റോഡ് തടസപ്പെടുത്തിയതു ഗൗരവമായി കാണണം... കെഎസ്ആര്‍ടിസി മിന്നല്‍പണിമുടക്കില്‍ കര്‍ശന നടപടി വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗത മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി

റോഡ് തടസപ്പെടുത്തിയതു ഗൗരവമായി കാണണം... കെഎസ്ആര്‍ടിസി മിന്നല്‍പണിമുടക്കില്‍ കര്‍ശന നടപടി വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗത മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച രാവിലെ പത്തോടെ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കിഴക്കേക്കോട്ടയില്‍നിന്ന് ആറ്റുകാലിലേക്കു കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതിനു സമാന്തരമായി പെര്‍മിറ്റില്ലാത്ത സ്വകാര്യ ബസുകള്‍ സൗജന്യമായി സര്‍വീസ് നടത്തിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി എടിഒ സാം ലോപ്പസും മറ്റു രണ്ടുപേരും ഇതു തടയാനെത്തി.
കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ബസില്‍ നിന്നും യാത്രക്കാരെ ഇറക്കിയതോടെ ഇവരും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യാത്രക്കാരെ ബസില്‍ നിന്നും ഇറക്കുന്നതിന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി പോലീസും രംഗത്തെത്തി. തുടര്‍ന്ന് എടിഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കെഎസ്ആര്‍ടിസി ജീവനക്കാരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിയനുകള്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ സാം ലോപ്പസ് മര്‍ദനമുണ്ടായില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. പണിമുടക്കിനെ തുടര്‍ന്നു മണിക്കൂറുകളോളം ബസ് കാത്തു നില്‍ക്കേണ്ടിവന്ന കടകംപള്ളി സ്വദേശി സുരേന്ദ്രന്‍(60) കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞു വീണു. ഉടന്‍ തന്നെ ദൃക്‌സാക്ഷിയായ യുവതി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























