"എത്ര അശ്രദ്ധമായാണ് മക്കളെ വളർത്തുന്നത്.... പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല... പറയുന്നതൊന്നും വെറുതെ ആകാറുമില്ല....ദേവനന്ദയുടെ മരണത്തിൽ അനുശോചനമറിയിച്ച് സന്തോഷ് പണ്ഡിറ്റ്..ഒപ്പം മാതാപിതാക്കൾക്കായി താക്കീതും

കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മരണത്തിൽ അനുശോചനമറിയിച്ച് നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഒപ്പം മാതാപിതാക്കൾക്കായി ജാഗ്രത നിർദേശവും. സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പിനോട് നിരവധി പേരാണ് പ്രതികരണമറിയിച്ച് എത്തിയത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ദേവനന്ദയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത് . ട്രെയിൻ യാത്രക്കിടെ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞായിരുന്നു താരം കുറിപ്പ് പങ്കുവെച്ചത്.
കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന പരാതികള്‍ ഈയിടെയായി വർധിച്ചു വരികയാണല്ലോ..വ൪ഷത്തില്‍ 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ.
മുമ്പൊരു ട്രെയിൻ യാത്രക്കിടയിലെ എന്റെ അനുഭവം പറയാം. ഒരു അച്ഛനും 2 വയസ്സുകാരനും നീണ്ട യാത്ര ചെയ്യുകയായിരുന്നു. ഈ മകന്റെ കാര്യത്തില്‍ തീരെ ശ്രദ്ധ അയാള്‍ വച്ചിരുന്നില്ല. ആ കുഞ്ഞു കുട്ടി ട്രെയിനിൽ കയറിയതു മുതല്‍ മൊത്തം ഓടി നടക്കുകയായിരുന്നു. രാത്രി കഴിഞ്ഞ് പകല് സമയം ആയപ്പോള്‍ ആ കുട്ടിയെ സീറ്റിലിരുത്തി ആരേയും ഏല്‍പിക്കാതെ ആ അച്ഛൻ ബാത്ത് റൂമില്‍ കുളിക്കാനായ് പോയ്.
2 മിനിറ്റ് നോക്കി ക്ഷമ നശിച്ച കുട്ടി പെട്ടെന്ന് അച്ഛനെ തിരഞ്ഞ് ഓടിപ്പോയി. ബാത്ത് റൂമിനുള്ളിലായ അച്ഛനെ കാണാനാവാത്തതില്‍ മനം നൊന്ത് ഓടുന്ന ട്രെയിനിന്റെ ഡോറിനടുത്ത് പോയി ഉറക്കെ കരഞ്ഞു. ഭാഗ്യത്തിന് ഈ സീൻ കണ്ടുനിന്ന ഞങ്ങൾ പെട്ടന്നു തന്നെ കരയുന്ന കുട്ടിയെ അനുനയിപ്പിച്ചു.പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് 15 മിനിറ്റിന് ശേഷമാണ് ആ കുട്ടിയുടെ അച്ഛൻ എത്തിയത്. അതു വരെ ഞങ്ങള്‍ ആ കുട്ടിയെ ആശ്വസിപ്പിച്ചു. അതേസമയം ആ 15 മിനിറ്റിനിടയില്‍ ആ ട്രെയിൻ ഒരു സ്റ്റോപ്പില്‍ നിറുത്തിയിരുന്നു. അച്ഛനെ കാണാത്ത വിഷമത്തില്‍ ആ കുട്ടി സ്റ്റോപ്പില്‍ സ്വന്തം നിലയില്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.ആ മനുഷ്യൻ അങ്ങനെ പോകുന്ന സമയം യാത്രക്കാരായ ആരെയെങ്കിലും ആ കുഞ്ഞു കുട്ടിയെ ഒന്നു ഏൽപിച്ചുമില്ല. പലരും എത്ര അശ്രദ്ധമായാണ് മക്കളെ നോക്കുന്നത്.
അതുപോലെ ട്രെയിനിലും ബസ്സിലും അടക്കം ഭിക്ഷക്കായ് വരുന്നവ൪ക്ക് ദയവു ചെയ്ത് ആരും പണം കൊടുക്കരുത്. ഭക്ഷണം മാത്രം നല്‍കുക . നമ്മളുടെ വികാരത്തെ ചൂഷണം ചെയ്ത് പല കുട്ടികളേയും തട്ടി കൊണ്ടു വന്ന് അംഗ വൈകല്യം വരുത്തിയാണ് നമ്മുടെ മുമ്പില്‍ ഭിക്ഷക്ക് വരുന്നത്.മാതാപിതാക്കള്‍ കുഞ്ഞു കുട്ടികളെ കുറേ കൂടി ശ്രദ്ധയോടെ നോക്കുക. എവിടെയും പോവില്ല , ചുറ്റുവട്ടത്ത് തന്നെയുണ്ടാവും എന്ന വിശ്വാസത്തിൽ നമ്മുടെ മക്കളെ അശ്രദ്ധമായി തുറന്നുവിടരുത്.
വീട്ടുജോലി തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാർ ഉറപ്പുവരുത്തുക... അന്യ സംസ്ഥാനത്തുകാരും മറ്റു ടീമും കൊണ്ട് ഇപ്പോള്‍ കേരളം നിറഞ്ഞിരിക്കുന്നു. ഇവരില്‍ ചിലരെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാകാം. അവരെ നാം ശ്രദ്ധിക്കണം.ദേവനന്ദ മോൾക്ക് ആദരാഞ്ജലികൾ. ഇതായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ. ഒപ്പം പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല എന്നുകൂടി അദ്ദേഹം ചേർക്കുന്നു. മാതാപിതാക്കൾക്കായി പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കാണാതായത്. ധന്യയും നാലുമാസം പ്രായമുള്ള മകനും മാത്രമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.
തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല . മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് അടുത്ത ദിവസം രാവിലെ ദേവനന്ദയുടെ മൃതദേഹം വീടിനടുത്തുള്ള പള്ളിമൺ ആറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























