എന്റെ മോനേ, ഈ അഞ്ചു ദിവസം കൊണ്ട് നിനക്കെന്തു പറ്റിയെടാ..10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന് മൃതദേഹം : പൊതുദര്‍ശനം 10 മിനിറ്റ് മാത്രം . അന്ത്യചുംബനങ്ങളില്ലാതെ ജൈനേഷിന് മടക്കയാത്ര : അതീവ മുന്‍കരുതല്‍; കയ്യെത്താദൂരത്തു നിന്നു കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു പ്രിയപ്പെട്ടവർ

പ്രിയപ്പെട്ടവരുടെ അന്ത്യചുംബനങ്ങളില്ലാതെയായിരുന്നു ജൈനേഷിന്റെ മടക്കയാത്ര. 10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചത് 10 മിനിറ്റ് മാത്രം. കയ്യെത്താദൂരത്തു നിന്നു കണ്ണീര്‍പ്പൂക്കളര്‍പ്പിച്ചു അമ്മയും സഹോദരങ്ങളും അടക്കമുള്ളവര്‍ ജൈനേഷിനു വിട നല്‍കി. നിപ്പയെ ഓര്‍മിപ്പിച്ച് കേരളത്തിൽ നടന്ന മറ്റൊരു സംസ്‌കാരച്ചടങ്ങുകൾ.
ലോക ആരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ എല്ലാം പാലിച്ചായിരുന്നു കണ്ണൂരിലെ ജൈനേഷിന്റെ സംസ്്കാരം നടത്തിയത്. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28നു പുലര്‍ച്ചെയാണു കൊറോണ ലക്ഷണങ്ങളോടെ കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് എറണാകുളം ഗവ.ആശുപത്രിയിലെ ഐസലേറ്റഡ് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ജൈനേഷിന് കൊറോണ ഇല്ലെന്ന് തെളിഞ്ഞെങ്കിലും സംസ്‌കാര ചടങ്ങില്‍ പരമാവധി കരുതലെടുക്കുകയായിരുന്നു ആരോഗ്യ വകുപ്പ്.
''അഞ്ചു ദിവസം മുന്‍പു വരെ എന്നോടു സംസാരിച്ച എന്റെ മോനേ, ഈ അഞ്ചു ദിവസം കൊണ്ട് നിനക്കെന്തു പറ്റിയെടാ..എന്ന 'ജൈനേഷിന്റെ അമ്മ സൗമിനിയുടെ ചോദ്യം കേട്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.. സൗമിനി കാലിനു പരുക്കേറ്റു കിടക്കുമ്ബോഴാണു ജൈനേഷ് മലേഷ്യയിലേക്കു പോയത്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും അമ്മയുടെ സുഖവിവരങ്ങള്‍ വിളിച്ച് അന്വേഷിക്കും. നല്ല ജോലി കിട്ടി നല്ല വീടുവച്ചു സന്തോഷമായി ജീവിക്കണമെന്ന് എപ്പോഴും ആഗ്രഹം പറയും. വീട് പണി പൂര്‍ത്തിയാക്കാനായി ഇറക്കിയ നിര്‍മ്മാണ സാമഗ്രികള്‍ക്ക് അടുത്താണ് ജൈനേഷിനെ അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കിടത്തിയത്. പിന്നീട് സംസ്‌കാരവും.
മാരകവൈറസുകളെ ഭയപ്പെടാതെ ആദ്യാവസാനം വരെ നിന്നു ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയതു നാട്ടുകാരായ യുവാക്കളായിരുന്നു. അപകട സാധ്യത മുന്നില്‍ കണ്ടു പലരും മടിച്ചു നിന്നപ്പോള്‍, മൃതദേഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ചുമതല ഇവര്‍ ധൈര്യപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. ആംബുലന്‍സില്‍ നിന്ന് ഇറക്കി പൊതുദര്‍ശനത്തിനു വച്ചതും തുടര്‍ന്നു വീട്ടിലേക്കും ശ്മശാനത്തിലേക്കും മൃതദേഹം എത്തിച്ചതും ഇവരായിരുന്നു. നാട്ടുകാരായ കൃപേഷ് കണിയേരി, ഒ.രമേശന്‍, ടി.കൃഷോബ്, വി.കെ.രാജീവന്‍, എം.അനുരാജ്, രാജേഷ് എന്നിവരാണ് സുരക്ഷാ വസ്ത്രം ധരിച്ചു സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്.
വൈറസ് ഭീതിയുള്ളതിനാല്‍ പ്രിയപ്പെട്ടവര്‍ക്ക് ജൈനേഷിന് അന്ത്യചുംബനം പോലും നല്‍കാനായില്ല. അമ്മയും സഹോദരങ്ങളും അടക്കമുള്ളവര്‍ ജൈനേഷിനു വിട നല്‍കിയത് ഏറെ ദൂരെ നിന്നുകൊണ്ട്.. കൊറോണയെന്നു സംശയിക്കപ്പെട്ട ലക്ഷണങ്ങളോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ജൈനേഷിന് കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിച്ചെങ്കിലും, മരണകാരണം വ്യക്തമായി കണ്ടെത്താത്തതിനാല്‍ അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണു മൃതദേഹം നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതും.
10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന മൃതദേഹം 10 മിനിറ്റ് വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. ആരേയും അടുത്തേക്കു വരാനോ തൊടാനോ അനുവദിച്ചില്ല. ഏറ്റവും അവസാനത്തെ പ്ലാസ്റ്റിക് ബാഗ് അല്‍പം നീക്കി മുഖം മാത്രം പുറത്തു കാണിച്ചു. മൃതദേഹം വച്ച മേശയില്‍ നിന്നു 2 മീറ്റര്‍ അകലത്തില്‍ കസേരകള്‍ നിരത്തി അതിനു വെളിയിലൂടെയാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരം നല്‍കിയത്. അങ്ങനെ പരമാവധി കരുതല്‍ ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തി.
