ഇന്ന് നല്ല ദിവസമേ അല്ല; സംസ്ഥാനത്ത് പുതിയ 39 കൊവിഡ് രോഗികള്‍; കാസര്‍കോട് മാത്രം 34 രോഗികള്‍; പോസീറ്റീവായവര് ആദ്യം തന്നെ ആശുപത്രിയില്‍ പോയി രോഗം സ്ഥിരീകരിച്ചവരല്ല; തൊടുപുഴയിലെ പൊതുപ്രവര്ത്തകന് കേരളമൊട്ടാകെ സഞ്ചരിച്ചു; കേരളത്തിലെ സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാനത്തിന് ഇന്ന് നല്ല ദിവസമേയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 39 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങേണ്ടതുണ്ടെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ 34 പേരും കാസര്‍കോട്ടു നിന്നാണ്. രണ്ട് പേര് കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം.
പോസീറ്റീവായവര് ആദ്യം തന്നെ ആശുപത്രിയില്‍ പോയി രോഗം സ്ഥിരീകരിച്ചവരല്ല. അവരെ നിരീക്ഷണത്തില്‍ വയ്ക്കും. അവിടെനിന്നാണ് സാന്പിളുകള്‍ അയയ്ക്കുന്നത്. പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. ഇതില്‍തന്നെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചവരുണ്ട്. അതുകൊണ്ട് അവരുടെ പേരുവവിരങ്ങള് പരസ്യമായി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗബാധയുള്ള വിദേശരാജ്യങ്ങളില്‍നിന്നു വരുന്നവര്‍, പ്രത്യേകിച്ച് ഗള്‍ഫില്‍നിന്നു വരുന്നവര്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കഴിഞ്ഞവര്‍ തുടങ്ങിവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. അത് അവരുടെ രക്ഷയ്ക്കും സമൂഹത്തിന്റെ രക്ഷയ്ക്കും പ്രധാനമാണ്. തൊണ്ടവേദന, പനി ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ കോവിഡ് ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശത്തുനിന്നു വന്നവരുമായി സന്പര്‍ക്കം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം. പ്രായമായവര്‍ മറ്റുള്ളവരുമായി അധികം സന്പര്‍ക്കം പുലര്‍ത്തേണ്ടതില്ല. പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം എന്നിവയ്ക്കു ചികിത്സ തേടുന്നവര്‍ മറ്റുള്ളവരില്നിന്ന അകലംപാലിക്കണം. കാരണം ഇപ്പോള്‍ കാണുന്നവര്‍ക്കു രോഗം കാണില്ല, പക്ഷേ മറ്റുള്ളവര്‍ക്കു രോഗം സംഭാവന ചെയ്യാന്‍ അവര്‍ക്കു കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധത്തിന് ക്യൂബയില്‍നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിന് അനുമതി ലഭിക്കേണ്ടതുണ്ട്. രോഗപ്രതിരോധത്തിനുള്ള എല്ലാ സാധ്യതകളും തേടും. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാലുടന്‍ പരിശോധന തുടങ്ങുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് എച്ച്ഐവി മരുന്നുകള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍നിന്നാണ് നല്‍കുന്നത്. അത് താലൂക്ക് ആശുപത്രികളില്‍നിന്നു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം തൊടുപുഴയില്‍ രോഗം സ്ഥിരീകരിച്ച പൊതുപ്രവര്ത്തകന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരേയും മൂന്നാര്‍ മുതല്‍ ഷൊളായാര്‍ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്കൂളുകള്‍. പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്ത്തകന് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha























