ഓട്ടോമാറ്റിക് 'ഓണ്‍ലൈന്‍ കത്തി'-യുമായി ഭീതി വിതയ്ക്കുന്ന ലഹരിമാഫിയ!

ബൈക്കുകളില്‍ ലഹരിമരുന്ന് കച്ചവടത്തിനായി പായുന്ന ചെറുപ്പക്കാരുടെ ഏറ്റവും പുതിയ ആയുധം ഓണ്‍ലൈനിലൂടെ വാങ്ങുന്ന അതീവ മൂര്‍ച്ചയുള്ള, സ്വിച്ചിട്ടാല്‍ നിവരുന്ന കത്തികള്‍. ഇത്തരം കത്തികള്‍ പൊലീസിന്റേയും എക്‌സൈസിന്റേയും വരെ ഉറക്കം കെടുത്തുന്നു. കൊല്ലം ജില്ലയില്‍ അടുത്തിടെ പിടികൂടിയ കഞ്ചാവുസംഘങ്ങളില്‍ പലരില്‍ നിന്നും ഇത്തരം സ്റ്റീല്‍ കത്തികള്‍ കണ്ടെടുത്തു. കൊട്ടിയത്ത് അടുത്തിടെ ഇരുപത്തൊന്നുകാരന്‍ കൊല്ലപ്പെട്ടത് ഇതേ കത്തി കൊണ്ടുള്ള കുത്തേറ്റാണെന്നു പൊലീസ്. കേസില്‍ പിടിയിലായ 2 പേരില്‍ നിന്നാണു കത്തി പിടിച്ചെടുത്തത്. പിടിയിലായ പ്രതികളിലൊരാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടു പോലുമില്ല!
സ്റ്റീല്‍ കത്തി കൊണ്ടു വയറ്റില്‍ ആഴത്തില്‍ കുത്തേറ്റാണു യുവാവ് മരിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ പ്രശ്‌നത്തിന്റെ പേരിലായിരുന്നു കത്തിക്കുത്ത്. പള്ളിമുക്കില്‍ അടുത്തിടെ നടന്ന രണ്ടുമൂന്നു കുത്തുകേസുകളിലും പ്രധാന വില്ലന്‍ 'ഓണ്‍ലൈന്‍ കത്തി' ആണെന്ന് പൊലീസ് പറയുന്നു. പള്ളിമുക്കിലെ ജ്യൂസ് കടയില്‍ കഞ്ചാവ് സംഘത്തെ സൂക്ഷിച്ചു നോക്കി എന്ന പേരിലാണു കുത്ത് നടന്നത്. കഞ്ചാവ് സംഘത്തില്‍പ്പെട്ടവര്‍ കടയിലേക്കു കയറുമ്പോള്‍ അവിടെ നിന്നയാള്‍ സൂക്ഷിച്ചു നോക്കിയെന്നു പറഞ്ഞായിരുന്നു 'ഓണ്‍ ലൈന്‍ കത്തി' പ്രയോഗം.
കൊല്ലം നഗരത്തിലുള്‍പ്പെടെ രാത്രി ലഹരിമരുന്നുമായി ചുറ്റിക്കറങ്ങുന്ന സംഘങ്ങള്‍ ഓണ്‍ലൈന്‍ കമ്പനികള്‍ വഴി വിവിധ തരം കത്തികള്‍ വാങ്ങുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ആരെങ്കിലും കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാലോ ഏറ്റുമുട്ടലുണ്ടായാലോ ഉടന്‍ കത്തി പ്രയോഗം നടത്തി രക്ഷപ്പെടാനാണിത്. കത്തി ദേഹത്തു കുത്തുമ്പോള്‍ പോലും അറിയാത്തത്ര മൂര്‍ച്ചയിലാണ് ഇവയുടെ പ്രയോഗമെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