നാട്ടുകാരായ ആറംഗ സംഘമാണ് അതീവസുരക്ഷാ വസ്ത്രങ്ങളും പ്രത്യേക മുഖംമൂടിയും കയ്യുറയും ധരിച്ചു സംസ്‌കാരച്ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. വീടിനു സമീപത്തെ സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സംസ്‌കാരത്തിനുസഹായിച്ച സംഘത്തിന്റെ സുരക്ഷാ വസ്ത്രങ്ങളും കയ്യുറകളും മറ്റും സംസ്‌കാരത്തിനു ശേഷം ശ്മശാനത്തില്‍ തന്നെ കത്തിച്ചു.
കൊച്ചിയില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണു മൃതദേഹം വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിച്ചത്. വെള്ളൂര്‍ നവശക്തി ക്ലബില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും വിവിധ കായിക സംഘടനകളും ദൂരെ മാറി നിന്ന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്‌കാര ചടങ്ങുകള്‍ക്കു മേല്‍നോട്ടം വഹിക്കാനെത്തിയിരുന്നു. ജൈനേഷിനു കൊറോണ, എച്ച്1എന്‍1 വൈറസുകള്‍ ഇല്ലയെന്നു വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതിനാല്‍ മറ്റെന്തെങ്കിലും രോഗാണു മരണകാരണമായിട്ടുണ്ടോ എന്നു വ്യക്തമായിരുന്നില്ല. നേരിയ അപകട സാധ്യത പോലും ഒഴിവാക്കാനാണു ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക സുരക്ഷാ മുന്‍കരുതലുകളോടെ മൃതദേഹം സംസ്‌കരിച്ചത്.
കൊച്ചിയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 3നു പയ്യന്നൂര്‍ വെള്ളൂരിലേക്കു മൃതദേഹം എത്തിച്ചതു പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ആംബുലന്‍സില്‍. വെള്ളൂര്‍ നവശക്തി ക്ലബിനു മുന്നില്‍ ആംബുലന്‍സ് എത്തിയതോടെ ചടങ്ങുകള്‍ തീരും വരെ കൂടെ നില്‍ക്കാന്‍ സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞ 6 പേരെ ചുമതലപ്പെടുത്തി. വെളുപ്പും നീലയും നിറങ്ങളിലുള്ള ഗൗണ്‍, അതീവ സുരക്ഷയുള്ള എന്‍95 മാസ്‌ക്, കണ്ണുകള്‍ മൂടിക്കെട്ടാന്‍ പ്രത്യേക കണ്ണട, ഗ്ലൗസ്, കാലുറ എന്നിവ ഇവരെ ധരിപ്പിച്ചിരുന്നു. വീട്ടില്‍ 10 മിനിറ്റ് പൊതുദര്‍ശനത്തിനു ശേഷം , സുരക്ഷാ വസ്ത്രം ധരിച്ചവരാണു മൃതദേഹം ചിതയിലേക്ക് എടുത്തത്. സഹോദരന്‍ രാജേഷ് ചിതയ്ക്കു തീ കൊളുത്തി. മൃതദേഹം പൂര്‍ണമായി ദഹിച്ചു കഴിയുന്നതു വരെ മറ്റാരെയും അകത്തേക്കു പ്രവേശിപ്പിച്ചില്ല
സംസ്‌കാരം കഴിഞ്ഞതോടെ കൂടെയുണ്ടായിരുന്ന ആറു പേരുടെയും സുരക്ഷാ വസ്ത്രങ്ങളും ഗ്ലൗസും കണ്ണടയും കാലുറകളും ശ്മമശാനത്തില്‍ തന്നെ തീയിട്ടു നശിപ്പിച്ചു. ഇവര്‍ ധരിച്ചിരുന്ന വസ്ത്രം ചൂടുവെള്ളവും അണുനാശിനിയും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി. ജൈനേഷ് ഏറെക്കാലം സെക്രട്ടറിയായ വെള്ളൂര്‍ നവശക്തി ക്ലബിന്റെ മുറ്റത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഒന്നര വര്‍ഷം മുന്‍പു മലേഷ്യയില്‍ ജോലി തേടി പോകും വരെ നാട്ടുകാരുടെ കാര്യങ്ങള്‍ക്കായി മുന്‍പന്തിയിലുണ്ടായിരുന്നു ജൈനേഷ്. കബഡി, ഖൊഖൊ ഇനങ്ങളില്‍ സര്‍വകലാശാല താരമായിരുന്നു, ഒപ്പം നവശക്തി ക്ലബ്ബിന്റെ പ്രധാന കളിക്കാരനും.
കേരളത്തിനകത്തും പുറത്തും പ്രധാന കബഡി ടൂര്‍ണമെന്റുകളിലെല്ലാം ജൈനേഷിന്റെ നേതൃത്വത്തിലുള്ള ടീം മത്സരിച്ചിട്ടുണ്ട്. മലേഷ്യയിലേക്ക് പോകും വരെ ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ജൈനേഷ് ഈ സ്ഥാനം മൂത്ത സഹോദരന്‍ രാജേഷിനെ ഏല്‍പിച്ചാണ് മലേഷ്യയിലേക്ക് പോയത്.
https://www.facebook.com/Malayalivartha

























