വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വേനല്‍ കടുത്തതോടെ വാനരശല്യം രൂക്ഷം

മൂക്കുന്നിമലയുടെ താഴ്വാരത്തെ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വേനല്‍ കടുത്തതോടെ വാനരശല്യം രൂക്ഷമായി. വിളവൂര്‍ക്കല്‍ പെരുകാവ് മാവുവിള പുത്തന്‍ വീട്ടില്‍ ടൈറ്റസും കുടുംബവും ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയിട്ട് മടങ്ങിയെത്തിയപ്പോള്‍ വാനരക്കൂട്ടം വീട് 'പൊളിച്ചടുക്കിയ' ദൃശ്യമാണ് കണ്ടത്. ചോറും മീന്‍കറിയും വരെ അകത്താക്കിയ കുരങ്ങുകള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്ന സകല സാധനങ്ങളും നശിപ്പിച്ചിരുന്നു.
കൂലിപ്പണിക്കാരനായിരുന്ന ടൈറ്റസ് രോഗം പിടിപ്പെട്ടതോടെ ഏറെ നാളായി വിശ്രമത്തിലാണ്. ഭാര്യ സരോജം തൊഴിലുറപ്പു ജോലിക്കു പോയി കിട്ടുന്ന വരുമാനത്തില്‍ ആണ് ഈ കുടുംബം കഴിയുന്നത്. അവര്‍ ഏറെ നാളത്തെ അധ്വാനത്തില്‍ സ്വരൂപിച്ച സാധനങ്ങള്‍ ആണ് വാനരന്മാര്‍ നിമിഷം നേരം കൊണ്ട് ഇല്ലാതാക്കിയത്. വീടിന്റെ ഓടുകള്‍ തകര്‍ത്താണ് അന്‍പതോളം കുരങ്ങുകള്‍ അകത്തു കടന്നത്. അരി, മുട്ട , മറ്റു പലവ്യഞ്ജനം എന്നിവ പകുതി കഴിച്ചിട്ട് തറയില്‍ വാരി വിതറിയിരുന്നു. വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം കുരങ്ങുകളുടെ ആക്രമണത്തിന് ഇരയായി. ഓടിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടെ ടൈറ്റസിന്റെ മകളെ കുരങ്ങ് ഉപദ്രവിക്കാന്‍ ശ്രമിച്ചു.
ഏറെ നേരം കഴിഞ്ഞിട്ടും വാനര സംഘം പിന്‍വാങ്ങാത്തതിനെ തുടര്‍ന്ന് വനം വന്യ ജീവി സംരക്ഷണ സമിതി പ്രവര്‍ത്തകരായ ഷിബു, ബിനു തോമസ്, ലോറന്‍സ് എന്നിവര്‍ സ്ഥലത്തെത്തി. വനം വകുപ്പ് നല്‍കിയ കൂട് ഉപയോഗിച്ച് കെണി തയാറാക്കി ഒരു കുരങ്ങിനെ പിടികൂടിയതോടെ മറ്റുള്ളവ ഓടി മറഞ്ഞു. കൂടുതല്‍ ഇരുമ്പ് കൂട് എത്തിച്ച് മറ്റു കുരങ്ങുകളെയും പിടികൂടാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍.
https://www.facebook.com/Malayalivartha

























