അറസ്റ്റ് ചെയ്ത് നീക്കി... ശബരിമല പ്രക്ഷോഭത്തിന് ശേഷം ബിജെപിയ്ക്ക് വലിയൊരു സമരായുധം നല്‍കി റവന്യൂ വകുപ്പ്; തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപം പിടിച്ചെടുത്ത് സര്‍ക്കാര്‍ അധീനതയിലാക്കിയതിനെ തുടര്‍ന്ന് കിഴക്കേക്കോട്ടയില്‍ സംഘര്‍ഷാവസ്ഥ; തടയാന്‍ വന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി; കോടതിയില്‍ പോകാതിരിക്കാനുള്ള സാവകാശം നല്‍കാതെ ശനിയാഴ്ച രാത്രി തന്നെ നടപ്പിലാക്കി

കേരളം ഇതുവരെ കാണാത്ത സമാനതകളില്ലാത്ത പ്രതിഷേധമാണ് ശബരിമലയില്‍ കണ്ടത്. സുപ്രീം കോടതി വിധിയുടെ മറവില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരും പോലീസും പാര്‍ട്ടിയും ശ്രമിച്ചതോടെയാണ് എല്ലാം കൈവിട്ടു പോയത്. ഭക്ത ജനങ്ങള്‍ നാമജപവുമായി തെരുവിലിറങ്ങിയതോടെ വലിയ ജനപിന്തുണ കിട്ടി. എന്നാല്‍ അല്‍പം പോലും കുലുക്കമില്ലാതെ സര്‍ക്കാര്‍ നിന്നു. വനിതാ മതില്‍ പണിയുകയും പിറ്റേന്ന് ബിന്ദു അമ്മിണിയേയും കനകദുര്‍ഗയേയും ശബരിമലയില്‍ കയറ്റിയതോടെ എല്ലാം മാറിമറിഞ്ഞു. കൂടെ നിന്ന വെള്ളാപ്പള്ളി നടേശന്‍ പോലും കാല് മാറി. ഇതിനിടെ ശബരിമലയില്‍ പോകാനിരുന്ന സുരേന്ദ്രനെ ഇരിമുടി കെട്ടുമായി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തു. സുരേന്ദ്രനെ 22 ദിവസം ജയിലിടുകയും ചെയ്തു.
കാലം മാറിയതോടെ ലോക്‌സഭയില്‍ പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ സിപിഎമ്മിനും മനംമാറ്റമുണ്ടായി. സുരേന്ദ്രനാകട്ടെ ബിജെപി സംസ്ഥാന പ്രസിഡന്റാവുകയും ചെയ്തു. ഇപ്പോഴിതാ ശബരിമല പോലെ മറ്റൊരു വിഷയം ഉയര്‍ന്ന് വന്നിരിക്കുകയാണ് തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപം.
തീര്‍ത്ഥപാദമണ്ഡപം സര്‍ക്കാര്‍ രാത്രിയുടെ മറവില്‍ ഇന്നലെ പിടിച്ചെടുത്തതോടെ കിഴക്കേക്കോട്ടയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കിഴക്കേകോട്ടയില്‍ ഉള്ള 65 സെന്റ് സ്ഥലം ഇനി സര്‍ക്കാര്‍ അധീനതയിലാവും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ത്ഥപാദ മണ്ഡപം രാത്രിയുടെ മറവില്‍ കേരള സര്‍ക്കാര്‍ പിടിച്ചെടുത്തതോടെ നിരവധിയാളുകള്‍ പ്രതിഷേധവുമായെത്തി. നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തെ തടയാന്‍ ബിജെപി പ്രവര്‍ത്തകരും ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ബിജെപി സംസ്ഥാന സമിതി അംഗം പോങ്ങുമ്മൂട് വിക്രമന്‍, ചാല വാര്‍ഡ് കൗണ്‍സിലറും ബിജെപി മണ്ഡലം പ്രഡിഡന്റുമായ എസ്. കെ. പി. രമേഷ് എന്നീ നേതാക്കളെ അറസ്റ്റു ചെയ്ത് ഫോര്‍ട്ടുപോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തീര്‍ത്ഥപാദ മണ്ഡപ പരിസരത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.
പ്രശ്‌നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആചാരങ്ങളെ അവഹേളിക്കുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവസ്ഥലത്തെത്തിയ ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു.
വിദ്യാദിരാജ സഭയില്‍ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിരുന്നു. സ്ഥലത്തുള്ള ക്ഷേത്രം മാത്രം വിദ്യാധിരാജയ്ക്ക് വിട്ടുനല്‍കും. തീര്‍ത്ഥപാദ മണ്ഡപത്തില്‍ പുതിയ സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 10ന് മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് റവന്യൂ വകുപ്പിന്റെ നടപടി.
തീര്‍ത്ഥപാദ മണ്ഡപത്തിലെ 65 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുമ്പാണ് ഇവിടെ സാംസ്‌കാരിക സമുച്ചയം പണിയാന്‍ തീരുമാനിച്ചത്. നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി വിധി അനുകൂലമാകുമെന്നാണ് വിദ്യാധിരാജ സഭയുടെ വിശദീകരണം.
തര്‍ക്ക സ്ഥലമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥലത്താണ് ചട്ടമ്പിസ്വാമിയുടെ സ്മാരകം നിര്‍മ്മിക്കാനുള്ള നീക്കം നടക്കുന്നത്. തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് 2019ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം പണിയുന്നതെന്നാണ് വിദ്യാധിരാജ സഭ വ്യക്തമാക്കുന്നത്. എന്നാല്‍ വിദ്യാധിരാജ സഭയ്ക്ക് കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു വ്യക്തമാക്കി. എന്തായാലും ഈ പ്രക്ഷോഭം സുരേന്ദ്രന്‍ ഏറ്റെടുത്താല്‍ ആദ്യത്തെ വെല്ലുവിളിയായിരിക്കും.
https://www.facebook.com/Malayalivartha

























