സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രംഗത്ത്

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാനായി പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ടിഎ) രംഗത്ത്. ഒരേറൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങൾക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന 'ഡൈനാമിക് ടൈം ഷെഡ്യൂളിങ്' സംവിധാനമാണ് നടപ്പാക്കുന്നത്. 'കേരള ബസ്' പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങൾ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിൾ പാലിക്കാനായി കഴിയാത്തതിനാലാണ് സാഹചര്യം നോക്കി സമയം മാറ്റുന്ന ആശയത്തിലേക്ക് എസ്ടിഎ കടന്നത്.
പുതിയ സംവിധാനത്തിൽ റൂട്ടിലെ മറ്റു ബസുകളുടെ സഞ്ചാരം കണക്കിലെടുത്ത് മുന്നിലെ ബസ് എവിടെയെത്തി, പിന്നിലെ ബസ് എത്ര ദൂരെയുണ്ട് എന്ന് ഡ്രൈവർമാർക്ക് ആപ്പിലൂടെ മനസ്സിലാക്കാൻ കഴിയും. അതോടൊപ്പം ഓരോ സ്റ്റോപ്പിലും എത്ര സമയം നിൽക്കണം, എപ്പോൾ പുറപ്പെടണം എന്ന നിർദേശങ്ങൾ ഡ്രൈവർമാർക്ക് ഡാഷ്ബോർഡ് കൺസോൾ വഴി നേരിട്ട് ലഭിക്കുന്നതാണ്.
ഒരേ റൂട്ടിലോടുന്ന ബസുകൾ തമ്മിൽ നഗരമേഖലയിൽ കുറഞ്ഞത് അഞ്ചു മിനിറ്റും ഗ്രാമീണ മേഖലയിൽ പത്തു മിനിറ്റും ഇടവേള വേണമെന്നാണ് 2025 ഓഗസ്റ്റ് എട്ടിന് എസ്ടിഎ. കൈക്കൊണ്ട തീരുമാനം.
യാത്രക്കാർക്കും മൊബൈൽ ആപ്പിലൂടെ ഏതു സമയത്ത് ഏതു ബസ് ലഭിക്കുമെന്ന് മുൻകൂട്ടി അറിയാൻ കഴിയും. 2026 നവംബർ ഒന്ന് കേരളപ്പിറവി ദിനം മുതൽ ഈ സംവിധാനം നിർബന്ധമാക്കാനാണ് നിർദേശം. ഇത് നടപ്പിലാകുന്നതോടെ പുതിയ പെർമിറ്റുകൾക്ക് സമയം നിശ്ചയിക്കാനായി നടത്തുന്ന ദീർഘമേറിയ ടൈമിങ് കോൺഫറൻസുകൾക്കും വിരാമമാകും.
എന്നാൽ, ബസുകളിലെ സാങ്കേതിക സംവിധാനങ്ങളുടെ ഏകോപനം, ബസ് ഓപ്പറേറ്റർമാരുടെ എതിർപ്പ് മറികടക്കൽ, പ്രായോഗികമായ നടപ്പാക്കൽ എന്നിവയിൽ ഇനിയും വ്യക്തത വരാനുണ്ട്.
പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വശങ്ങൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഉന്നതതല സമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതിയുടെ അന്തിമരൂപം, പ്രവർത്തനരീതി എന്നിവയേക്കുറിച്ച് നിലവിൽ പൂർണ വ്യക്തതയില്ലാത്തത് ഉദ്യോഗസ്ഥർക്കിടയിലും ആശയക്കുഴപ്പമേറെയുണ്ട്.
" f
https://www.facebook.com/Malayalivartha
























