അന്താരാഷ്ട്ര വനിതാദിനം: മാര്‍ച്ച് 1 മുതല്‍ 8 വരെ വാരാചരണ പരിപാടികള്‍; സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മാര്‍ച്ച്-7 ന് മുഖ്യമന്ത്രി നിര്‍വഹിക്കും: മാര്‍ച്ച് 7ന് എല്ലാ ജില്ലകളിലും രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ്

ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 'സ്ത്രീകളുടെ അവകാശത്തിന് തലമുറകളുടെ തുല്യത' എന്ന യു.എന്‍. ആശയം ലക്ഷ്യമാക്കി മാര്‍ച്ച് 1 മുതല്‍ 8 വരെ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വനിത കമ്മീഷന്‍, ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡ്, വനിത വികസന കോര്‍പറേഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, കുടുംബശ്രീ, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് വനിത ശിശുവികസന വകുപ്പ് രൂപീകൃതമായിട്ട് രണ്ട് വര്‍ഷം തികയുകയാണ്. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി നിരന്തര ഇടപെടലുകളാണ് നടത്തുന്നത്. പൊതുജന പിന്തുണ ഉറപ്പാക്കി ഇവ സാക്ഷാത്ക്കരിക്കാനാണ് 'സധൈര്യം മുന്നോട്ട്'ന്റെ ഭാഗമായി ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനം ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന വാരാചരണമാക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
മാര്‍ച്ച് ഒന്നിന് സര്‍ഗ, രണ്ടിന് ധിഷണ, മൂന്നിന് രജനി, നാലിന് നീതി, അഞ്ചിന് അഭിനയ, ആറിന് വിദ്യ, ഏഴിന് ശക്തി, എട്ടിന് വനിതാദിന പുലരി എന്നിങ്ങനേയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവും മാര്‍ച്ച് 7ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അന്നേദിവസം രാത്രി 8.30 മണിമുതല്‍ എല്ലാ ജില്ലകളിലും വിവിധ സംഘനകളുടെ നേതൃത്വത്തില്‍ രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ് ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടി വലിയ വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.
മാര്‍ച്ച് 1: സര്‍ഗ
രാവിലെ 10ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മതിലുകളില്‍ ചുമര്‍ ചിത്രരചനാ മത്സരം ഉണ്ടായിരിക്കുന്നതാണ്. 'ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും' എന്നതാണ് വിഷയം.
മാര്‍ച്ച് 2: ധിഷണ
രാവിലെ 10ന് തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ വച്ച് 'സ്ത്രീപക്ഷ കേരളം' എന്ന വിഷയത്തെ ആസ്പദമാക്കി കേരള വനിത വികസന കോര്‍പറേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കോഴിക്കോടും കൊല്ലത്തും ലോണ്‍ മേളയും സംഘടിപ്പിക്കുന്നുണ്ട്.
മാര്‍ച്ച് 3: രജനി
വൈകുന്നേരം 4.30ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്നും സ്ത്രീകള്‍ പങ്കെടുക്കുന്ന ഇരുചക്രവാഹന റാലി ഉണ്ടായിരിക്കുന്നതാണ്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാനവീയം വീഥിയിലെ നീര്‍മാതളച്ചുവട്ടിലാണ് ഈ റാലി എത്തിച്ചേരുത്. തുടര്‍ന്ന് കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കും.
മാര്‍ച്ച് 4: നീതി
രാവിലെ 10ന് കേരള സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗാര്‍ഹിക പീഡന നിയമം, തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡന നിയമം എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍ ഉണ്ടായിരിക്കുന്നതാണ്.
മാര്‍ച്ച് 5: അഭിനയ
രാവിലെ 10ന് തിരുവനന്തപുരം സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വകുപ്പിലെ ജീവനക്കാരുടെയും സ്ഥാപനത്തിലെ താമസക്കാരുടെയും വിവിധ കലാപരിപാടികള്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 2ന് സ്ത്രീകള്‍ക്കായുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ സമാഹാര പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നതാണ്.
മാര്‍ച്ച് 6: വിദ്യ
രാവിലെ 10ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ 'ജ്യോതിഷവും ജ്യോതി ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി കേരള സര്‍വകാലാശാല സംഘടിപ്പിക്കുന്ന സെമിനാര്‍ നടക്കും. രാവിലെ 11.30ന് സ്ത്രീ ധനത്തിനെതിരെയുള്ള പ്രഭാഷണവും പ്രതിജ്ഞയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1 ന് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സംഘടിപ്പിക്കുന്ന ചലിക്കുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ചലിക്കുന്ന ചിത്ര പ്രദര്‍ശനം കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നതാണ്.
മാര്‍ച്ച് 7: ശക്തി
ഉച്ചയ്ക്ക് 1 ന് തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ എട്ടാം നിലയില്‍ വച്ച് വണ്‍ ഡേ ഹോം ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
വൈകുന്നേരം 4ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 2019 വര്‍ഷത്തെ വനിതാരത്‌ന പുരസ്‌ക്കാരം, സര്‍ഗ അവാര്‍ഡ്, നൈറ്റ് വാക്ക് അവാര്‍ഡ്, വെബ്‌സൈറ്റ് ഉദ്ഘാടനം, വിമണ്‍ പോര്‍ട്ടല്‍, ആനിമേഷന്‍ സീരീസ് ലോഞ്ച്, പത്മശ്രീ നേടിയ വനിതകളെ ആദരിക്കല്‍, മികച്ച വനിതാ സംരംഭകരെ ആദരിക്കല്‍, ഐസിഡിഎസ് അവാര്‍ഡ്, മറ്റ് കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
രാത്രി 8.30 മുതല്‍ ജില്ലാ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി കൂട്ടായ്മ, റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ഗാന്ധിപാര്‍ക്കിലേക്ക് നൈറ്റ്‌വാക്ക്, ബൈക്ക് റൈഡ്, നൈറ്റ് ഷോപ്പിംഗ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇതുകൂടാതെ എല്ലാ ജില്ലകളിലും നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നതാണ്. രാത്രി 10ന് ഗാന്ധി പാര്‍ക്കില്‍ വിവിധ കലാപരിപാടികളും രാത്രി 12ന് രാത്രി നടത്തവും ഉണ്ടായിരിക്കും. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് വനിതാ പുലരി ആഘോഷങ്ങളോടെയാണ് വനിതാ വാരാചരണത്തിന്റെ സമാപനം.
https://www.facebook.com/Malayalivartha

























