5 ഗഡുക്കളായി ഒരു മാസത്തെ ശമ്പളം പിടിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക 5 മാസം ഗഡുക്കളായി പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഇതനുസരിച്ച് 6 ദിവസത്തെ ശമ്പളമാണ് ഒരു മാസം പിടിക്കുന്നത്. 20,000 രൂപയില്‍ താഴെ ശമ്പളമുള്ള പാര്‍ട് ടൈം ജീവനക്കാര്‍ ഒഴികെ എല്ലാവര്‍ക്കും ഇതു ബാധകമാണ്. ജീവനക്കാരുടെ സംഭാവന എന്ന നിലയിലുളള സാലറി ചാലഞ്ചിനു പകരം സര്‍ക്കാര്‍ തന്നെ തുക പിടിച്ചു നല്‍കുന്ന സാലറി കട്ട് ആണു നടപ്പാക്കുന്നത്.
സര്‍ക്കാരില്‍ നിന്നു ശമ്പളം കൈപ്പറ്റുന്ന പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഇതു ബാധകമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തുക തിരികെ നല്‍കും. ഓരോ മാസവും 6 ദിവസത്തെ തുക വെട്ടിക്കുറയ്ക്കുന്നതിലൂടെ ശമ്പള ഇനത്തില്‍ 400 450 കോടി രൂപ വരെ കുറച്ചു കണ്ടെത്തിയാല്‍ മതി.
പാര്‍ട് ടൈം ജീവനക്കാരെ ഒഴിവാക്കിയെങ്കിലും സ്വമേധയാ നല്‍കിയാല്‍ സ്വീകരിക്കും. മേയ് ആദ്യം ലഭിക്കുന്ന ഏപ്രില്‍ ശമ്പളം മുതല്‍ സെപ്റ്റംബറില്‍ ലഭിക്കുന്ന ശമ്പളം വരെയാണു തുക പിടിക്കുക. മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രിയാണു നിര്‍ദേശം അവതരിപ്പിച്ചത്. പ്രളയകാലത്തെ സാലറി ചാലഞ്ച് മാതൃക ഫലപ്രദമല്ലെന്ന വിലയിരുത്തലിലാണു പകരം നിര്‍ദേശം വച്ചത്. അന്നു താല്‍പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നു നിഷ്‌കര്‍ഷിച്ചതു വിവാദമായിരുന്നു.
അടുത്ത ഒരു വര്‍ഷത്തേക്ക് മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡ്/കോര്‍പറേഷന്‍ അധ്യക്ഷര്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരുടെ ശമ്പളത്തിന്റെ 30% പിടിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും രാഷ്ട്രീയ നിയമനം ലഭിച്ചവരുടെ പ്രതിഫലത്തുകയും ഈ രീതിയില്‍ ഈടാക്കും. തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ ഓണറേറിയവും 30% കുറയ്ക്കും. എംഎല്‍എമാര്‍ ക്ക് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 70,000 രൂപയാണു പ്രതിമാസ ശമ്പളം; മന്ത്രിമാര്‍ക്ക് 90,000 രൂപ. ഇതില്‍ 30% കുറയ്ക്കും. എംഎല്‍എമാരുടെ ഫണ്ട് വെട്ടിക്കുറയ്ക്കില്ല.
'ഒരു മാസത്തെ ശമ്പളം ഈടാക്കുന്നതില്‍ എതിര്‍പ്പിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. പ്രതിമാസം 6 ദിവസത്തെ ശമ്പളം കുറവു ചെയ്തിട്ടു ബാക്കി തുകയേ വിതരണം ചെയ്യൂ.' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























