സ്ത്രീക്കും പുരുഷനും പുറമെ ബ്രാഹ്‌മണര്‍ക്കും പ്രത്യേകം ശുചിമുറികള്‍; സാക്ഷര കേരളത്തിന് അപമാനം; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ബ്രാഹ്മണര്‍ക്കായി പ്രത്യേക ശൗചാലയം എന്ന ബോര്‍ഡുവച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ മൂന്ന് ബോര്‍ഡുകള്‍വച്ച ശൗചാലയങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളോടുകൂടി പ്രചരിക്കുന്നത്.
തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. വിഷയത്തില്‍, ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ശൗചാലയമാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ഒരു ബോര്‍ഡ് സ്ഥാപിച്ചതെന്നുമാണ് വിശദീകരണം. ഇതുസംബന്ധിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്.
" സ്ത്രീക്കും പുരുഷനും ഉള്ളത് പോലെ പ്രത്യേകം ശുചിമുറികള്‍ ബ്രാഹ്മണര്‍ക്കും എന്ന ബോര്‍ഡ് വെക്കുന്നതിലൂടെ ബ്രാഹ്മണര്‍ മറ്റു മനുഷ്യരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നവരും സമൂഹം ഭയഭക്തിപൂര്‍വ്വം ബഹുമാനിക്കപ്പെടേണ്ടവനാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. സാക്ഷര കേരളത്തിന് അപമാനകരമാണ് ഇത്തരം സൂചനാ ബോര്‍ഡുകള്‍" എന്ന് ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പുരാതന ഇന്ത്യയില്‍ ബ്രാഹ്മണ പുരുഷാധിപത്യ പൗരോഹിത്യം തങ്ങളുടെ അതിജീവനത്തിനായി നടപ്പാക്കിയ ജാതി വ്യവസ്ഥയാണ് ചാതുര്‍വര്‍ണ്യം. സമൂഹത്തിലെ ധാര്‍മ്മികതയെയും സംസ്കാരത്തെയും പൂര്‍ണ്ണമായും നശിപ്പിച്ച് ജാതീയ അധീശത്തെ മഹത്വവല്‍ക്കരിക്കുന്ന ജാതീയ വിഭജന തന്ത്രത്തിലധിഷ്ഠിതമായ ബ്രാഹ്മണ മേധാവിത്വ വ്യവസ്ഥിതിയാണിത്. ബ്രാഹ്മണ വംശീയതയും അതിന്റെ സഹസ്ര ഹസ്തങ്ങളായ ജാതീയതയും ഇന്ത്യയെ ബാധിച്ച അര്‍ബുദമാണ്.
നവോത്ഥാന മൂല്യങ്ങള്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ ഉഴുതുമറിച്ച ഭൂപ്രദേശമായിരുന്നു നമ്മുടെ കേരളം. നവോത്ഥാനത്തിന്റെ ഉള്ളടക്കം മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ പ്രാപ്തനാക്കുക എന്നതായിരുന്നു. യുക്തിചിന്തയും ശാസ്ത്രബോധവുമെല്ലാം ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തിയിരുന്ന ഒരു ഇടം കൂടിയായിരുന്നു കേരളം.
എന്നാല്‍ നവോത്ഥാന ചിന്താധാരകളെ ചവിട്ടിമെതിച്ച് മനുഷ്യവിരുദ്ധമായ ദുരാചാരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന അവസ്ഥയിലേക്കാണ് നമ്മുടെ നാട് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമര്‍ത്ഥമായ ഇടപെടലുകളിലൂടെ കേരളജനത അറപ്പോടെയും വെറുപ്പോടെയും തിരസ്കരിച്ച പല ദുരാചാരങ്ങളേയും ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്നത്. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെയാണ് ബ്രാഹ്മണര്‍ക്ക് സ്ഥാനമെന്നും അതുകൊണ്ട് ബ്രാഹ്മണാധിപത്യമുള്ള വ്യവസ്ഥിതി വരണമെന്നുമുള്ള ചിന്ത ഊട്ടി ഉറപ്പിക്കാനായുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ അരങ്ങേറുന്നത്.
തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയപ്പോള്‍ പ്രിയസുഹൃത്ത് അര്‍വിന്ദ് പകര്‍ത്തിയ ഈ ദൃശ്യം നവോത്ഥാന കേരളത്തിലേക്ക് അനാചാരങ്ങള്‍ അതിവേഗം കടന്നു വരുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ്. സ്ത്രീക്കും പുരുഷനും ഉള്ളത് പോലെ പ്രത്യേകം ശുചിമുറികള്‍ ബ്രാഹ്മണര്‍ക്കും എന്ന ബോര്‍ഡ് വെക്കുന്നതിലൂടെ ബ്രാഹ്മണര്‍ മറ്റു മനുഷ്യരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നവരും സമൂഹം ഭയഭക്തിപൂര്‍വ്വം ബഹുമാനിക്കപ്പെടേണ്ടവനാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. സാക്ഷര കേരളത്തിന് അപമാനകരമാണ് ഇത്തരം സൂചനാ ബോര്‍ഡുകള്‍.
https://www.facebook.com/Malayalivartha
























