ബുൾസ് ഐയും പകുതി വേവിച്ച ചിക്കനും ഒഴിവാക്കുക...വ്യാജ പ്രചാരണങ്ങളിൽ ഭയപ്പെടേണ്ട...പക്ഷിപ്പനി പകരുന്ന സാഹചര്യത്തിൽ ഇവ ശ്രദ്ധിക്കാം

കൊറോണ വൈറസ് ബാധ ലോകമൊട്ടാകെ ഭീതിയിലാഴ്ത്തുമ്പോൾ കേരളത്തിൽ മറ്റൊരു മഹാമാരികൂടി ഭയം വിതറുകയാണ്. കോഴിക്കോടും മലപ്പുറത്തും വ്യാപകമാകുന്ന പക്ഷിപ്പനിയാണ് സംസ്ഥാനത്തെ ഇപ്പോൾ വിറപ്പിക്കുന്നത്. 14 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിനോടൊപ്പമാണ് സംസ്ഥാനത്തിപ്പോൾ പക്ഷിപ്പനി ഭീതി പരത്തുന്നത് .കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്‌ഥാനമൊട്ടാകെ സ്തംഭനാവസ്ഥയിലാണ്. പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ ആയിരത്തിലധികം പക്ഷികളെയാണ് ഇതുവരെ കൊന്നു കത്തിച്ചത്.
കൊറോണ വൈറസിനൊപ്പം പക്ഷിപ്പനികൂടി വ്യാപരിച്ചതോടെ രോഗബാധ സംബന്ധിച്ച് അനവധി സംശയങ്ങളും വ്യാജ പ്രചാരണങ്ങളും നിലവിലുണ്ട്. സമൂഹ മാധ്യമങ്ങളിലും മറ്റുമാണ് ഇത്തരം പ്രചാരണങ്ങൾ സജീവമാകുന്നത്. പക്ഷിപ്പനി തുടരുന്ന സാഹചര്യത്തിൽ കോഴിയിറച്ചി, മുട്ട എന്നിവ ഭക്ഷിക്കാമോ എന്നുള്ള സംശയങ്ങളും വ്യാപകമായി നിലവിലുണ്ട്. മാംസാഹാരവും മുട്ടയും ഭക്ഷിക്കുന്നതിലൂടെ പക്ഷിപ്പനി കൊറോണ എന്നിവ പകരുമോയെന്ന സംശയം അനവധി ചർച്ചകൾക്കും വഴിവെക്കുന്നുണ്ട്. എന്നാൽ ഇത്തരം സംശയങ്ങൾ ദൂരീകരിക്കേണ്ടതും അനിവാര്യം തന്നെയാണ്.
പക്ഷിപ്പനിക്കു കാരണമായ വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിനുള്ളിൽ നശിച്ചു പോകുമെന്നതിനാൽ നന്നായി പാചകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നു മൃഗസംരക്ഷണ ഡയറക്ടർ അറിയിച്ചിരിക്കുകയാണ് . ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ടയും മാംസവും കഴിക്കരുത്. പച്ച മാംസം കഷണങ്ങളാക്കാനും പാചകത്തിനും എടുത്താൽ കൈകൾ നന്നായി കഴുകേണ്ടതും അനിവാര്യമാണ്. കോഴിയിറച്ചിയോ, മുട്ടയോ കഴിച്ചാൽ കോവിഡ്–19 ബാധിക്കുമെന്നതിൽ ഇതുവരെ ശാസ്ത്രീയ സ്ഥിതീകരണം ഒന്നും വന്നിട്ടില്ല . വൈറസ് ബാധയേറ്റവരുടെ സ്രവങ്ങൾ, സ്പർശനം ഏറ്റ സ്ഥലങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണു രോഗം പകരുക. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു കോവിഡ് പകരുമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ പഠനങ്ങൾ തുടരുകയാണ് . പക്ഷിപ്പനിയെ തുടർന്ന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കോഴികളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടുന്ന വർഷങ്ങൾ പഴക്കമുള്ള വിഡിയോ ആണു വ്യാജ സന്ദേശത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതേസമയം, കോഴിക്കോട് നഗരത്തിലെ ഹോട്ടലുകൾ കോഴി വിഭവങ്ങൾ വിളമ്പുന്നതു തൽക്കാലം നിർത്തി വെച്ചു . പക്ഷിപ്പനിയെക്കുറിച്ചുള്ള പേടി തന്നെയാണ് കാരണം. നോൺ വെജിറ്റേറിയൻ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണി ഇപ്പോൾ എവിടെയും ഇല്ല. കോഴിയിറച്ചി ഇനി ഒരറിയപ്പുണ്ടാകും വരെ ഉപയോഗിക്കേണ്ടതില്ലെന്നാണു ഹോട്ടലുകാരുടെ തീരുമാനം.കോഴിയിറച്ചി വിഭവങ്ങൾ ഇല്ലാതായതോടെ പല ഹോട്ടലുകളിലും കച്ചവടം പകുതിയിൽ താഴെയായി. ബിരിയാണി, അൽഫാം, ഷവായ, ബ്രോസ്റ്റഡ് ചിക്കൻ തുടങ്ങി എല്ലാം അപ്രത്യക്ഷമായി. ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കച്ചവടം കുറഞ്ഞതു കാരണം ചില ഹോട്ടലുകൾ പൂട്ടിയിട്ടുമുണ്ട്. ഇറച്ചിവിൽപന തടഞ്ഞതിനാൽ കോഴിക്കടകളും എല്ലാം പൂട്ടി. കോഴികളടക്കം പക്ഷികൾ ചത്തുവീഴാൻ തുടങ്ങിയതോടെ രോഗബാധയ്ക്കു സാധ്യതയുള്ള മേഖലകളിൽ വളർത്തുപക്ഷികളെ കൂട്ടമായി കൊന്നു കത്തിച്ചുകളയുകയാണ്.
എന്നാൽ വ്യാജ പ്രചാരണങ്ങൾ നിരവധി പ്രചാരത്തിലുള്ള സാഹചര്യത്തിൽ യാഥാർഥ്യം കണ്ടെത്തേണ്ടത് വളരെ അനിവാര്യമാണ്. വ്യക്തി ശുചിത്വം പാലിക്കുക എന്നത് തന്നെയാണ് രോഗം പ്രതിരോധിക്കാനുള്ള പ്രധാന മാർഗം..
https://www.facebook.com/Malayalivartha


























