നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്ക് ആഹാരവുമായി കോട്ടയം നഗരസഭ

കോട്ടയം നഗരസഭയും നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പാര്‍പ്പിക്കാന്‍ കേന്ദ്രം തുടങ്ങി. ലോക് ഡൗണ്‍ ശക്തമാക്കാന്‍ ഉദ്ദേശിച്ചാണ് നടപടി. നഗരസഭയുടെ നിലവിലുള്ള ഭക്ഷണശാല കമ്യൂണിറ്റി കിച്ചന്‍ ആക്കി മാറ്റി. ഹോം ക്വാറന്റീനില്‍ ഒറ്റപ്പെട്ടു കഴിയുന്ന നിരാശ്രയര്‍ക്ക് നഗരസഭ ഇന്നു മുതല്‍ ഭക്ഷണം എത്തിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്കാണു പ്രവര്‍ത്തനച്ചുമതല. തിരുനക്കരയിലും നാഗമ്പടത്തും അലഞ്ഞുതിരിഞ്ഞു നടന്ന യാചകരെയും മറ്റും പൊലീസിന്റെ സഹായത്തോടെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി.
പിങ്ക് പൊലീസും ഈസ്റ്റ് - വെസ്റ്റ് പൊലീസും 5 മണിക്കൂര്‍ പണിപ്പെട്ടാണു യാചകരെ പിടികൂടിയത്. 3 മണി മുതല്‍ 8 വരെ നടത്തിയ പരിശോധനയിലൂടെ 115 പേരെ തിരുവാതുക്കല്‍ കമ്യൂണിറ്റി സെന്ററിലേക്കു മാറ്റി. പലരും പൊലീസിനെക്കണ്ട് ഓടിയൊളിക്കാന്‍ ശ്രമിച്ചു. ബലം പ്രയോഗിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാതെ നിന്നവരുണ്ട്. ഒടുവില്‍ പൊലീസിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കൂടുതല്‍ പേരെ വരുതിയിലാക്കാന്‍ കഴിഞ്ഞു. തിരുവാതുക്കല്‍ കേന്ദ്രത്തില്‍ പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തി.

ഇത്രയും പേരെ ഒരുമിച്ചു പാര്‍പ്പിക്കാന്‍ ഇവിടെ സ്ഥലം മതിയാകില്ല. ഇന്നു കുറച്ചു പേരെ വേറെ ക്യാംപിലേക്കു കൊണ്ടുപോകുമെന്നു നഗരസഭാധ്യക്ഷ ഡോ. പി.ആര്‍.സോന പറഞ്ഞു. യാചകര്‍ തെരുവില്‍ അലഞ്ഞുനടക്കുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇവര്‍ക്കു സൗജന്യമായി ഭക്ഷണം എത്തിക്കും. ഒറ്റപ്പെട്ടു കഴിയുന്നവര്‍ പട്ടിണിയിലാകരുതെന്നതാണു നഗരസഭയുടെ കമ്യൂണിറ്റി കിച്ചനിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ തന്നെ അടുക്കള പ്രവര്‍ത്തനം ആരംഭിച്ചു.
സര്‍ക്കാര്‍ ഓഫിസില്‍ അത്യാവശ്യ ജോലിക്കെത്തുന്നവര്‍ക്ക് 20 രൂപ നിരക്കില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനും നഗരസഭ തീരുമാനിച്ചു. ആവശ്യക്കാര്‍ക്ക് പാഴ്‌സല്‍ വാങ്ങാം.നഗരസഭാ വളപ്പില്‍ ഓഫിസിനു പിന്‍വശത്താണു കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സമയവും ഇവിടെ നിന്നു സേവനം ലഭിക്കും. ഇവിടെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ പക്ഷേ, സൗകര്യം ഉണ്ടാകില്ല. വയസ്‌ക്കരക്കുന്നിലുള്ള പകല്‍വീട് പോലുള്ള കേന്ദ്രങ്ങള്‍ താല്‍ക്കാലിക അഭയ സെന്ററുകളാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പൊലീസിന്റെ സാന്നിധ്യം വേഗം ഉണ്ടാകുന്ന സ്ഥലമാണെങ്കില്‍ യാചകരെ നിരീക്ഷിക്കാന്‍ കഴിയും. നഗരസഭയുടെ ആരോഗ്യവിഭാഗമാണു പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്.നഗരസഭാ പരിധിയില്‍ ഹോം ക്വാറന്റീനില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ ആദ്യ പട്ടിക നഗരസഭ തയാറാക്കി. ഇനിയുള്ളവരെ കണ്ടെത്താന്‍ ആശാ വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























