മന്നാക്കുടി ടണല്‍ മുഖത്തെ കൂറ്റന്‍ പാറക്കഷണം തകര്‍ത്തു; ഇനി ഇടുക്കി ഡാമിലേക്ക് തടസ്സമില്ലാതെ വെള്ളം ഒഴുകിയെത്തും

മന്നാക്കുടി ടണല്‍ മുഖത്തേക്ക് 2018-ലെ പ്രളയകാലത്തു പതിച്ച പാറക്കഷണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂര്‍ണമായി തകര്‍ത്തതോടെ ഇനി കല്ലാര്‍ ഡാമിലെ വെള്ളം ഇടുക്കി ഡാമിലേക്കു തടസ്സമില്ലാതെ ഒഴുകും. അതറിയാനായി കല്ലാറ്റില്‍ നിന്നു ടണലിലൂടെ വെള്ളം ഒഴുക്കി ട്രയല്‍ റണ്‍ നടത്തിനോക്കി.
ടണലിനു ക്ഷതം ഏല്‍ക്കാതിരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ജോലികള്‍ നടത്തിയത്. ടണല്‍ മുഖത്തും പുഴ ഒഴുകുന്ന ഭാഗത്തും കൂനയായി കിടന്നിരുന്ന കരിങ്കല്ലും മണ്ണും മറ്റ് അവശിഷ്ടങ്ങളും ഹിറ്റാച്ചി ഉപയോഗിച്ചു മാറ്റിയ ശേഷമാണ് പാറ നിയന്ത്രിത സ്‌ഫോടനത്തിലുടെ പൊട്ടിച്ചു മാറ്റിയത്. 30 അടി ഉയരവും, 30 അടി വ്യാസവുമുള്ള പാറക്കഷണമാണു ടണല്‍ മുഖത്തു പതിച്ചിരുന്നത്. 1700 എം ക്യൂബ് കരിങ്കല്ലു പൊട്ടിച്ചുമാറ്റി. കല്ല് പൂര്‍ണമായും നീക്കം ചെയ്യാന്‍ 30 ദിവസം വേണ്ടിവന്നു.
2 വര്‍ഷമായി ഇതു മാറ്റാന്‍ ഡാം ടണല്‍ സേഫ്റ്റി വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാതെ വന്നതോടെ ഇതിലെ ഉദ്യോഗസ്ഥ വീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണു ഇ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പാറ പൊട്ടിക്കല്‍ ആരംഭിച്ചത്. കഴിഞ്ഞ 2 കാലവര്‍ഷക്കാലത്തും കനത്ത മഴ ജില്ലയില്‍ പെയ്തതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു. 2018, 2019 വര്‍ഷങ്ങളില്‍ കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. മഴ പെയ്താല്‍ കല്ലാര്‍ ടണലിലൂടെ വെള്ളം പുറത്തേക്കു കടത്തിവിടാന്‍ കഴിയാതെ വരികയും കല്ലാര്‍ ഡാം പെട്ടെന്നു നിറയുകയും ചെയ്യുന്ന സാഹചര്യം എത്തിയതോടെ ഡാം തുറന്നു വെള്ളം ഒഴുക്കി കളയുകയായിരുന്നു.
ടണല്‍ മുഖത്തെ തടസ്സം നീക്കുന്നതോടെ ഇത്തവണ കാലവര്‍ഷക്കാലത്ത് വെള്ളം ഇടുക്കി ഡാമിലേക്ക് എത്തിക്കാന്‍ കഴിയും. കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ സാന്നിധ്യത്തിലാണു കൂറ്റന്‍ പാറ പൊട്ടിച്ചുനീക്കിയത്. പാറ വീണു ടണല്‍ മുഖം അടഞ്ഞതോടെ കഴിഞ്ഞ 2 വര്‍ഷം കൊണ്ടു കെഎസ്ഇബിക്ക് 450 ദശലക്ഷം യൂണിറ്റിന്റെ വൈദ്യുതി നഷ്ടമുണ്ടായി. വര്‍ഷം തോറും 225 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള വെള്ളമാണു കല്ലാര്‍ പുഴയില്‍ നിന്നു മന്നാക്കുടി ടണലിലൂടെ ഇടുക്കി ഡാമിലെത്തിച്ചേരുന്നത്.
https://www.facebook.com/Malayalivartha
























