ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സ്‌പോണ്‍സര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സ്‌പോണ്‍സര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. അറബികളായ സ്‌പോണ്‍സര്‍മാര്‍ മുടക്കിയ പണം തിരിച്ചുനല്‍കാതെ തിരികെപോകാനാവില്ല എന്നാണ് ഭീഷണി. പൊഴിയൂരില്‍ നിന്നുള്ള അരുള്‍ദാസ് എന്ന മത്സ്യത്തൊഴിലാളി ഇക്കാര്യം വീഡിയോ സന്ദേശത്തിലൂടെ പുറത്തുവിടുകയായിരുന്നു.
വിസയുടെ പണം തിരിച്ചുനല്‍കാതെ പാസ്‌പോര്‍ട്ട് തിരിച്ചു നൽകില്ലെന്ന സ്‌പോണ്‍സര്‍ പറഞ്ഞതായി വീഡിയോ സന്ദേശത്തില്‍ അരുള്‍ പറയുന്നു. വാര്‍ത്തയറിഞ്ഞതിനു പിന്നാലെ ഇറാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ തങ്ങളെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നുവെന്നും എന്നാല്‍ തുടര്‍ന്ന് പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. മോചിപ്പിക്കാന്‍ സഹായം നല്‍കണമെന്നും തൊഴിലാളികള്‍ വീഡിയോയില്‍ അപേക്ഷിക്കുന്നുണ്ട്.
നാലുമാസം മുമ്പാണ് ഇരുന്നൂറോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന വിസയില്‍ ഇറാനില്‍ എത്തിയത്. എന്നാല്‍ കൊറോണഭീതി നിലനില്‍ക്കുന്നതിനാൽ ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങുന്നതിന് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഒരുമുറിയില്‍ ഇരുപത്തിമൂന്നോളംപേരാണ് ഉള്ളത്. ഇതില്‍ 17പേരും വിഴിഞ്ഞം, പൊഴിയൂര്‍, മറിയനാട് ഭാഗത്തുനിന്നുള്ളവരാണ്. ആഹാരം പോലും ലഭിക്കുന്നതിന് ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്. ഇരുന്നൂറോളം പേരുള്ള സംഘത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ളവരും ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha
























