ചട്ടങ്ങള്‍ പാലിക്കാതെ പരീക്ഷാ ഭവനു മുകളില്‍ താല്‍ക്കാലിക നില നിര്‍മിച്ചത് 2.35 കോടിയുടെ പാഴ്വേല; സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് ചട്ടങ്ങള്‍ പാലിക്കാതെ പരീക്ഷാഭവനിലെ ആറുനിലക്കെട്ടിടത്തിനു മുകളില്‍ താല്‍ക്കാലിക നില നിര്‍മിച്ച് 2.35 കോടി രൂപ പാഴാക്കിയതായി സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. 2012-ല്‍ തുടങ്ങി 4 വര്‍ഷമെടുത്ത് നിര്‍മിച്ച ഷീറ്റ് മേല്‍ക്കൂരയുടെ ഒരു ഭാഗം 2016-ല്‍ കനത്ത കാറ്റില്‍ തകര്‍ന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ പറന്നു പോയി. ഇപ്പോഴും ഈ നില ഉപയോഗിക്കുന്നില്ലെന്നും ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തി.
2011-ല്‍, പരീക്ഷാ ഭവന്‍ വളപ്പില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതാണ് നല്ലതെന്നും 33 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു മുകളില്‍ ഷെഡ് നിര്‍മിക്കുന്നതു ശരിയല്ലെന്നും പരീക്ഷാഭവന്‍ ജോയിന്റ് കമ്മിഷണര്‍ കുറിപ്പ് നല്‍കിയിരുന്നു. ഇതു തള്ളിക്കളഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് കരാര്‍ നല്‍കിയത്. ഷെഡ് നിര്‍മിക്കുമ്പോള്‍ മരാമത്ത് വകുപ്പ് കാറ്റിന്റെ ശക്തി ഉള്‍പ്പെടെ പരിഗണിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ശുദ്ധജല വിതരണത്തിനായി അധിക ജലസ്രോതസ്സ് നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിക്കായി കൊല്ലത്ത് ചെലവിട്ട 8.5 കോടി രൂപ ജല അതോറിറ്റിയുടെ തിടുക്കവും പണി നിര്‍ത്തിവച്ചതും മൂലം പാഴ്‌ചെലവായെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
കല്ലടയാറ്റിലെ കടപ്പുഴയില്‍ നിന്നു കൊല്ലം ജലവിതരണ പദ്ധതിക്ക് അധിക ജലസ്രോതസ് നല്‍കുകയായിരുന്നു ലക്ഷ്യം. ഉപ്പുവെള്ളം കയറാതിരിക്കാന്‍ കല്ലടയാറിനു കുറുകെ തടയണ കെട്ടി ഫലപ്രാപ്തി ഉറപ്പാക്കിയിട്ടേ പദ്ധതി നടപ്പാക്കാവൂ എന്ന വ്യവസ്ഥയില്‍ സര്‍ക്കാര്‍ ജല അതോറിറ്റിക്ക് 2014 ഒക്ടോബറില്‍ 14.5 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നല്‍കി. പണി പൂര്‍ത്തിയാക്കേണ്ടത് 2016 ജനുവരി 24-ന് ആയിരുന്നു.രണ്ടു തവണയായി 2016 ഡിസംബര്‍ വരെ കരാറുകാരനു സമയം നീട്ടി നല്‍കി. എന്നാല്‍, 1559.05 മീറ്റര്‍ പൈപ്പ് മാത്രം സ്ഥാപിച്ചതോടെ പണി നിര്‍ത്തിവച്ചു.
ഉപ്പുവെള്ളം കയറാതിരിക്കാനുള്ള തടയണ ജലസേചന വകുപ്പ് നിര്‍മിക്കാത്തതും ഇക്കാര്യം ജല അതോറിറ്റി ഉറപ്പാക്കാത്തതും പാരിസ്ഥിതികാഘാത പഠനം നടത്താത്തതും വീഴ്ചയാണ്. ഇവ പൂര്‍ത്തിയാക്കാതെ പൈപ്പ് ലൈന്‍ ഇടാന്‍ തുടങ്ങിയതാണു പദ്ധതി പാഴാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























