കൊട്ടിയൂർ പീഡനക്കേസിലെ ആട്ടിൻ തോലിട്ട ചെന്നായ ഒടുവിൽ പുറത്ത്; പ്രത്യേക അധികാരമുപയോഗിച്ച് പീഡനക്കേസിലെ പ്രതി റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് മാർപാപ്പ പുറത്താക്കി: സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ റോബിന് പോക്സോ കോടതി നല്‍കിയത് കടുത്ത ശിക്ഷ

വൈദിക വൃത്തിയിൽ നിന്ന് റോബിൻ വടക്കുംചേരി പുറത്ത്. കൊട്ടിയൂർ പീഡനക്കേസിലെ പ്രതി റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് മാർപാപ്പ പുറത്താക്കി. പ്രത്യേക അധികാരമുപയോഗിച്ചാണ് മാർപ്പാപ്പയുടെ നടപടി. മാനന്തവാടി രൂപതാധ്യക്ഷൻ റോബിനെ നേരത്തെ പുറത്താക്കിയിരുന്നു. പ്രസ്തുത സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷണവും പഠനവും നടത്തുന്നതിന് ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു. ആ കമ്മീഷന്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം വത്തിക്കാനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയാണ് ഇയാളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഡിസംബറില്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ ചില നടപടിക്രമങ്ങള്‍ കൂടി പാലിക്കാനുള്ളതിനാലാണ് ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിക്കാന്‍ വൈകിയതെന്ന് മാനന്തവാടി രൂപത അറിയിച്ചു.
കൊട്ടിയൂർ ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാദർ റോബിൻ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി കടുത്ത ശിക്ഷയായിരുന്നു നൽകിയിരുന്നത്. മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവായിരുന്നു വിധിച്ചിരുന്നത്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ് അനുഭവിക്കുകയാണ് റോബിൻ വടക്കുംചേരി. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ മാനേജരായിരുന്നു ഫാദർ റോബിൻ വടക്കുംചേരി. സ്കൂളിലെ വിദ്യാർഥികൾക്ക് ആദ്ധ്യാത്മികകാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും വേദപാഠം പഠിപ്പിക്കുകയും കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകുകയും ചെയ്തിരുന്ന ഫാദർ റോബിൻ വടക്കുംചേരി, ആ വഴിയാണ് പെൺകുട്ടിയുമായി അടുക്കുന്നത്.
പള്ളിമേടയിൽ സ്ഥിരമായി എത്തുമായിരുന്ന പെൺകുട്ടിയെ വൈദികൻ അധികാരസ്ഥാനമുപയോഗിച്ചാണ് ബലാത്സംഗം ചെയ്യുന്നത്. പെൺകുട്ടി ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീം കോടതി വരെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ റോബിന്‍ വടക്കുംചേരിയുടെ ലീല വിലാസങ്ങള്‍ ചെറുതൊന്നുമല്ല . ഇതിന് മുമ്പും ആരോപണങ്ങൾ റോബിനെതിരെ ഉയർന്നിരുന്നു.
1998 -ല്‍ കല്‍പ്പറ്റയിലെ ഡീപോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്‌കൂളില്‍ അസിസ്റ്റന്റ് മാനേജരായിട്ട് പ്രവര്‍ത്തിക്കവെയാണ് ഫാ. റോബിന്‍ ആദ്യമായി പീഡനവിവാദത്തില്‍പ്പെടുന്നത്. ഏഴാം ക്‌ളാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ മടിയില്‍ പിടിച്ചു ഇരുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കാര്യം ഹോസ്റ്റലില്‍ താമസിച്ച പെണ്‍കുട്ടി വീട്ടുകാരോട് പരാതിപെടുകയായിരുന്നു . തുടര്‍ന്ന് മാതാപിതാക്കള്‍ അച്ഛനെ തെറി വിളിക്കുകയും ചെയ്തു. അന്ന് കേസാവാതിരിക്കാന്‍ സഭ ശിക്ഷ നടപടിയെടുത്ത് ഒതുക്കുകയും ചെയ്തു . മാനന്തവാടിയിലെ തന്നെ ഏറ്റവും പ്രമുഖമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഡീപോള്‍. സ്‌കൂളില്‍ നിന്നും ലൈംഗീക അപവാദം നേരിടുന്ന റോബിനെതിരെ അച്ചടക്ക നടപടികളൊന്നും തന്നെ സഭ എടുത്തിരുന്നില്ല. പിന്നീടിരുന്ന ഇടവകകളിലെല്ലാം ഇയാള്‍ സ്ത്രീ വിഷയത്തില്‍ പേരു ദോഷം കേള്‍ക്കുകയായുണ്ടായി.
ഒരു ഇടവകയില്‍ വികാരിയായിരിക്കെ വിവാഹിതയായ വീട്ടമ്മയുമായി അവിഹിത ബന്ധം ഉണ്ടാക്കുകയും നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. ആ സ്ത്രീയുടെ വിവാഹ മോചന സമയത്ത് സഭ അധികൃതര്‍ സ്ത്രീയില്‍ നിന്ന് മൊഴി എടുത്തിരുന്നു. അപ്പോള്‍ പോലും ഫാദറിനെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിനുപുറമേ ഒട്ടേറെ ഇടവകകളില്‍ റോബിന്‍ കുടുംബ കലഹമുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























