ഈ വെല്ലുവിളി ആരോട്? കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ് തര്‍ക്കം കാരണം ജനം വലഞ്ഞപ്പോള്‍ യഥാര്‍ത്ഥ കാരണം പലര്‍ക്കും അജ്ഞാതം; ഒരു യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചതോടെ എല്ലാം കൈവിട്ടു

ഇന്നലെ മലയാളികളെയാകെ ഒന്നായി ചിന്തിപ്പിച്ച സംഭവമാണ് കെ.എസ്.ആര്‍.ടി.സി.ക്കാരുടെ മിന്നല്‍ പണിമുടക്ക്. ഒരു ദിവസത്തെ കളക്ഷനായ 1.5 കോടി രൂപ കെഎസ്ആര്‍ടിസി 4 മണിക്കൂര്‍ കൊണ്ട് നഷ്ടപ്പെടുത്തിയത്. എന്താണ് ഇതിന്റെ കാരണമെന്നാണ് പലരും അന്വേഷിച്ചത്. സംഭവം ആറ്റുകാലുമായി ബന്ധപ്പെട്ടെന്നറിഞ്ഞതോടെ ഭക്തര്‍ക്കും ആവേശമായി. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് ആറ്റുകാലിലേക്കുള്ള സ്വകാര്യബസ് കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം റോഡില്‍ നിറുത്തി ആളെ കയറ്റിയതാണ് പ്രശ്‌നമായത്. ആറ്റുകാലിലേക്കുള്ള ഭക്തരെ സൗജന്യമായി കൊണ്ടു പോകുമെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ഇത് കണ്ട് കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. പാവപ്പെട്ട അമ്മമാരെ സൗജന്യമായി ആറ്റുകാലില്‍ കൊണ്ടുപോയാല്‍ അത് നല്ല കാര്യമല്ലേ. പറഞ്ഞിട്ടെന്താ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ അത് വിഷയമാക്കി. വികലാംഗനായ സ്വകാര്യ കണ്ടക്ടറെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.
പ്രശ്‌നം തീര്‍ക്കാനെത്തിയ പൊലീസും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമായി. അത് ഉന്തും തള്ളും കൈയേറ്റവുമായി. എ.ടി.ഒ ലോപ്പസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഫോര്‍ട്ട് സ്‌റ്റേഷനില്‍ കൊണ്ടുപോയി. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ഇതാണ് മിന്നല്‍ പണിമുടക്കായത്. 11 മണിയോടെ സിറ്റി സര്‍വീസും 12 മണിയോടെ സംസ്ഥാന സര്‍വീസുകളും സ്തംഭിച്ചു. ബസുകളെല്ലാം വഴിയില്‍ നിറുത്തി ജീവനക്കാര്‍ സമരത്തിനിറങ്ങി. വൈകിട്ട് നാലുമണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ മദ്ധ്യസ്ഥതയില്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എ.ടി.ഒ.യെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ തീരുമാനിച്ചു. അതോടെയാണ് സമരം അവസാനിപ്പിച്ചത്.
കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് കയറിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ കലാശിച്ചതോടെ തലസ്ഥാന നഗരം ഇന്നലെ ആറ് മണിക്കൂറാണ് സ്തംഭിച്ചത്. ജനം പൊടുന്നനെ ദുരിതത്തിലായി. സമരത്തില്‍ കുടുങ്ങി കാച്ചാണി സ്വദേശി സുരേന്ദ്രന്‍ (64) എന്ന യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി, സംസ്ഥാന, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ മുടക്കി ജീവനക്കാര്‍ സമരത്തിനിറങ്ങി. നഗരവീഥികളില്‍ കിലോമീറ്ററുകളോളം ബസുകള്‍ തലങ്ങും വിലങ്ങും നിറുത്തിയിട്ടത് ഗതാഗതക്കുരുക്കുണ്ടാക്കി.
