പമ്പയിലെ ചുമട്ടുകാരന്റെ മരണം കൊലപാതകം... രഹസ്യമായി സൂക്ഷിച്ച മദ്യമെടുത്തു കുടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ

പമ്പയിലെ ഡോളി ചുമട്ടുകാരന്റെ മരണം സൂഹൃത്ത് നടത്തിയ കൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആങ്ങമൂഴി കയ്യുംകല്ലില്‍ വിവേക്(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. പമ്പയില്‍ അനധികൃതമായി താമസിച്ചുവന്ന ചുമട്ടുകാരെ വിളിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മദ്യത്തെ ചൊല്ലി തര്‍ക്കം നടന്നതായി സൂചന ലഭിച്ചത്. അതിനു ശേഷമാണ് വിവേകിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇയാളും ഡോളി ചുമട്ടുകാരനാണ്. റാന്നി മുക്കാലുമണ്‍ പറക്കുളത്ത് വീട്ടില്‍ പി.എസ് സജീവ് കുമാര്‍(54)) ആണ് മരിച്ചത്. മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പമ്ബ പൊലീസ് മെസിന് സമീപത്തെ ഇടനാഴിയില്‍ വായിലൂടെ രക്തം വാര്‍ന്ന് അവശനിലയില്‍ സജീവിനെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടത്. തുടര്‍ന്ന് ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സജീവും വിവേകും സുഹൃത്തുക്കളാണ്. നട അടച്ചിട്ടും വീട്ടില്‍ പോകാതെ ഇവര്‍ പമ്പയില്‍ തങ്ങുകയായിരുന്നു. വിവേക് വൈകിട്ട് വരുമ്പോള്‍ സജീവ് മദ്യ ലഹരിയിലായിരുന്നു. ഇതിനിടെ താന്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യം കാണാനില്ലെന്ന് വിവേകിന് മനസിലായി. ആ മദ്യമാണ് സജീവ് കഴിച്ചതെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി. ഇതിനിടെ നിലത്തുവീണ സജീവിന്റെ മുഖത്തും നെഞ്ചത്തും വിവേക് ചവിട്ടുകയായിരുന്നു. അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നാണ് സജീവ് മരിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്.
എന്നാല്‍ മുഖത്തും നെഞ്ചത്തും ഉണ്ടായ പാടുകളാണ് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
https://www.facebook.com/Malayalivartha
























