കൊറോണ വൈറസ്... സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി: വിദേശത്ത് നിന്ന് വരുന്നവര്‍ ഉത്തരവാദിത്തതോടെ സഹകരിക്കണം; സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍

കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ കേരളത്തിന് പുറത്തും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിമാനത്താവളങ്ങളില്‍ 24 മണിക്കൂറും പരിശോധന സംവിധാനം ഏര്‍പ്പെടുത്തും. വിദേശത്ത് നിന്ന് വരുന്നവര്‍ ഉത്തരവാദിത്തതോടെ സഹകരിക്കണം. അതേസമയം നിപ്പ വൈറസിന് പിന്നാലെ കൊറോണ വൈറസിനെയും പ്രതിരോധിക്കുന്നതില്‍ കേരളസര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗാവ്ബ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനമറിയിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിനന്ദനത്തെ കുറിച്ച് വ്യക്തമാക്കിയത്. നിരവധി രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്നു വിമാനത്താവളങ്ങളില്‍ മൂന്നു ഷിഫ്റ്റായി പരിശോധന ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിരീക്ഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാമെന്നും കെ കെ ശൈലജ പറഞ്ഞു. ജീവനക്കാരെ സുസജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























