എന്തുകൊണ്ട് അമ്മ ഫേമസ്... പാമ്പു കടിയേറ്റാല്‍ പിന്നെ ചേക്കാട്ടുതറ അമ്മ തന്നെ ശരണം; ആധുനിക വൈദ്യ ശാസ്ത്രത്തിന് പിറകേ എല്ലാവരും പോകുമ്പോഴും എണ്‍പത്തിയഞ്ചാം വയസിലും അമ്മയെത്തേടി പോകുന്നത് അനേകര്‍; അമ്മയ്ക്ക് എങ്ങനെ പ്രശസ്തി നേടിക്കൊടുക്കുന്നു എന്ന തെളിവുകള്‍ നിരത്തി ഡോ. ഷാനവാസ്

പാമ്പ് കടിയേറ്റാല്‍ ആലപ്പുഴക്കാരുടെ മനസില്‍ ഒന്നേയുള്ളു ചേക്കാട്ടുതറ അമ്മ. നിരവധി ആളുകളേയാണ് അമ്മ പാമ്പിന്‍ വിഷത്തില്‍ നിന്നും മുക്തമാക്കിയത്. ഇരുപതിനായിരത്തിലേറെപ്പേരെയാണ് ഈ മുത്തശ്ശി മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതെന്ന വാര്‍ത്ത അമ്മയെ ഏറെ പ്രശസ്തമാക്കി. അപൂര്‍വമായ ആയുര്‍വേദ ചികിത്സാക്കൂട്ടുകൊണ്ടാണ് ചികിത്സ. കൊടും വിഷമുള്ള പാമ്പിന്റെ കടിയേറ്റ് 30 ദിവസം വരെ അബോധാവസ്ഥയില്‍ കിടന്നയാളെ രക്ഷിച്ച സംഭവം വരെയുണ്ട്. എണ്‍പത്തിയഞ്ചാം വയസിലും പ്രായത്തിന്റെ അവശതകളെ അവഗണിച്ച് രാജമ്മ നിയോഗം തുടരുകയാണ്.
അതിനിടെ ചേക്കാട്ടുതറ അമ്മയെ പൊളിച്ചടുക്കിയുള്ള പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ഡോ. ഷാനവാസ് രംഗത്തെത്തി.
ഷാനവാസിന്റെ പോസ്റ്റ് ഇങ്ങനെയാണ്
ഉഗ്രവിഷമുള്ള ഏത് പാമ്പിന്റെ കടിയേറ്റാലും ചികിത്സിക്കാനുള്ള വൈദ്യം ചെക്കാട്ടുതറ അമ്മയുടെ കയ്യിലുണ്ട് എന്നാണ് പത്ര വാര്‍ത്ത പറയുന്നത്.
എന്ത് കൊണ്ടാണ് ചെക്കാട്ടുതറ അമ്മയെ പോലുള്ളവര്‍ക്ക് ഇത്ര പ്രശസ്തി കിട്ടുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
കാരണം പറയാം...
ഞാന്‍ എംഡി ജനറല്‍ മെഡിസിന്‍ പിജി ചെയ്യുന്ന സമയത്ത്, ഒരു നിശ്ചിത കാലത്തേക്ക് വന്ന എല്ലാ പാമ്പ് കടിച്ചു എന്ന് പറഞ്ഞു വന്ന കേസുകളുടെ ലിസ്റ്റ് എടുത്തു ഒരു പഠനം നടത്തുകയുണ്ടായി .
മൊത്തം 24 കേസുകള്‍ ഉണ്ടായിരുന്നു. പാമ്പ് കടിക്കുകയും കടിച്ച പാട് (bite mark) ഉള്ളതുമായ കേസുകള്‍. ഈ 24 കേസുകളില്‍ വെറും ഒരെണ്ണത്തിനു മാത്രമേ മറുമരുന്നു അഥവാ anti snake venom(ASV) കൊടുക്കേണ്ടി വന്നുള്ളൂ (രോഗി രക്ഷപെട്ടു ). ബാക്കിയുള്ള 23 കേസുകളിലും രോഗിയെ അഡ്മിറ്റ് ചെയ്ത് ഒബ്‌സര്‍വ് ചെയ്ത് വിഷം ശരീരത്തില്‍ കയറിയിട്ടില്ല എന്ന് ഉറപ്പ് വരുത്തി ഡിസ്ചാര്‍ജ് ചെയ്തു.
