഎ സുധീർഷാ പാലോട് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച കല്ലറ ഡിവിഷനിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഏറക്കുറെ പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇതേ അവസ്ഥയാണ് യുഡിഎഫ് വിജയിച്ച ഭൂരിഭാഗം സ്ഥലങ്ങളുടെയും അവസ്ഥ.
സംസ്ഥാനം ഉറ്റുനോക്കിയിരുന്ന ചില സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് യുഡിഎഫിന് കനത്ത തിരിച്ചടിയായി. ഇതിൽ ഏറ്റവും പ്രധാനം രമ്യാഹരിദാസിന്റെ ചിറയിൻകീഴ് മണ്ഡലത്തിലെ രണ്ട് സീറ്റുകളാണ്. മംഗലപുരം മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന് നഷ്ടമായതിനൊപ്പം അഞ്ചുതെങ്ങ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും യുഡിഎഫിന് നഷ്ടമായി. ഒരുവാർഡ്കൂടി ലഭിച്ചതോടെ എൽഡിഎഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവുമായി. കയ്യാങ്കളി വിവാദമാണ് മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയായത്.
തിരുവനന്തപുരത്തിന് പുറമേ പാലക്കാട് ജില്ലയാണ് യുഡിഎഫിന് കനത്ത പ്രഹരമേൽപ്പിച്ച മറ്റൊരു ജില്ല. രണ്ടുസീറ്റുകൾ ഇവിടെ എൽ ഡി എഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫിന് നേടാനായത് വെറും ഒരു സീറ്റുമാത്രമാണ്. സുമേഷ് അച്യുതൻ എം എൽ എ ഒഴിഞ്ഞ ചിറ്റൂർ പരുത്തിക്കാവ് വാർഡ് എൽ ഡി എഫ് സ്വന്തമാക്കി. ഇരുകൂട്ടരും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പാണ് എൽ ഡി എഫിന് തുണയായത്. ആലത്തൂരിലും വിജയം എൽഡിഎഫിനായിരുന്നു.ഫാത്തിമ തെഹ്‌ലിയ, ഉഷ വിജയൻ എന്നിവർ എം എൽ എ ആയതോടെ ഒഴിവുവന്ന സീറ്റുകൾ യു ഡി എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ കനത്ത കുറവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യു ഡി എഫ് നിലനിർത്തിയെങ്കിലും ഉഷ വിജയൻ എം എൽ എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി ഇടിഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ലീഗിലെ ഫർസീന അറക്കൽ 436 വോട്ടിന് ജയിച്ചെങ്കിലും മുൻപ് ഫാത്തിമ തെഹ്‌ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്ന് നേടാനേ ആയുള്ളൂ.
വിഡി സതീശൻ സർക്കാരിനോടുള്ള മമത കുറഞ്ഞുവെന്നു തന്നെയാണ് രാഷ്ട്രീയകേരളം വിധിയെഴുതിയത്. അഞ്ചു മാസം കൊണ്ട് ഇത്രയും ഗുരുതരമായ ജനഹിതം ഉണ്ടായെങ്കിൽ ഒരു വർഷം കൊണ്ട് സംസ്ഥാന ഭരണം പൂർണമായും ജനവിരുദ്ധമാകുമെന്ന് കോൺഗ്രസ് നേതാക്കൾ കരുതുന്നു. ഇതിൽ പ്രധാനം മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിൽ നിന്നും അകന്നു എന്നതു തന്നെയാണ്.
