ഇതും ഒരു ഹുഡിനോ മാജിക്... അന്ന് പ്രതിയായി എത്തിയ ജില്ലാ കോടതിയില്‍ ഇന്ന് മുഖ്യാതിഥി!

കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഇന്ന് ബാര്‍ ഫെസ്റ്റ് പരിപാടി സംഘടിപ്പിക്കുകയാണ്. ഏപ്രില്‍ ഏഴിനു നടക്കുന്ന ബാര്‍ ഡേയ്ക്കു മുന്നോടിയായാണ് ബാര്‍ അസോസിയേഷന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബാര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് മജിഷ്യന്‍ പ്രദീപ് ഹുഡിനോ ആണ്. അദ്ദേഹത്തിന്റെ വരവില്‍ ഒരു കൗതുകമുണ്ട്. 30 വര്‍ഷം മുന്‍പ് അദ്ദേഹം പ്രതിയായി ഇതേ ജില്ലാ കോടതിയില്‍ എത്തിയിട്ടുണ്ട്. റെയില്‍വേ ട്രാക്ക് കയ്യേറി മാജിക് അവതരിപ്പിച്ചു എന്ന കേസില്‍ പ്രതിയായാണ് 30 വര്‍ഷം മുന്‍പ് പ്രദീപ് കോടതിയിലെത്തിയത്.
പ്രദീപിനെ കോടതി കയറ്റിയത് റെയില്‍വേ ട്രാക്ക് എസ്‌കേപ് എന്ന മാജിക് ആയിരുന്നു. 1989 സെപ്റ്റംബര്‍ 30-ന് നാലാം ഗേറ്റിനു സമീപം ആയിരുന്നു മാജിക്ക് അരങ്ങേറിയത്. പ്രദീപിനെ ചങ്ങലയില്‍ വരിഞ്ഞ ശേഷം ചങ്ങല റെയില്‍വേ ട്രാക്കില്‍ ബന്ധിക്കും. ട്രെയിന്‍ വരുന്നതിനു തൊട്ടുമുന്‍പ് പ്രദീപ് രക്ഷപ്പെടുന്നതായിരുന്നു മാജിക്. ട്രെയിന്‍ അപകടത്തിനു സാധ്യതയുള്ള മാജിക് റെയില്‍വേയുടെ അനുമതിയില്ലാതെ ട്രാക്ക് കയ്യേറി അവതരിപ്പിച്ചു എന്ന് റെയില്‍വേ അധികൃതര്‍ പരാതി നല്‍കി.
1990 ജനുവരി എട്ടിനാണു കേസില്‍ പ്രദീപ് ജില്ലാ കോടതിയില്‍ ഹാജരായത്. കേസില്‍ തെളിവില്ലെന്ന കാരണത്താല്‍ പ്രദീപിനെ കോടതി പിന്നീടു വിട്ടയച്ചു. സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്നത്തെ മാജിക് കാണാനെത്തിയിരുന്നെന്നു പ്രദീപ് ഓര്‍ക്കുന്നു.

മജിഷ്യന്‍ പ്രദീപ് ഹുഡിനോ (മധ്യത്തില്‍)
വൈക്കം മുഹമ്മദ് ബഷീറാണ് അന്നത്തെ ചടങ്ങിനു ശേഷം തന്റെ പേരിനൊപ്പം ഹുഡിനോ എന്നു കൂട്ടിച്ചേര്‍ത്തതെന്നു പ്രദീപ് പറഞ്ഞു. ഇന്ന് 1.30-ന് ബാര്‍ അസോസിയേഷന്‍ ഹാളില്‍ ജില്ലാ ജഡ്ജി എം.ആര്‍.അനിത ബാര്‍ ഫെസ്റ്റ് പരിപാടി ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha

























