ഇങ്ങനെയാവണം സാര്‍... യാചകനെ പോലെ സ്വീകരിച്ച് രാജാവിനെപ്പോലെ വാഴുക എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി യൂസഫലി ലോകത്തിന്റെ നെറുകയിലേക്ക്; മലയാളി മുതലാളിമാരെ ബഹുദൂരം പിന്നിലാക്കി യൂസഫലി കുതിക്കുമ്പോഴും വന്നിടം മറന്നിട്ടില്ല; പതിനായിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നല്‍കുന്ന യൂസഫലിക്ക് പ്രവാസികളുടെ കയ്യടി

മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന ആളായി യൂസഫലി മാറിയിരിക്കുകയാണ്. ലോകത്തെ ശതകോടീശ്വരന്‍മാരുടെ കണക്ക് പുറത്ത് വരുമ്പോള്‍ ഞെട്ടിയിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ മുതലാളിമാരാണ്. കഠിനാധ്വാനത്തിലൂടെ ജീവിതത്തിലെ വലിയ പടവുകള്‍ കയറിയ യൂസഫലി കുതിക്കുകയാണ്. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ യൂസുഫലി നേടിയത്. കൂടാതെ യൂസുഫലി തന്നെയാണ് ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയും. പട്ടികയില്‍ ഒന്നാമതെത്തിയത് മാജിദ് അല്‍ ഫുത്തെം ആണ്. ഖലാഫ് അല്‍ ഹബ്തൂര്‍ കുടുംബമാണ് രണ്ടാം സ്ഥാനത്ത്. 37 വയസുള്ള ദിവ്യാങ്കനാണ് ഏറ്റവും പ്രായം കുറഞ്ഞ സമ്ബന്നന്‍. മീഡിയാ നെറ്റ് സ്ഥാപനങ്ങളുടെ മേധാവിയായ ദിവ്യാങ്കിന് 1.9 ബില്യന്‍ ഡോളറിന്റെ സ്വത്തുണ്ട്.
മനുഷ്യ സ്‌നേഹിയായ യൂസഫലിയുടെ വിശേഷണം ഏറെയാണ്. അന്താരാഷ്ട്ര റീട്ടെയ്ല്‍ രംഗത്തെ അതികായന്‍, ലോകത്തെ നാനൂറ് ശതകോടീശ്വരന്‍മാരില്‍ ഒരാള്‍, ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി, പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍, 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ അധിപന്‍, പ്രവാസി ബിസിനസ് രംഗത്തെ പ്രമുഖ നാമം എം കെ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍... ലോക വ്യവസായങ്ങളുടെ തലപ്പത്ത് എത്തിയ മുസലിയാം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ യൂസഫലി എന്ന എം.എ. യൂസഫലി വിജയപഥങ്ങളില്‍ യാത്ര തുടരുകയാണ്. കോടികളുടെ ബിസിനസ് കയ്യാളുമ്പോഴും ലാളിത്യവും എളിമയും കൊണ്ട് സാധാരണക്കാരക്കാര്‍ക്കു പോലും പ്രിയങ്കരനാണ് ബിസിനസ് ലോകത്തെ ഈ ആരാധ്യപുരുഷന്‍.
ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിയും ബിസിനസ് സംരംഭങ്ങള്‍ വളര്‍ത്തിയും ശ്രദ്ധേയനായ യൂസഫലി എന്ന മലയാളി വ്യവസായി പറയുന്നത്, എത്ര ചെറിയ തൊഴിലില്‍നിന്നും വന്‍കിട ബിസിനസ് കെട്ടിപ്പടുക്കാം എന്ന് തെളിയിക്കുന്ന ജീവിതകഥയാണ്.
ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങിയതുമുതല്‍ കേരളത്തില്‍ നിക്ഷേപം നടത്തിയതുവരെ റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ മടി കാണിച്ചില്ല എന്നതാണ് യൂസഫലിയുടെ വിജയരഹസ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വെല്ലുവിളികളെ നേരിട്ട് വിജയം കൊയ്തതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ വ്യവസായി. തന്റെ വിജയത്തിനൊപ്പം നാടിന്റെ വികസനവും ഈ തൃശൂര്‍ക്കാരന്റെ സ്വപ്നമാണ്. റിസ്‌കാണ് ഇന്നും തന്റെ വിജയത്തിന് പിന്നിലെന്ന് യൂസഫലി അവകാശപ്പെടുന്നു.
അനാവശ്യമായ വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ തങ്ങളെ കാത്തിരിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം യുവതലമുറയെ ഓര്‍മ്മിപ്പിക്കുന്നു.