എന്താണ് ഇതിനു കാരണം
1)എല്ലാ പാമ്പുകളും വിഷമുള്ളവയല്ല.
2)എല്ലാ വിഷ പാമ്പുകളുടെ കടിയും വിഷമുള്ളവയല്ല
3)വിഷ പാമ്പുകളുടെ കടിയാണെങ്കിലും വിഷം തീരെ കുറച്ചു മാത്രം ഉള്ളവ. ഉദാഹരണത്തിന് ഒരു ഇര പിടിച്ചു കഴിഞ്ഞ ഉടനുള്ള അവസ്ഥ.
ഇനി ഈ 24 കേസുകളും ചെക്കാട്ടുതറ അമ്മയെ പോലുള്ളവരുടെ അടുത്ത് പോയി എന്ന് സങ്കല്പിക്കുക. അപ്പോള്‍ 23 കേസുകള്‍ അവര്‍ ചികില്‍സിച്ചു ഭേദമാക്കും!!! ഒരാള്‍ മാത്രമേ മരണപ്പെടുകയുള്ളു. അപ്പോള്‍ ആള്‍ക്കാര്‍ പറയും ഹാ, എന്ത് നല്ല വൈദ്യരമ്മ. എത്രയോ പേരെ രക്ഷിച്ചു. ഈ കേസ് മുറ്റി പോയത് കൊണ്ടാണ് വൈദ്യരമ്മക്ക് ഒന്നും ചെയ്യാന്‍ പറ്റാത്തത് എന്ന്.
എന്നെ പോലെ ലോകത്തെങ്ങുമുള്ള മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്ക് പാമ്പ് കടിച്ചു ആരെങ്കിലും പ്രശ്‌നമായി വന്നാല്‍ ആകെ അറിയാവുന്ന ചികിത്സ ആന്റി സ്‌നേക് വെനം (anti snake venom) അഥവാ അടഢ കൊടുക്കുക എന്നുള്ളതാണ്. ഇനി ചെക്കാട്ടുതറ അമ്മയുടെ കയ്യിലുണ്ട് എന്ന് പറയുന്ന ഈ മരുന്ന്കൂട്ടുകളെ കുറിച്ച് ലോകം അറിയട്ടെ. അത് വഴി ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചു കൂടെ. എന്തിനാ ആ അറിവുകള്‍ ഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ക്ക് മാത്രമാക്കി നല്‍കുന്നത്
അങ്ങനെ പകര്‍ന്നു കൊടുക്കാന്‍ പറ്റാത്ത ഉടായിപ്പ് ചികിത്സ ആണെങ്കില്‍ ദയവു ചെയ്തു ഇത് പ്രോത്സാഹിപ്പിക്കരുത്. കാരണം ഇത് കണ്ടു ജനങ്ങള്‍ തെറ്റിധരിക്കപ്പെടുകയാണ്. രക്ഷിക്കാന്‍ ഏകദേശം 100 ശതമാനം ചാന്‍സ് ഉള്ള കേസുകളാണ് പാമ്പ് കടി എന്നത്. അങ്ങനെ ഉള്ള കേസുകളില്‍ മരണം സംഭവിക്കുന്നതിന് കാരണം ശരിയായ ചികിത്സ വൈകിപ്പിക്കുന്നതും തെറ്റായ ചികിത്സ നല്‍കുന്നതുമാണ്.
https://www.facebook.com/Malayalivartha

























