വീട്ടില്‍ക്കയറി മൂന്നംഗസംഘം ആക്രമിച്ച യുവാവിന് തലയ്ക്കു ഗുരുതര പരുക്ക്

ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കെഎഎസ് പരീക്ഷയെഴുതി വീട്ടിലെത്തിയ മുട്ടപ്പലം ഷീജ നിവാസില്‍ വിനോദ് കുമാറി(38)നു ഗുണ്ടാസംഘത്തിന്റെ മാരകമായ അക്രമണത്തില്‍ ഗുരുതരപരുക്കേറ്റു. രണ്ടുകാറുകളിലായി ആയുധങ്ങളുമായെത്തിയാണ് മൂന്നംഗസംഘം അക്രമമഴിച്ചുവിട്ടത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഏഴരമണിയോടെ വിനോദ്കുമാറിന്റെ വീട്ടിലാണു സംഭവം .
വിനോദ്കുമാര്‍ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് ഓഫിസിലെ ജീവനക്കാരനാണ്. വീട്ടിനുള്ളിലേക്ക് നിലവിളിച്ചുകൊണ്ട് ഓടിക്കയറുന്നതിനിടെ ഇരുമ്പുവടിയുപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ മാതാവിനെ അക്രമികള്‍ തള്ളിത്താഴെയിടുകയും ഭീഷണിയുയര്‍ത്തിയശേഷം അമ്മയുടെ മുന്നിലിട്ടു വിനോദിന്റെ കാലുകള്‍ അടിച്ചൊടിക്കുകയും ചെയ്തു. ഇടതുകാല്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്.
പൊലീസിനെ അറിയിച്ചാല്‍ സ്ഥിതി ഗുരുതരമാവുമെന്നു ഭീഷണിയുയര്‍ത്തിയ അക്രമികള്‍ ഏറെനേരം ആയുധങ്ങളുമായി സ്ഥലത്തു ഭീതിപരത്തുകയും ചെയ്തു. നിലവിളികേട്ടു സമീപവീടുകളില്‍ നിന്ന് ആളുകള്‍ എത്തിയതോടെ അക്രമികള്‍ വന്ന കാറുകളില്‍ സ്ഥലം വിട്ടു. രക്തത്തില്‍ കുളിച്ചു ബോധരഹിതനായി വീടിനുപുറത്തു കിടന്ന വിനോദിനെ സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി. അപകടനില തരണം ചെയ്തിട്ടില്ലെന്നറിയുന്നു. വീട്ടമ്മയ്ക്കും സാരമായ പരുക്കേറ്റു.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടുയര്‍ന്ന വാക്കുതര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നറിയുന്നു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇവരുടെ കാറും അക്രമിസംഘം തല്ലിത്തകര്‍ത്ത നിലയിലാണ്. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നാലുദിവസം മുന്‍പു ചിറയിന്‍കീഴ് വടക്കേ അരയതുരുത്തിയിലും സമാനമായ അക്രമം നടന്നിരുന്നു. രാത്രി വീട്ടിലെത്തിയ അക്രമികള്‍ ഗൃഹനാഥനെയും ഭാര്യയേയും മര്‍ദിച്ചവശരാക്കുകയും വീടിനു തീയിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























