സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അറസ്റ്റില്‍

എടക്കാട് ഏരിയയിലെ മാളികപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെ അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയില്‍ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന സമയത്തു ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എട്ടുമാസം മുന്‍പു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
അന്‍പതിലേറെ പേരില്‍ നിന്നായി അഞ്ചുകോടിയിലേറെ രൂപ രാജേഷും സംഘവും തട്ടിയെടുത്തതായാണു കണക്കാക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രി ഇ.പി.ജയരാജന്‍, എ.എന്‍.ഷംസീര്‍ എംഎല്‍എ തുടങ്ങിയവരുടെയും ബിനീഷ് കോടിയേരിയുടെയും ജില്ലാ നേതാക്കളുടെയും പേരുകള്‍ ദുരുപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രതി റിമാന്‍ഡിലാണ്.
കണ്ണൂര്‍ വിമാനത്താവള കമ്പനി (കിയാല്‍) ഡയറക്ടര്‍ ബോര്‍ഡില്‍ സ്വാധീനമുണ്ടെന്നു പറഞ്ഞു വിമാനത്താവളത്തിന്റെ പരിസരത്തേക്കു വിളിച്ചുവരുത്തി അവിടെവച്ചു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയാണ് വിശ്വാസം ഉറപ്പിച്ചത്. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസ് എന്നയാളുടെ അക്കൗണ്ടിലേക്കു പണം നല്‍കിയാല്‍ ജോലി ശരിയാക്കുമെന്നായിരുന്നു വാഗ്ദാനം.
കേസുകളിലെല്ലാം ഒന്നാം പ്രതിയായ ഒനാസിസ് മുങ്ങിയെന്നാണു പൊലീസ് പറയുന്നത്. സമാനരീതിയില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അഞ്ചു പരാതികളിലും അറസ്റ്റ് നടന്നിരുന്നു.
https://www.facebook.com/Malayalivartha

