വൻ പ്രതീക്ഷയാേടെയാണ് സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റിയത്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിന് ജനങ്ങൾ നൽകിയ ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതിൽ തെറ്റില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ലോഡ് ഷെഡിംഗ്, സ്ത്രീസുരക്ഷാ പെൻഷൻ മരവിപ്പിച്ചത് എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ തിരിച്ചടിക്ക് കാരണമായിചൂണ്ടിക്കാണിക്കാം. ഇതിനൊപ്പം സർക്കാരിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും.ലോഡ് ഷെഡിംഗാണ് തിരിച്ചടിക്ക് പ്രധാനകാരണം. എൽഡിഎഫ് ഭരിച്ച പത്തുവർഷവും ലോഡ് ഷെഡിംഗ് ഇല്ലായിരുന്നു. കടുത്തവേനലിൽ വൈദ്യുത ഉപഭോഗം കൂടിയപ്പോൾ അതിന് ലോഡ് ഷെഡിംഗ് അല്ലാതുള്ള പോംവഴി കണ്ടെത്താൻ അന്നത്തെ സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ അത്തരമൊരു പോംവഴി കണ്ടെത്താൻ പുതിയ സർക്കാരിനായില്ല. അതിന് ശ്രമിക്കാതെ എല്ലാം നേരത്തേയുണ്ടായിരുന്ന എൽഡിഎഫ് സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കാണ് മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെ ശ്രമിച്ചത്. ഇതെല്ലാം കാര്യക്ഷമതയുടെ കുറവായി ജനം കരുതിയിട്ടുണ്ടാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.എൽഡിഎഫിന് വീര്യം കൂടുംമൂന്നാമൂഴം പ്രതീക്ഷിച്ച് അങ്കത്തിനിറങ്ങിയ എൽഡിഎഫിന് ചരിത്രത്തിൽ ഇതുവരെയില്ലാത്ത തോൽവിയായിരുന്നു ജനങ്ങൾ സമ്മാനിച്ചത്. അതിന്റെ ആഘാതത്തിൽനിന്ന് പുറത്തുകടക്കാൻ അവർക്കായിരുന്നില്ല. നീണ്ട ഒരിടവേളയ്ക്കുശേഷം സിപിഎമ്മിൽ വീണ്ടും ഉൾപാർട്ടി പോര് ശക്തമാവുകയും ചെയ്തു. ഇതിന്റെയെല്ലാം ആഘാതത്തിൽനിന്ന് കരകയാൻ എൽഡിഎഫിനെയും സിപിഎമ്മിനെയും സഹായിക്കുന്ന ഒരു ഉത്തേജക ഔഷധമായിരിക്കും ഇപ്പോഴത്തെ ഈ വിജയം എന്നുകരുതുന്നവരും ഏറെയുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശൻ സൗജന്യ വിമാനയാത്ര നടത്തിയതിനെ കുറിച്ച് അദ്ദേഹത്തിന് വോട്ട് ചെയ്ത പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ആണുള്ളത്. കാരണം 10 വർഷത്തെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ആളാണ് സതീശൻ.അദ്ദേഹത്തിൽ വലിയ പ്രതീക്ഷയാണ് മലയാളികൾ വച്ചുപുലർത്തുന്നത്. എന്നാൽ നിക്ഷിപ്ത താല്പര്യങ്ങൾ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടോ എന്ന സന്ദേഹം വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. മന്ത്രി കെ എം ഷാജിയുടെ യാത്രാവാഹനത്തെ ന്യായീകരിച്ചതും മന്ത്രി ജിനീഷിന്റെ തുടർച്ചയായ വിദേശ യാത്രകളെ പിന്തുണച്ചതും സതീശന്റെ ഇമേജിന് കോട്ട് സംഭവിച്ചിട്ടുണ്ട് . ഇത്തരം കാര്യങ്ങളിൽ പക്വമായ തീരുമാനമെടുക്കുന്നതിന് പകരം ചൂടുള്ള ചർച്ചകളിൽ വീണ് മുഖ്യമന്ത്രി സ്വയം മറന്ന് സംസാരിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്.
മുഖ്യമന്ത്രിക്കെതിരെയുള്ള വാർത്തകൾക്ക് വലിയ പ്രചാരമാണ് മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സർക്കാരിൻ്റെ വാടക ഹെലികോപ്റ്ററിന് പുതിയ ശുപാർശകൾ മുന്നോട്ട് വെച്ച് ചിപ്സൺ ഏവിയേഷൻ കമ്പനി രംഗത്തെത്തി . ആവശ്യം അനുസരിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്നാണ് ശുപാർശ. എൽഡിഎഫ് കാലത്തെ കരാർ ഇന്നലെ സാഹചര്യത്തിലാണ് പുതിയ ശുപാർശ. മുഖ്യമന്ത്രിയാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.ഇതേ മുഖ്യമന്ത്രിയാണ് ചിപ് സണെ കണ്ണടച്ച് എതിർത്തത്.
ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സൺ കമ്പനി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക. അധികമുള്ള മണിക്കൂറിന് 90,000 രൂപ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നൽകണം. വാടക ഹെലികോപ്റ്റർ ധൂർത്തെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തിയത്. സർക്കാർ മാറിയിട്ടും നേരത്തെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നു.
കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നായിരുന്നു ശുപാർശ. പക്ഷെ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല. ഇതോടെയാണ് പുതിയ ശുപാശയുമായി ചിപ്സൺ ഏവിയേഷൻ സർക്കാരിനെ സമീപിച്ചത്. മലപ്പുറം യാത്രക്ക് വിമാനം നൽകിയതും കരാറും തമ്മിൽ ബന്ധമുണ്ടെന്ന് എല്ലാവരും സംശയിക്കുന്നു.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെപേരിൽ കേസെടുക്കാൻ ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ കത്തിൽ സതീശൻ സർക്കാർ പിണറായിയെ പിന്തുണച്ചതും കുഴപ്പത്തിൽ ചാടിച്ചു. പിണറായിക്കെതിരെ കേസെടുത്താൽ കേന്ദ്രഭരണമുള്ള ബി.ജെ.പി.ക്കുവേണ്ടിയാണെന്ന പഴി കേൾക്കേണ്ടിവരും. ഇല്ലെങ്കിലാവട്ടെ, ഒരു കേന്ദ്ര ഏജൻസി ഉന്നയിച്ച ഗുരുതരമായ പ്രശ്നത്തിൽ സർക്കാർ നിസ്സംഗത പുലർത്തിയെന്ന ആക്ഷേപവും ഉയരും.
അതിനാൽ, തുടർനടപടി സൂക്ഷിച്ചുമതിയെന്ന നിലപാടിലാണ് സർക്കാർ. കേസെടുപ്പ് നീണ്ടാൽ, പരാതിക്കാരനായ ബി.ജെ.പി. നേതാവ് കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമുണ്ട്. സങ്കീർണതകൾ ഏറെയുള്ളതിനാൽ, തുടർനടപടിക്ക് നിയമപരവും രാഷ്ട്രീയവുമായ സാധ്യതകൾ പരിശോധിക്കുകയാണ് സർക്കാർ. ഏതായാലും ഒടുവിൽ കേസെടുക്കേണ്ടി വരുമെന്ന നിലപാടിലാണ് സർക്കാർ.
രാജ്യമെങ്ങും പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാനുള്ള രാഷ്ട്രീയ ഉപകരണമായി ഇ.ഡി.യെ ബി.ജെ.പി. ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ദേശീയ നിലപാട്. കേരളത്തിൽ ശത്രുപക്ഷത്താണെങ്കിലും ദേശീയതലത്തിൽ ബി.ജെ.പി.യെ ചെറുക്കാനുള്ള ഇന്ത്യസഖ്യത്തിലാണ് കോൺഗ്രസും സി.പി.എമ്മും. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയുംപേരിൽ ഇ.ഡി. കേസെടുത്തപ്പോൾ കോൺഗ്രസിനെ സി.പി.എം. പിന്തുണച്ചിരുന്നു. പിണറായിക്കെതിരേ ഉടനടി കേസെടുക്കുന്നത് ഇന്ത്യസഖ്യത്തിലൊരു കല്ലുകടിയാവും.
അതേസമയം, വീണ ഉൾപ്പെട്ട എക്സാലോജിക് കേസിൽ തുടക്കംമുതലേ കേരളത്തിലെ കോൺഗ്രസ് പിണറായിയെ ഉന്നമിട്ടിരുന്നു. മാത്യു കുഴൽനാടൻ എം.എൽ.എ. സുപ്രീംകോടതിയെവരെ സമീപിച്ചു. നിയമസഭാതിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും പിണറായിക്കും നേരേ കേസ് ആയുധമാക്കി, സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണത്തിന്റെ മൂർച്ച കൂട്ടി. പിണറായിയെ എന്തുകൊണ്ട് ഇ.ഡി. തൊടുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നതുവരെ തർക്കങ്ങളെത്തി.
ഇ.ഡി.യിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്നാണ് സി.പി.എമ്മിന്റെ വിമർശനം. ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റുചെയ്തതും പിണറായിക്കെതിരേയുള്ള ആരോപണവുമൊക്കെ പാർട്ടി ഉയർത്തിക്കാട്ടുന്നു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കേസെടുത്താൽ പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുക. കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകൾ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്. 25 പേജുള്ള റിപ്പോർട്ട് സഹിതമാണ് ഡിജിപിക്ക് ഇ.ഡി കത്ത് നൽകിയത്. എന്നാൽ സർക്കാർ ഉരുണ്ടുകളി തുടർന്നു. ഇതും സതീശനെതിരെ ജനങ്ങളെ തിരിച്ചു.
എന്തായിരുന്നു കഴിഞ്ഞ വർഷത്തെ തദ്ദേശഫലം? അന്ന്
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെക്കാൾ യുഡിഎഫ് നേടിയത് ഏഴര ലക്ഷം വോട്ടാണ്. 2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കാൾ എൽഡിഎഫ് 5.40 ലക്ഷം വോട്ടിനു മുന്നിലെത്തിയിടത്തു നിന്നായിരുന്നു യുഡിഎഫിന്റെ മുന്നേറ്റം. രാഷ്ട്രീയ വോട്ടുകളായി കരുതപ്പെടുന്ന ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ മുന്നണികൾക്കു കിട്ടിയ വോട്ട് അടിസ്ഥാനമാക്കിയാണ് കണക്ക്. എൽഡിഎഫിനെക്കാൾ മൂന്നര ശതമാനം വോട്ടാണ് യുഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികം നേടിയത്.
