ദേവനന്ദയുടെ മരണം... പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിക്കും... ശാസ്ത്രീയ അന്വേഷണവുമായി പോലീസ്, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയേക്കും

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയേക്കും. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുക. ദേവനന്ദയുടെ മാതാപിതാക്കളും നാട്ടുകാരും ഉന്നയിക്കുന്ന ദുരൂഹതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ചെരിപ്പിടാതെ വീടിന് പുറത്തേക്ക് ഇറങ്ങാത്ത കുട്ടി എങ്ങനെ കടവ് വരെ എത്തിയെന്നത് സംബന്ധിച്ചും ഷാളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കടത്തിക്കൊണ്ടുപോയതാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കള്‍. മൃതദേഹം കണ്ടെത്തിയതുവരെയുള്ള ദൂരവും പുഴയുടെ ആഴവുമെല്ലാം പൊലീസ് പരിശോധിച്ചിട്ടുണ്ട്.ദേവനന്ദയുടെ വീട്ടില്‍നിന്ന് 75മീറ്റര്‍ ദൂരമേ പടവുകളിലേക്കുള്ളൂ. ബണ്ടിലേക്ക് 200മീറ്ററും. ബണ്ടിന് 100 മീറ്റര്‍ അകലെയായാണ് വള്ളിപ്പടര്‍പ്പുള്ള ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മകള്‍ ഒരിക്കലും ആറ്റിന്റെ മറുകരയിലേക്കുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ആളില്ലാത്ത വീടിന് സമീപത്തേക്കും പോയിട്ടില്ലെന്ന് അമ്മ ധന്യ പറയുന്നു.
മൃതദേഹത്തിനൊപ്പം കണ്ട ഷാള്‍ ധരിച്ച് കുട്ടി ഒരിക്കലും പുറത്തുപോയിട്ടില്ലെന്നും അവര്‍ പറയുന്നു. പൊലീസ് നായ് ഈ വീടിനടുത്തേക്ക് ഓടിയെത്തിയത് അന്വേഷിക്കണം. ഒറ്റക്ക് ഇതുവരെ പുറത്തുപോകാത്ത കുട്ടി പെട്ടെന്നൊരുദിവസം ആറ് വരെയെത്തിയെന്നത് വിശ്വസനീയമല്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഇത്തരം സംശയങ്ങള്‍തന്നെയാണ് പൊലീസ് പരിശോധിക്കുന്നതും. ദേവനന്ദയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
കുടവട്ടൂര്‍ നന്ദനത്തില്‍ വീട്ടിലാണ് ഇപ്പോള്‍ ദേവനന്ദയുടെ മാതാപിതാക്കളുള്ളത്. അമ്മ ധന്യ, പിതാവ് പ്രദീപ് മറ്റ് കുടുംബാംങ്ങളുടെയും മൊഴികള്‍ എടുത്തു. ദേവനന്ദ വീട്ടില്‍നിന്ന് ഒരിക്കലും ഒറ്റക്ക് ആറില്‍ പോകില്ലെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി.കുട്ടിയെ ആരോ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോകാമെന്ന നിലപാടില്‍ ധന്യ ഉറച്ച് നില്‍ക്കുന്നതിനാല്‍ ദുരൂഹത തുടരുകയാണ്.
https://www.facebook.com/Malayalivartha

























