തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍പണിമുടക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍; കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത മന്ത്രിയോട് നിര്‍ദ്ദേശം; ജീവനക്കാര്‍ റോഡില്‍ ബസ് നിരത്തിയിട്ട് ഗതാഗതം തടസപ്പെടുത്തിയത് ഗൗരവമായി കാണണം

തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍പണിമുടക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തിനെതിരെ കര്‍ശനടപടിയെടുക്കാന്‍ പിണറായി വിജയന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനോട് നിര്‍ദ്ദേശിച്ചു. സമരത്തെതുടര്‍ന്ന് ജീവനക്കാര്‍ റോഡില്‍ ബസ് നിരത്തിയിട്ട് ഗതാഗതം തടസപ്പെടുത്തിയത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരെ വിമര്‍ശിച്ച് മന്ത്രി എ.കെ. ശശീന്ദ്രനും രംഗത്തെത്തിയിരിരുന്നു. മിന്നല്‍ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി സമരത്തിനിടെ കുഴഞ്ഞുവീണ് യാത്രക്കാരന്‍ മരിച്ചിരുന്നു. കടകംപള്ളി സ്വദേശി സുരേന്ദ്രന്‍(60) ആണ് മരിച്ചത്. കിഴക്കേകോട്ടയില്‍ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസിനെ ചൊല്ലി സ്വകാര്യബസ് ജീവനക്കാരും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത്. അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞു. തുടര്‍ന്ന് ബസ് തടഞ്ഞ എ.ടി.ഒ.യെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.ടി.ഒ.യെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാലു മണിക്കൂറോളമാണ് നഗരം നിശ്ചലമാക്കി ജീവനക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയും തലസ്ഥാനത്തെ ഗതാഗതം നിശ്ചലമാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