നിയമസഭ സമ്മേളിച്ചുകൊണ്ടിരിക്കെ, തങ്ങളുടെ മൂക്കിന് താഴെ ജനത്തെ ദുരിതത്തിലാക്കി അരങ്ങേറിയ മിന്നല്‍ സമരം തീര്‍ക്കാന്‍ ഭരണാധികാരികള്‍ സമയോചിതമായി ഇടപെട്ടതുമില്ല. നിയമസഭയില്‍ ഗതാഗതമന്ത്രി അപ്പോള്‍ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ച നടത്തുകയായിരുന്നു.സ്വകാര്യബസുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ട പൊലീസ്, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ലോപ്പസിനെ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ കൊണ്ടു പോകുകയും ചെയ്തതാണ് മിന്നല്‍ സമരത്തിന് തീപ്പൊരിയിട്ടത്. ലോപ്പസിനെ വിടാതെ ബസില്‍ കയറില്ലെന്ന് ജീവനക്കാരും അറസ്റ്റില്‍ നിന്ന് പിന്‍മാറാതെ പൊലീസും വാശിപിടിച്ചു. കുഴഞ്ഞുവീണ യാത്രക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചതോടെയാണ് ജീവനക്കാരും പൊലീസും വഴങ്ങിയത്. ഗതാഗതക്കുരുക്ക് കാരണം സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാന്‍ ഒന്നരമണിക്കൂര്‍ വൈകി.
ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഫോണിലൂടെയും വാട്‌സ് ആപ്പ് വഴിയും പ്രചരിച്ചതോടെ സിറ്റി ബസുകള്‍ പൊടുന്നനെ നിറുത്തിയത് ജനത്തെ വലച്ചു. പൊരിവെയിലത്ത് അവര്‍ മണിക്കൂറുകളോളം കാത്തുനിന്നു. എം.ജി റോഡില്‍ കിഴക്കേകോട്ട മുതല്‍ സെക്രട്ടേറിയറ്റ് വരെ റോഡിന്റെ ഇരുവശങ്ങളിലുമായി അറുന്നൂറോളം ബസുകളാണ് നിറുത്തിയിട്ടത്. ഓവര്‍ബ്രിഡ്ജ് തമ്പാനൂര്‍ റോഡില്‍ സിറ്റി ബസുകളും ദീര്‍ഘദൂര ബസുകള്‍ റെയില്‍വേ സ്‌റ്റേഷന് മുന്നിലെ റൗണ്ടിലും നിറുത്തിയിട്ടു. ഇതോടെ നഗരത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. വികാസ് ഭവന്‍, പാപ്പനംകോട്, പേരൂര്‍ക്കട ഡിപ്പോകളിലും ബസുകള്‍ നിറുത്തിയിട്ട് ഡ്രൈവര്‍മാര്‍ പണിമുടക്കി. ഓടിയ സ്വകാര്യ ബസുകള്‍ മണിക്കൂറുകളോളം കുരുക്കില്‍ പെട്ടു. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും പോകാനായില്ല. രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താനായില്ല. ട്രെയിനില്‍ എത്തിയവര്‍ നഗരത്തില്‍ കുടുങ്ങി. സി.ബി.എസ്.ഇ പരീക്ഷാര്‍ത്ഥികളും അഭിമുഖങ്ങള്‍ക്കെത്തിയ ഉദ്യോഗാര്‍ത്ഥികളും വലഞ്ഞു. യാത്രക്കാര്‍ പലയിടത്തും റോഡിലിറങ്ങി പ്രതിഷേധിച്ചു. ഇത്രയേറെ ബുദ്ധിമുട്ടിച്ച സമരം കേവലം കെഎസ്ആര്‍ടിസിക്ക് കിട്ടുമായിരുന്ന 1000 രൂപയ്ക്ക് വേണ്ടി മാത്രമാണ്. പക്ഷെ സൗജന്യയാത്ര പ്രതീക്ഷിച്ച് കയറിയ അമ്മ ഭക്തര്‍ ഇവരോട് പൊറുക്കില്ല.
https://www.facebook.com/Malayalivartha
























