അജ്ഞാത അപകടത്തിൽ മരിച്ച ആദിത്യ പുതുജീവൻ നൽകുന്നത് അഞ്ച് പേർക്ക്; പുതുവർഷത്തെ ആദ്യ അവയവ ദാനം

വാഹനാപകടത്തിൽ മരിച്ച ആദിത്യൻ എന്ന യുവാവ് പുതുജീവിതം നൽകുന്നത് അഞ്ച് പേർക്ക്. ഇനി ആദിത്യന്റെ ഓർമ്മകൾ ഇവരിലൂടെ അനശ്വരമാകും. പുതുവർഷത്തിലെ ആദ്യ അവയവ ദാനത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
ശാസ്‌തമംഗലം ബിന്ദുലയിൽ കെ.വി. മനോജിന്റെ മകൻ ആദിത്യ ബി. മനോജാണ് (22) ആണ് വാഹനാപകടത്തിൽ മരിച്ചത്. ശാസ്‌തമംഗലം വെള്ളയമ്പലം റോഡിൽ ഡിസംബർ 29നാണ് അപകടമുണ്ടായത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മസ്‌തിഷ്‌ക മരണം ഡോക്ട്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ആദിത്യയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. പുതുവർഷത്തെ ആദ്യ അവയദാനമാണിതെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. അപകടത്തിന്റെ കാരണം ഇതുവരെയും പോലീസ് കണ്ടെത്തിയിട്ടില്ല. മറ്റൊരാളും ഇതേ അപകടത്തിൽ മരിച്ചിരുന്നു. റോഡ് മുറിച്ചുകടന്ന നെടുമങ്ങാട് വാളിക്കോട് ദാറുൽ ഷിഫായിൽ അബ്ദുൾ റഹീമാണ് (44) മരിച്ചത്. ഉൗബർ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ റഹീം ഓർഡറെടുത്തശേഷം റോഡ് മുറിച്ചുകടക്കവേയാണ് അപകടത്തിൽപ്പെട്ടത്. സി.സി ടി.വി ദൃശ്യങ്ങളുടെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സഹായത്തോടെ പോലീസ്അന്വേഷണം തുടരുകയാണ്. അമിതവേഗത്തിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ റോഡ് മുറിച്ചുകടന്ന റഹീമിനെ ആദിത്യയുടെ ബൈക്ക് ഇടിക്കുകയായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ എത്തിയിരിക്കുന്നത് . അപകടസ്ഥലത്ത് ഇതേ സമയത്തുണ്ടായിരുന്ന കാർ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ആദിത്യ അന്നുമുതൽ അബോധാവസ്ഥയിലായിരുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല . മാർ ഗ്രിഗോറിയോസ് ലാ കോളേജിലെ നാലാം വർഷ നിയമ വിദ്യാർത്ഥിയായിരുന്നു ആദിത്യ. അമ്മ ബിന്ദു. സഹോദരി സ്വാസ്‌തിക.
പുതുവർഷത്തിലെ ആദ്യ അവയവദാതാവായി ആദിത്യ മാറുമ്പോൾ മകന്റെ അവയവങ്ങൾ അഞ്ച് പേരിൽ തുടിക്കുന്നതിന്റെ ആശ്വാസമാണ് വീട്ടുകാർക്ക്. ആദിത്യയുടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ കിംസ് ആശുപത്രിയിലെ ട്രാൻസ്‌പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജർ ഡോ. മുരളീധരൻ അവയവദാനത്തിന്റെ പ്രസക്തി കുടുംബാംഗങ്ങളെ ധരിപ്പിക്കുകയായിരുന്നു .തുടർന്ന് തീരാവേദനയിലും മാതാപിതാക്കൾ അവയവദാനത്തിന് തയ്യാറായി. സർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിട്ടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ.എ. റംലാബീവി അവയവദാനത്തിന് വേണ്ട നടപടികൾ സ്വീകരിച്ചു. ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങൾ കണ്ണാശുപത്രിയിലും ആണ് നൽകിയത് . മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ.എം.കെ. അജയകുമാർ, നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ അവയവ ദാനത്തിനു നേതൃത്വം നൽകി.
അവയവദാനം മഹാ ദാനമാണ്. ഒരാളുടെ മരണത്തിനുശേഷവും അയാൾ പലരിൽ ജീവിക്കും. മറ്റൊരാളിലൂടെ നമുക്ക് മരണപ്പെട്ട വ്യക്തിയെ വീണ്ടും കാന സാധിക്കും. നമുക്ക് വേണ്ടപ്പെട്ടവർ ഈ ലോകത്തോട് വിട പറയുമ്പോൾ നമുക്ക് അവർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തായ കാര്യമാണ് അവയവ ദാനം.
https://www.facebook.com/Malayalivartha


