തൃശൂര്‍ നാട്ടിക മുസലിയാം കുടുംബക്കാര്‍ പാരമ്പര്യമായി കച്ചവടക്കാരായിരുന്നു. അബ്ദുള്‍ ഖാദറിന്റെ മകന്‍ യൂസഫലിയും ആ വഴിതന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പിതാവായ എം.കെ അബ്ദുള്‍ ഖാദര്‍ ഹാജിയും അദ്ദേഹത്തിന്റെ പിതാവ് കുഞ്ഞഹമ്മു ഹാജിയും സഹോദരങ്ങളുമെല്ലാം ബിസിനസ് വഴികളിലായിരുന്നു. കച്ചവടത്തില്‍ സഹായിക്കുന്നതോടൊപ്പം ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കി യൂസഫലി. എന്നാല്‍ അവസരങ്ങള്‍ യൂസഫലിയെ കാത്തിരുന്നത് അബുദബിയിലായിരുന്നു. പിതൃസഹോദരനായ എം. കെ അബ്ദുള്ള തുടങ്ങിയ എം.കെ സ്‌റ്റോറില്‍ ചേരാനായി ബോംബെയില്‍ നിന്ന് അബുദബിക്ക് യാത്ര തിരിക്കുമ്പോള്‍ ആരും കരുതിയില്ല അത് ചരിത്രം സൃഷ്ടിക്കുമെന്ന്. യൂസഫലിക്ക് അന്ന് വയസ് 18 ആയിരുന്നു. 1973 ഡിസംബറിലായിരുന്നു അത്.
കപ്പലില്‍ ദിവസങ്ങളോളം കഷ്ടപ്പെട്ട് കടലുകള്‍ താണ്ടി ദുബായിലെത്തിയപ്പോള്‍ പൊള്ളുന്ന മരുഭൂമിയാണ് കാത്തിരുന്നത്. 1983ല്‍ ഹോങ്കോങും ഓസ്‌ട്രേലിയയും സന്ദര്‍ശിച്ച് സിംഗപ്പൂര്‍ വഴി തിരിച്ചുവരുമ്പോള്‍ അവിടത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ചതോടെയാണ് സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയം തനിക്കും സാധിക്കുമോ എന്ന ചിന്ത യൂസഫലിയുടെ മനസിലുടക്കിയത്.
സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സ്വപ്നത്തിനായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാവുന്ന സമയത്താണ് 1990 ല്‍ ഗള്‍ഫ് യുദ്ധമെത്തിയത്.
പ്രശ്‌നഘട്ടത്തിലും തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ തയ്യാറായ യൂസഫലിക്ക് അബുദബിയുടെ ഭരണകര്‍ത്താക്കളായ അല്‍ നഹ്യാന്‍ കുടുംബം നഗരമധ്യത്തില്‍ 28 ഏക്കര്‍ സ്ഥലം സ്വന്തമായി വീട് വയ്ക്കാന്‍ നല്‍കി. ഇതോടൊപ്പം അനുവദിച്ച സ്ഥലത്താണ് 600 കോടി രൂപ മുടക്കി മുഷ്‌റിഫ് മാള്‍ യൂസഫലി നിര്‍മിച്ചത്. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റും ഡിപ്പാര്‍ട്‌മെന്റല്‍ സ്‌റ്റോറും ഹൈപ്പര്‍മാര്‍ക്കറ്റും കടന്ന് രാജ്യാന്തര ഷോപ്പിംഗ് അനുഭവവുമായി മാളുകള്‍ വരെ അദ്ദേഹത്തിന്റെ വ്യവസായ ശൃംഖല നീണ്ടു. റീട്ടെയില്‍ മേഖലയ്‌ക്കൊപ്പം മൊത്ത വ്യാപാരം, ഭക്ഷ്യസംസ്‌കരണം, കയറ്റുമതിഇറക്കുമതി, ഷിപ്പിംഗ്, ഐ ടി, ഹോട്ടല്‍ തുടങ്ങിയ മേഖലകളിലും ഇന്ന് ലുലു ഗ്രൂപ്പിന്റെ നിറഞ്ഞ സാന്നിധ്യമുണ്ട്.
30ഓളം രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 41,000 പേര്‍ ലുലു ഗ്രൂപ്പ് സംരംഭങ്ങളില്‍ ജോലി ചെയ്യുന്നു. ഇതില്‍ 25,000 ത്തിലേറെയും മലയാളികളാണ്. കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനത്തിലേറെ വരുന്നത് റീട്ടെയ്‌ലില്‍ നിന്നുതന്നെ.
പരോപകാരിയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളിലിടം നേടിയ ആളുമാണ് യൂസഫലി. പത്തനാപുരം ശാന്തിഭവന്‍ പുതിയ ഹെടെക് കെട്ടിടത്തിന് 10 കോടിയാണ് അദ്ദേഹം നല്‍കിയത്.
ചെറിയൊരു ഗ്രോസറി ഷോപ്പില്‍നിന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഷോപ്പിങ് മാളുകളിലേക്കും 45 വര്‍ഷം കൊണ്ട് ലുലു ഗ്രൂപ്പ് വളര്‍ന്നത് മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടാണെന്ന് യൂസഫലി എടുത്തുപറയും. ഏതൊരു വ്യക്തിക്കും സ്വപ്നം കാണാനാവുന്നതിലുമേറെ സമ്പത്തിനുടമയാണെങ്കിലും ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും എളിമയും ലാളിത്യവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. രാഷ്ട്രീയ, മതഭേദങ്ങളില്ലാതെ എല്ലാ വ്യക്തികളെയും സഹോദരങ്ങളായി കാണാനാവുന്നതും അദ്ദേഹത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നു. അങ്ങനെയാണ് യൂസഫലി നമ്മുടെ ഹൃദയങ്ങളില്‍ ഇടം നേടുന്നതും.
https://www.facebook.com/Malayalivartha

