ആകെ 89.69 ലക്ഷം വോട്ട് യുഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ തവണ കിട്ടിയ 79.07 ലക്ഷം വോട്ടിൽനിന്ന് അധികം ലഭിച്ചത് 10.62 ലക്ഷം വോട്ടാണ് . എൽഡിഎഫ് കഴിഞ്ഞ തവണ നേടിയ 84.48 ലക്ഷം വോട്ടിൽനിന്ന് 2.32 ലക്ഷം വോട്ട് ഇക്കുറി കുറഞ്ഞു– 2025 ൽ കിട്ടിയത് 82.16 ലക്ഷം വോട്ട്. 202O ൽ 31.65 ലക്ഷം വോട്ട് കിട്ടിയ എൻഡിഎക്ക് 32.17 ലക്ഷം വോട്ടാണ് ലഭിച്ചത്– വർധിച്ചത് അര ലക്ഷത്തോളം വോട്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യുഡിഎഫ് വോട്ടുവിഹിതത്തിൽ മുന്നിലെത്തിയപ്പോൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എൽഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിന് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയത് 6 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മലപ്പുറം ജില്ലയാണ്. ഇവിടെ 15.73 ലക്ഷം വോട്ട് യുഡിഎഫ് നേടിയപ്പോൾ 9.72 ലക്ഷം വോട്ട് മാത്രമാണ് എൽഡിഎഫിന്.
എറണാകുളത്ത് 1.41 ലക്ഷം വോട്ടുകൾ, കോട്ടയത്ത് 64,591, ഇടുക്കിയിൽ 63,249, കോഴിക്കോട്ട് 58,545, കാസർകോട്ട് 58,477, പത്തനംതിട്ടയിൽ 49,305, വയനാട്ടിൽ 47,300 എന്നിങ്ങനെയാണ് യുഡിഎഫിന്റെ മറ്റു ജില്ലകളിലെ ഭൂരിപക്ഷം.
എൽഡിഎഫിന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം കണ്ണൂരിലായിരുന്നു – 83,041 വോട്ടുകൾ. തൃശൂരിൽ 67,714, പാലക്കാട്ട് 65,406, തിരുവനന്തപുരത്ത് 43,137, കൊല്ലത്ത് 39,746, ആലപ്പുഴയിൽ 30,951 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഭൂരിപക്ഷം. 32.17 ലക്ഷം വോട്ടുകൾ ലഭിച്ച എൻഡിഎ എല്ലാ ജില്ലയിലും മൂന്നാം സ്ഥാനത്തു തന്നെ.
12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നാളെ തിങ്കളാഴ്ച നടന്നത്. ഭരണത്തുടര്‍ച്ചയ്ക്ക് ശേഷമുള്ള ആദ്യ ജനവിധിയായതിനാല്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ കൃത്യമായ ദിശാസൂചികയായി ഈ ഉപതിരഞ്ഞെടുപ്പ് ഫലം മാറുമെന്നാണ് വിലയിരുത്തപ്പെട്ടത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്‍തൂക്കത്തിന് പിന്നാലെ നിയമസഭയിലും വന്‍ വിജയം നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് തന്നെയായിരുന്നു മേല്‍ക്കൈ. അതുകൊണ്ട് തന്നെ സതീശന്‍ സര്‍ക്കാരിനൊപ്പം ജനമുണ്ടോ എന്നതിന്റെ കൃത്യമായ അളവുകോലായി ഈ 38 വാര്‍ഡുകളിലെ ഫലം മാറി.
പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും സജീവ ചര്‍ച്ചയായ പ്രചാരണത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഏറെ കരുതലോടെയാണ് നീങ്ങിയത്. .
38 വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. എട്ട് തദ്ദേശ വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ എം.എല്‍.എമാരായതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതാണ് പ്രധാനമായും ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന ജനവിധി ആയതിനാല്‍ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും ഈ ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമായി.
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് നിയമസഭാ വിജയത്തിന്റെ തുടര്‍ച്ചയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് അവര്‍ വിശ്വസിച്ചത്. മറുവശത്ത്, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായി. പാര്‍ട്ടി സംവിധാനം പൂര്‍ണമായും ഉപയോഗിച്ച് തിരിച്ചു വരവിനാണ് അവര്‍ ശ്രമിക്കുന്നത്. ഏതായാലും ഇരുമുന്നണികളിലും ഇനി മാറ്റത്തിന്റെ കാറ്റ് വീശും.
https://www.facebook.com/Malayalivartha


























