പുലർച്ചെ രണ്ട് മണിക്ക് വിളിച്ചാലും ഫോൺ എടുക്കാൻ ടീച്ചറുണ്ട്; ഈ ആരോഗ്യമന്ത്രി അഭിമാനമാണ്; വൈറലായി കുറിപ്പ് ; ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയാണ് കെ കെ ഷൈലജടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയത്

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ അഭിനന്ദിച്ച് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. മാധ്യമങ്ങളെ കാണാനോ കാണിക്കാനോ ഉള്ള അമിതാവേശമല്ല ആരോഗ്യമന്ത്രിയിൽ താൻ കാണുന്നതെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.
നിപയുടെ കാലത്ത് തന്നെ ആരോഗ്യ എമർജൻസികളെ മുന്നിൽ പോയി നിന്ന് നയിക്കുകയാണ് ടീച്ചർ. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകുന്നു, ഡോക്ടർമാർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പാക്കുന്നു, രാത്രി പന്ത്രണ്ട് മണിക്ക് പോലും ജൂനിയർ ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നു. രാവിലെ രണ്ടു മണിക്ക് ടീച്ചറുടെ ഫോൺ ബെല്ലടിക്കുമ്പോൾ ഒന്നാമത്തെ ബെല്ലിന് ഫോൺ എടുത്തത് ടീച്ചർ തന്നെയാണെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടിയതായി മുരളി പറഞ്ഞു. കൊറോണക്കാലത്ത് നമ്മുടെ ആളുകൾ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത്, കാര്യങ്ങൾ കൃത്യമായി നോക്കി ടീച്ചർ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണെന്നും ഈ ആരോഗ്യമന്ത്രി അഭിമാനമാണെന്നും മുരളി ഫേസ്ബുക്കിൽ വ്യക്തമാക്കി.
കൊറോണക്കാലത്തെ വാർത്താ സമ്മേളനം എന്നുപറഞ്ഞാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത് .ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ
ഒരു എമർജൻസി നന്നായി കൈകാര്യം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് ആളുകളിൽ അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതും.
വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യുന്നവർ ദിവസവും പത്രലേഖകരെ കാണണമെന്നും അവർക്കറിയാവുന്ന വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കണമെന്നുമാണ് ഈ രംഗത്ത് ജോലി ചെയ്ത് തുടങ്ങിയ കാലത്ത് തന്നെ ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങൾ അത് തന്നെയാണ് പഠിപ്പിക്കുന്നതും. ദുരന്തകാലത്ത് വാർത്തകൾ അറിയാൻ ആളുകൾക്ക് വലിയ താത്പര്യം ഉണ്ടാകുമെന്നതിനാൽ ഉത്തരവാദിത്തപ്പെട്ടവർ ശരിയായ വാർത്തകൾ നൽകിയില്ലെങ്കിൽ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി പ്രശ്‌നം ഏറ്റെടുക്കും. പൊട്ടക്കണക്കും ഊഹാപോഹങ്ങളുമായി മാധ്യമങ്ങൾ നിറയും, ആളുകൾ പരിഭ്രാന്തരാകും. എമർജൻസി സാങ്കേതികമായി എത്ര നന്നായി കൈകാര്യം ചെയ്താലും പ്രശ്‌നം കൈവിട്ട് പോകും. ദുരന്ത പ്രദേശങ്ങളിൽ വസ്തുവകകളുടെ പൂഴ്ത്തിവെയ്പ്പും കൂട്ടപ്പലായനവും ഉണ്ടാകുന്നത് ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവർ വേണ്ടത്ര വിവരങ്ങൾ പങ്കുവെക്കാത്തത് കൊണ്ടാണ്.
https://www.facebook.com/Malayalivartha


























