കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതു ചോരില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് സീനിയര്‍ ഗവ. പ്ലീഡര്‍ വി. മനു മുഖേന വിശദീകരണ പത്രിക നല്‍കി. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതു ചോരില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സ്പ്രിന്‍ക്ലറിനു കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്നും വ്യവസ്ഥാ ലംഘനമുണ്ടായാല്‍ ന്യൂയോര്‍ക്കില്‍ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണെന്നു സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ പത്രികയില്‍ നിന്നുള്ള വിവരങ്ങള്‍:
ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണു കരാര്‍. കോവിഡുമായി ബന്ധപ്പെട്ട് 80 ലക്ഷം പേരുടെ സ്‌ക്രീനിങ് വേണ്ടിവരുമെന്നാണു കരുതുന്നത്. ഇന്ത്യയിലെ പല ഐടി ഏജന്‍സികള്‍ക്കും വിവര ശേഖരണം സാധിക്കുമെങ്കിലും ഇത്രമാത്രം ഡേറ്റ അനാലിസിസ് സാധിക്കില്ല. കോവിഡ് വ്യാപനത്തിനിടെ ഡേറ്റ അനാലിസിസ് സോഫ്ട്വെയര്‍ സജ്ജമാക്കാന്‍ നേരമില്ല. സ്പ്രിന്‍ക്ലറിനു സോഫ്റ്റ്വെയര്‍ നല്‍കാന്‍ കഴിയുമെന്നതിനാലാണ് തിരഞ്ഞെടുത്തത്.
ഓരോ കമ്പനിയുടെയും നിയമാവലി അനുസരിച്ചാണ് നിയമ നടപടികളുടെ അധികാരപരിധി നിശ്ചയിക്കുന്നത്. സ്പ്രിന്‍ക്ലറിന്റേത് ന്യൂയോര്‍ക്കിലെ കോടതിയാണ്. സോഫ്റ്റ്വെയര്‍ വാങ്ങുമ്പോള്‍ ഈ വ്യവസ്ഥയും അംഗീകരിക്കേണ്ടതിനാലാണ് തര്‍ക്കപരിഹാരം ന്യൂയോര്‍ക്ക് കോടതിയുടെ അധികാരപരിധിയിലായത്. അതേസമയം, വ്യക്തികള്‍ക്ക് ഐടി ആക്ട് പ്രകാരം ഇന്ത്യയിലും കേസ് നടത്താം. വ്യക്തികള്‍ക്കു ഗുണകരമായ രണ്ട് ഡേറ്റ സംരക്ഷണ നിയമം കൂടി ന്യൂയോര്‍ക്കിലുള്ളതു പ്രയോജനപ്പെടും.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് 41 ചോദ്യങ്ങള്‍ക്ക് ഉത്തരം ശേഖരിക്കുന്നുണ്ട്. 2 ചോദ്യങ്ങള്‍ അതീവപ്രാധാന്യമുള്ളതാണെങ്കിലും ഈ വിവരങ്ങളില്ലാതെ ഡേറ്റ അനാലിസിസ് സാധിക്കില്ല. വിവരങ്ങള്‍ മറ്റാവശ്യത്തിനുപയോഗിക്കുന്നതു വിലക്കിയിട്ടുണ്ട്. വിവരങ്ങള്‍ ചോരുന്നതു തടയാനും സര്‍ക്കാര്‍ ക്രമീകരണം നടത്തി.
കരാറില്‍ നിയമ പ്രശ്‌നങ്ങളുണ്ടോ എന്നെല്ലാം പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.
https://www.facebook.com/Malayalivartha

























