വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ ഗതാഗത വകുപ്പ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കി. എന്‍ജിനും ഷാസിയും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. മാറ്റങ്ങള്‍ വരുത്തുന്നത് ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.
1988ലെ മോട്ടോര്‍ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ അനുമതി വാങ്ങേണ്ടത്. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തുകയും ചെയ്യണം. അതേസമയം നിറം മാറ്റുന്നത് രജിസ്റ്ററിംഗ് അതോറിട്ടിയുടെ അനുമതിയോടെ ആര്‍.സിയില്‍ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ പാടുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മോട്ടോര്‍ വാഹനചട്ടം 121 പ്രകാരമോ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ തീരുമാനങ്ങള്‍ പ്രകാരമോ നിരോധിക്കപ്പെട്ട നിറങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
എന്‍ജിന്‍ മാറ്റുമ്പോള്‍ , വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന അതേ സ്‌പെസിഫിക്കേഷനിലുള്ള ( ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എന്‍ജിന്‍ ആര്‍.സിയില്‍ രേഖപ്പെടുത്തി മാത്രമേ മാറ്റിവയ്ക്കാനാവൂ. ഒരേ നിര്‍മ്മാതാവിനറെ എന്‍ജിനായിരിക്കണം. മറ്റേതെങ്കിലും വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിവയ്ക്കാന്‍ അനുമതിയില്ല.
ഷാസി ഫ്രെയിം മാറ്റവും ബോഡിഘടനയിലെ മാറ്റവും മുന്‍കൂര്‍ അനുമതിയോടെ ആര്‍.സിയില്‍ രേഖപ്പെടുത്തി അനുവദിക്കും. എന്നാല്‍ ഒരുതരത്തിലുള്ള വാഹനത്തിനായി നിര്‍മ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റാന്‍ അനുമതിയുണ്ടാകില്ല. ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പല്‍ഷന്‍ സിസ്റ്റം പരിഷ്‌കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മിഷണര്‍ ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും അയച്ചു.
https://www.facebook.com/Malayalivartha


























