ചങ്ങനാശേരിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മരിച്ചത് മൂന്ന് പേർ; ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായി ചികിത്സയില്‍; സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍; തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം

ചങ്ങനാശേരിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മരിച്ചത് മൂന്ന് പേര്‍. സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി നാട്ടുകാര് രംഗത്തെത്തി. ഇവിടെയുള്ള ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായി ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയും മരിച്ചു. ഇതില്‍ ആദ്യം മരിച്ച എരുമേലി സ്വദേശിയായ യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. മരണകാരണം ന്യൂമോണിയയാണെന്നായിരുന്നു വിശദീകരണം. ഇതിനുപിന്നാലെയായിരുന്നു രണ്ടുപേര്‍ കൂടി മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജിൽവച്ചാണ് മൂന്നാമത്തെയാള്‍ മരിച്ചത്.
അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. ഛർദ്ദി, കാലിൽ നീര് എന്നിവയാണ് രോഗലക്ഷണങ്ങൾ. വിവരമറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാര്‍ ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു റിപ്പോര്‍ട്ടും പുറത്തുവന്നില്ല. അതേസമയം ഉയര്‍ന്ന ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന് തൃക്കൊടിത്താനം പഞ്ചായത്തിലെ 13ാം വാര്‍ഡ് അംഗം നിതിന്‍ പറഞ്ഞു.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ദ്ധ സംഘം എത്തി പരിശോധന നടത്തി. ഒറ്റ രാത്രി കൊണ്ട് ഒൻപത് പേര്‍ക്ക് വൈറസ് ബാധയുണ്ടായെന്നാണ് നിഗമനം. കൊവിഡ് 19,എച്ച് വണ്‍ എന്‍ വണ്‍ എന്നിവയൊന്നും മരിച്ചവര്‍ക്കുണ്ടായിരുന്നില്ല എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത് കൊവിഡ്19, എച്ച്1എൻ1 വൈറസുകളല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. മാത്രമല്ല മരിച്ച രോഗികളുടെ സാമ്ബിളുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
സംഭവം വാര്‍ത്തയായതിന് പിന്നാലെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. റിട്ട. പോലീസുകാരന്‍ നടത്തുന്ന അഗതിമന്ദിരത്തില്‍ മാനസികരോഗികളെയാണ് പാര്‍പ്പിച്ചിരുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്ന് മരണങ്ങളില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ ഡി.എം.ഒ. അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തി. തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അഗതിമന്ദിരത്തില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ശനിയാഴ്ച മരിച്ച അന്തേവാസിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉച്ചകഴിഞ്ഞും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്ക് അയക്കും. തൃക്കൊടിത്താനത്തെ ഈ അഗതിമന്ദിരത്തിനെതിരേ നേരത്തെ തന്നെ നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദുരൂഹതയുണര്‍ത്തി മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തത്.
https://www.facebook.com/Malayalivartha

























