സുരക്ഷാ പരിശോധനയില്‍ ഉല്ലാസ ബോട്ടുകളിലെ പ്രഥമശുശ്രൂഷാ കിറ്റുകള്‍ കാലഹരണപ്പെട്ടതെന്ന് കണ്ടെത്തി

കോവളം തീരത്തെ ഉല്ലാസ ബോട്ടുകളില്‍ തുറമുഖ വകുപ്പ് വിഴിഞ്ഞം മേഖലാ ഓഫിസറുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ബോട്ടുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയതായി പരിശോധനയ്ക്കു നേതൃത്വം നല്‍കിയ തുറമുഖ വകുപ്പ് വിഴിഞ്ഞം മേഖലാ പോര്‍ട്ട് ഓഫിസര്‍ ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ ജിസ്‌മോന്‍ ജേക്കബ് പറഞ്ഞു.
പരിശോധനാ സംഘം, കാലഹരണപ്പെട്ടതാണെന്നു കണ്ടെത്തിയ പ്രഥമശുശ്രൂഷാ കിറ്റുകള്‍ മാറ്റി പുതിയവ സൂക്ഷിക്കാനും അംഗീകൃത ലൈഫ് ജാക്കറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ബോട്ടുടമകള്‍ക്കു നിര്‍ദേശം നല്‍കി.
തീരത്ത് അനധികൃതമായി കുട-കട്ടില്‍ എന്നിവ വാടകയ്ക്കു നല്‍കുന്നുണ്ടോ എന്നതടക്കമുള്ള പരിശോധനയും സംഘം നടത്തി.
അനധികൃത പെട്ടിക്കടകള്‍ പ്രവര്‍ത്തിക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പു നല്‍കി.പുലിമുട്ടുകളും സംഘം സന്ദര്‍ശിച്ചു.
പര്‍സര്‍ സുരേന്ദ്രനാഥ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ കിരണ്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പരിശോധന നടത്തുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha

























