കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയ്ക്കായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കും, ഐ ഐ ഐ ടി എം കെ ഡിജിറ്റല്‍ സര്‍വകലാശാലയാകും
കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുന്നത്. 1038 കോടി രൂപയാണു ചെലവ്.
നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് വ്യവസായ ഇടനാഴി കൊച്ചിയിലേക്കു നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണു ലക്ഷ്യമിടുന്നത്. പുതുശേരി, ഒഴലപ്പതി ഭാഗങ്ങളിലാണു ഭൂമി ഏറ്റെടുക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്- കേരളയെ (ഐഐഐടിഎംകെ) ഡിജിറ്റല്‍ സര്‍വകലാശാലയായി ഉയര്‍ത്തും. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യും. 'ദ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി' എന്ന പേരിലായിരിക്കും പുതിയ സര്‍വകലാശാല.
ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യവസായവും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ രൂപീകരണം. ഡിജിറ്റല്‍ ടെക്‌നോളജിയെന്ന വിശാല മണ്ഡലത്തില്‍ നൂതന ഗവേഷണവും സംരംഭകത്വവും വളര്‍ത്തുന്നതിനും വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് സര്‍വകലാശാല രൂപീകരിക്കുന്നത്.
ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വകലാശാലയ്ക്കു കീഴില്‍ അഞ്ച് സ്‌കൂളുകള്‍ സ്ഥാപിക്കും. ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, കോഗ്‌നിറ്റീവ് സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഓഗ്‌മെന്‍ഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാല ഊന്നല്‍ നല്‍കും.
സ്‌കൂള്‍ ഓഫ് കംപ്യൂട്ടിങ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് ഡിസൈന്‍ ആന്റ് ഓട്ടമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോ സയന്‍സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്‌കൂളുകള്‍.
https://www.facebook.com/Malayalivartha