എം ഡി എന്ന് സ്വയം പരിചയപ്പെടുത്തി സ്വർണ്ണ തട്ടിപ്പ്..സ്റ്റാർ ഹോട്ടലുകളിൽ ജീവിതം..തൃശ്ശൂരിൽ വമ്പൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പലതരം തട്ടിപ്പ് വീരന്മാർ നമ്മുടെ നാട്ടിലുണ്ട്. തട്ടിപ്പിനായി ഇവർ പ്രയോഗിക്കുന്ന അടവുകൾ പോലീസിനെയും കോടതിയെയും പോലും പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. തൃശ്ശൂരിൽ പുതിയൊരു തന്ത്രവുമായെത്തിയ തട്ടിപ്പ് വീരൻ അറസ്റ്റിൽ ആയ വാർത്തയാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ നേടുന്നത്. പ്രശസ്ത കമ്പനികളുടെ എം.ഡിയെന്ന് പരിചയപ്പെടുത്തി ജുവലറികളിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ നാണയങ്ങൾ തട്ടിയെടുത്ത കോഴിക്കോട് തിക്കോടി വടക്കേപുരയിൽ വീട്ടിൽ റാഹിൽ ആണ് പൊലീസിന്റെ പിടിയിലായത്.
ഫോണിൽ വിളിച്ച് തന്റെ കമ്പനിയിലെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കാനെന്നു പറഞ്ഞു ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് സ്വർണ നാണയങ്ങൾ വീതം ഇയാൾ ഓർഡർ ചെയ്യും . മാത്രമല്ല സ്വർണ്ണം പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിക്കാനും പറയും. നാണയങ്ങളുമായി എത്തുന്ന ജുവലറി ജീവനക്കാരെ ഹോട്ടലിന്റെ ലോബിയിലിരുത്തി, എം.ഡിയുടെ പി.എ ആണെന്ന് സ്വയം പരിചയപ്പെടുത്തും. എം.ഡി റൂമിൽ ഉണ്ടെന്ന് വിശ്വസിപ്പിക്കും തുടർന്ന് പണം വാങ്ങിവരാമെന്ന് പറഞ്ഞ് സ്വർണവുമായി മുങ്ങും.
കഴിഞ്ഞ ജനുവരി 29ന് തൃശൂർ പുത്തൻപള്ളിയിലെ ജുവലറിയിൽ നിന്ന് അഞ്ച് സ്വർണ നാണയങ്ങൾ ഇയാൾ തട്ടിയെടുത്തിരുന്നു. ജീവനക്കാർ നെടുപുഴ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് സിറ്റി ഷാഡോ പൊലീസിന്റെ സഹായത്തോടെ റാഹിലിനെ കുടുക്കുന്നത് . പ്രതിയെ റിമാൻഡ് ചെയ്തു.കഴിഞ്ഞ നവംബറിൽ തൃശൂരിലെ പ്രമുഖ ജൂവലറിയിൽ നിന്നും അഞ്ച് സ്വർണനാണയങ്ങൾ ഇയാൾ തട്ടിയെടുതിരുന്നു. ഡിസംബറിൽ ആലപ്പുഴയിലെ പ്രശസ്ത ജൂവലറിയിലും ഇയാൾ തട്ടിപ്പ് നടത്തി. ജനുവരിയിൽ അങ്കമാലിയിലെ ജൂവലറി ജീവനക്കാരെയും തട്ടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലിൽ നാണയം എത്തിച്ചായിരുന്നു തട്ടിപ്പ്.
സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, നെടുപുഴ സി.ഐ എ.വി. ബിജു, എസ്.ഐ സതീഷ്‌കുമാർ, ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, രാജൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് റാഹിലിനെ അറസ്റ്റ് ചെയ്തത്.വജ്ര മോതിരം, ഐ ഫോൺ എന്നിവയും ഈ തട്ടിപ്പ് വീരന് ഹരമാണ്. ജനുവരിയിൽ എറണാകുളത്തെ ജൂവലറിയിൽ വിളിച്ച് പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ എം.ഡിയാണെന്ന് പരിചയപ്പെടുത്തി 'മകൾക്ക് നൽകാൻ" എന്ന വ്യാജേന രണ്ട് വജ്ര മോതിരങ്ങൾ ഓർഡർ ചെയ്തു. തുടർന്ന് ബോൾഗാട്ടിയിലെ സ്റ്റാർ ഹോട്ടലിൽ എത്തിയ ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ വിലവരുന്ന മോതിരങ്ങളുമായി മുങ്ങി. അടുത്ത തട്ടിപ്പ് കൊല്ലത്താണ്. മൊബൈൽ ഷോപ്പിൽ വിളിച്ച് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഐ ഫോൺ പ്രോ മാക്‌സ് ഓർഡർ ചെയ്തു. ത്രീ സ്റ്റാർ ഹോട്ടലിൽ എത്തിയ ജീവനക്കാരെ വെട്ടിച്ച് മൊബൈലുമായി ഇയാൾ മുങ്ങുകയായിരുന്നു. 2018-ൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച് 2019 ഒക്ടോബറിൽ ജയിൽമോചിതനാകുകയായിരുന്നു. സ്വർണം വിറ്റ പണം ആഡംബരജീവിതത്തിനാണ് ചെലവഴിച്ചിരുന്നത്.
മലപ്പുറം ജില്ലയിലെ വാഴക്കോട്, എറണാകുളം ജില്ലയിലെ മരട്, തിരുവനന്തപുരം ജില്ലയിലെ മ്യൂസിയം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ തട്ടിപ്പുകേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തട്ടിയെടുത്ത സ്വർണനാണയങ്ങൾ പ്രതി വിറ്റഴിച്ച സ്ഥലങ്ങളിൽനിന്ന് കണ്ടെടുക്കും.
പോലീസിനെപ്പോലും അമ്പരപ്പിച്ച തട്ടിപ്പ് കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിൽ കൊച്ചു കുട്ടികളും വിദ്യാർത്ഥികൾ പോലും പോലീസ് പിടിയിലാകുന്ന. എളുപ്പത്തിൽ പണവും മറ്റ് വിലകൂടിയ വസ്തുക്കളും സ്വന്തമാക്കാനുള്ള അത്യാഗ്രഹമാണ് ഇവരെ ഇത്തരം പ്രവർത്തികളിൽ കൊണ്ടുചെന്നെത്തിക്കുന്നത്. തങ്ങൾ ഒരിക്കലും പിടിയിലാകില്ല എന്ന വിശ്വാസത്തിൽ ഇത്തരക്കാർ നടത്തുന്ന തട്ടിപ്പുകൾ അപ്പപ്പോൾ തന്നെ പുറത്തുവരാറുമുണ്ട്.
https://www.facebook.com/Malayalivartha

























