ബ്രേക്ക് ദ ചെയിന്‍... കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ ജനങ്ങളെ കൊറോണയ്‌ക്കെതിരെ പോരാടാന്‍ സജ്ജമാക്കുന്നതില്‍ മുന്നില്‍ തന്നെ

കോവിഡ് 19 വൈറസിന്റെ സമൂഹത്തിലെ വ്യാപനം ചെറുക്കുന്നതിന് ഡിജിറ്റല്‍ മാധ്യമത്തെ ഉപയോഗിക്കുന്നതിന് കേരള പോലീസ് ആദ്യം മുതല്‍ക്കേ വളരെയേറെ മുന്നിലാണ്. കോവിഡ് 19 സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ തടയുന്നതിനും രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും കേരളാ പോലീസ് ഡിജിറ്റല്‍ രംഗത്ത് സുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ കൊറോണയെ നേരിടാന്‍ കേരള പോലീസ് വീഡിയോകളിലൂടെയും ക്ലിപ്പുകളിലൂടെയും നടത്തുന്ന സര്‍ഗാത്മക സൃഷ്ടികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും അടക്കം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയുണ്ടായി. കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തില്‍, എഡിജിപി മനോജ് എബ്രഹാം, ഐപിഎസ് നയിക്കുന്ന കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ ജനങ്ങളെ കൊറോണയ്‌ക്കെതിരെ പോരാടാന്‍ സജ്ജമാക്കുന്നതില്‍ വളരെയേറെ മുന്‍പന്തിയിലാണ്.
കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ എല്ലാ പോസ്റ്റുകളും വീഡിയോകളും നര്‍മത്തിന്റെ അംശം കലര്‍ത്തി ഈ മാരക രോഗത്തെ എങ്ങനെ ചെറുക്കാമെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വിവരിക്കുന്നവയാണ്. കേരള പോലീസിന്റെ നാല് കൊറോണ ബോധവല്‍ക്കരണ വീഡിയോകള്‍ ആണ് സമൂഹ മാധ്യങ്ങളിലെ ഏറ്റവും ട്രെന്‍ഡിങ് ആയ വീഡിയോകളില്‍ ഉളളത്. ഈ സര്‍ഗാത്മക സൃഷ്ടികളെല്ലാം കേരള പോലീസ് സ്വന്തം കര വിരുതില്‍ തീര്‍ത്തവയാണ്, ഈ സൃഷ്ടികളുടെ അഭിനേതാക്കളും സംവിധായകരും നിര്‍മാതാക്കളും എല്ലാം പോലീസ് ഓഫീസര്‍മാര്‍ തന്നെയാണെന്ന് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
ഹാന്‍ഡ് വാഷിങ് ഡാന്‍സ് വീഡിയോ കേരളാ പോലീസിന് അന്തര്‍ദേശീയ ശ്രദ്ധയാണ് നേടിത്തന്നത്, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൈകള്‍ കഴുകുന്നത് രസകരമായ നൃത്തത്തിന്റെ അകമ്പടിയോടെ കാണിക്കുകയാണ് ഈ വീഡിയോയില്‍. ബിബിസി, ഫോക്‌സ് ന്യൂസ് അടക്കമുളള എല്ലാ അന്തര്‍ദേശീയ മാധ്യമങ്ങളും ഈ വീഡിയോ സംബന്ധിച്ച വാര്‍ത്ത നല്‍കുകയുണ്ടായി. ഫെയ്‌സ്ബുക്കില്‍ എട്ട് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്, കൂടാതെ 28,000 ഷെയറുകളും 2,000 കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. അയപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്നു തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ച് ആറ് പോലീസുകാര്‍ കൈകള്‍ എങ്ങനെയാണ് കൊറോണയെ പ്രതിരോധിക്കാന്‍ കഴുകേണ്ടത് എന്ന് വിവരിക്കുന്നു.
കൊറോണ വൈറസിനെക്കുറിച്ചുളള അനിമേറ്റഡ് വീഡിയോ റിലീസ് ചെയ്ത് 12 മണിക്കൂറിനുളളില്‍ തന്നെ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ 1.2 മില്ല്യണ്‍ ആളുകളാണ് കണ്ടത്, ബ്രേക്ക് ദ ചെയിന്‍ എന്ന ആശയത്തെ ആസ്പദമാക്കി നിര്‍മിച്ച ഈ വീഡിയോ വാട്ട്‌സ് ആപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ കടവുളേ പോലെ എന്ന പാട്ടാണ് പശ്ചാത്തല ഗാനമായി ചേര്‍ത്തിരിക്കുന്നത്. വീഡിയോയിലെ എല്ലാ അഭിനേതാക്കളും പോലീസ് ഓഫീസര്‍മാര്‍ ആണെന്നത് കൂടാതെ സംവിധാനം, നിര്‍മാണം, എഡിറ്റിങ്, രചന തുടങ്ങിയവയും കേരള പോലീസ് സോഷ്യല്‍ മീഡിയ ടീം ആണ് നിര്‍വഹിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ സങ്കേതത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിന് മാത്രമല്ല പ്രളയം പോലുളള ദുരന്തങ്ങളെ നേരിടുന്നതിനും ഏറ്റവും അവസാനം കോവിഡ് 19 അടക്കമുളള മഹാമാരികളെ ചെറുക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കാമെന്ന് കേരള പോലീസ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനും വൈറസും തമ്മിലുളള യുദ്ധത്തില്‍ ഈ രോഗത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിനായി കൂടുതല്‍ ക്രിയാത്മക വീഡിയോകള്‍ വരും നാളുകളില്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ കാഴ്ചവെക്കുന്നതാണ്.
https://www.facebook.com/Malayalivartha

























