ലോക്ഡൗണ്‍ കാലത്ത് അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും കുറവ് വന്നു

ഒരു മാസത്തെ ലോക്ഡൗണ്‍കാലം സംസ്ഥാനത്തിന്റെ പ്രധാന മേഖലകളില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ധന വില്‍പന ഇടിഞ്ഞതും ഇന്റര്‍നെറ്റ് ഉപയോഗം കൂടിയതും വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞതും ഉള്‍പ്പെടെ പ്രകടമാണ് മാറ്റങ്ങള്‍. വായു മലിനീകരണം ഗണ്യമായി കുറഞ്ഞത് ഈ ദുരിതകാലത്തെ ആശ്വാസ വാര്‍ത്തയാണ്.
ജനം വീട്ടിലിരുന്നതിനാലും വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതിനാലും കോവിഡ് കാലത്തു റോഡ് അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും ഗണ്യമായ കുറവ് കാണുന്നുണ്ട്. കുറ്റവാളികളും പുറത്തിറങ്ങിയില്ല. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 6 വരെ 1460 വാഹനാപകടങ്ങളിലായി 181 പേരാണു മരിച്ചത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 97 അപകടങ്ങളിലായി 15 മരണം.
2019 മാര്‍ച്ച് 25 മുതല്‍ 31 വരെ കാലയളവുമായി ഈ വര്‍ഷത്തെ ഇതേ ദിവസങ്ങളെ താരതമ്യപ്പെടുത്തിയാല്‍ കൊലപാതകം (33.33% ), കൊലപാതകശ്രമം (72.73%), ബലാത്സംഗം (73.68%), മോഷണം (50%), കബളിപ്പിക്കല്‍ (83.33%) ലൈംഗിക പീഡനം (92.31%), ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പീഡനം (90.48%) എന്നിങ്ങനെയാണു കേസുകളുടെ താരതമ്യം.
ആംസ്, എക്‌സ്‌പ്ലോസീവ് നിയമങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് 25 മുതല്‍ 31 വരെ കേസുകളൊന്നുമില്ല. എന്‍ഡിപിഎസ് കേസുകള്‍ 85.43%, അബ്കാരി കേസുകള്‍ 93.64 % എന്നിങ്ങനെ കുറഞ്ഞു. മറ്റു വിഭാഗത്തിലെ കുറ്റകൃത്യങ്ങള്‍ 86.01% കുറഞ്ഞു.
എന്നാല്‍, ലോക്ഡൗണ്‍ പ്രാബല്യത്തിലായ മാര്‍ച്ച് 24-ന് മുന്‍പുള്ള കണക്കുകള്‍കൂടി ഉള്‍പ്പെടുന്നതിനാല്‍ 2019 മാര്‍ച്ചിനെ അപേക്ഷിച്ച് 2020 മാര്‍ച്ചില്‍ പല കുറ്റകൃത്യങ്ങളും ഉയര്‍ന്നതായി കാണാം.
വൈദ്യുതി: വേനല്‍ക്കാലത്തു സംസ്ഥാനത്തെ ദിവസ ശരാശരി വൈദ്യുതി ഉപയോഗം 8.5 കോടി യൂണിറ്റാണ്. എന്നാല്‍ വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നതോടെ ലോക്ഡൗണിന്റെ തുടക്കത്തില്‍ ദിവസം 2 കോടി യൂണിറ്റ് കുറഞ്ഞു. ഇതുമൂലം ദിവസം 15 കോടി രൂപയായിരുന്നു കെഎസ്ഇബിയുടെ നഷ്ടം. കുറെ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചൂടു കൂടുകയും ചെയ്തതോടെ ഇപ്പോള്‍ വൈദ്യുതി ഉപയോഗത്തിലുള്ള കുറവ് 1.5 കോടി യൂണിറ്റായി.
പുറത്തു നിന്നുള്ള വൈദ്യുതി പോലും പൂര്‍ണമായി എടുക്കാനാകാത്തതിനാല്‍ സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളില്‍ കാര്യമായി ഉല്‍പാദനം നടത്തുന്നില്ല. ഡാമുകളില്‍ 40% വെള്ളമുണ്ട്. വേനല്‍ക്കാലത്തെ ഉല്‍പാദനത്തിനു സൂക്ഷിച്ചു വച്ചതാണിത്. ശക്തമായ മഴ ലഭിച്ചാല്‍ പ്രളയകാലത്തെപ്പോലെ ഡാമുകള്‍ തുറക്കേണ്ടി വന്നേക്കാം.
വര്‍ക് ഫ്രം ഹോം വ്യാപകമായതോടെ ഇന്റര്‍നെറ്റ് ഉപയോഗം കുതിച്ചുയരുന്നു. ജനുവരി ഒന്നിന് ബിഎസ്എന്‍എല്‍ മൊബൈല്‍ ഡേറ്റ ഉപയോഗം സംസ്ഥാനത്ത് 591 ടിബി (ടെറാബൈറ്റ്) ആയിരുന്നെങ്കില്‍ ലോക്ഡൗണ്‍ തുടങ്ങിയ ദിവസങ്ങളില്‍ത്തന്നെ ഇത് 673 ടിബി ആയി.
ബസുകളും മറ്റും ഓടാതായതോടെ ഡീസല്‍ വില്‍പന കുത്തനെ ഇടിഞ്ഞു. മുന്‍പത്തെ അപേക്ഷിച്ച് 5% ഡീസല്‍ കച്ചവടം മാത്രമാണു നടക്കുന്നത്. ബൈക്കുകളും മറ്റു ചെറുവാഹനങ്ങളും ഓടുന്നതിനാല്‍ പെട്രോള്‍ വില്‍പന 30 % നടക്കുന്നുണ്ട്.
നിരത്തുകളില്‍നിന്നു വാഹനങ്ങള്‍ ഒഴിഞ്ഞതോടെ മലിനീകരണത്തോത് കുറഞ്ഞു. മാര്‍ച്ച് 19-ന് കോഴിക്കോട്ട് 63, കൊച്ചിയില്‍ 107, തിരുവനന്തപുരത്ത് 51 എന്നിങ്ങനെയായിരുന്നു മലിനീകരണത്തോതെങ്കില്‍ ഏപ്രില്‍ 16-ന് ഇത് യഥാക്രമം 43, 49, 33 ആയി. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 50-ല്‍ താഴെ വരുമ്പോഴാണ് കൂടുതല്‍ ശുദ്ധമായ വായു.
https://www.facebook.com/Malayalivartha

























