ഓറഞ്ച് എ മേഖലയില്‍ പെടുന്ന എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണില്‍ ഇന്ന് മുതല്‍ ഇളവുകള്‍ അനുവദിക്കും... എല്ലാ ഇളവുകളും ആള്‍ക്കൂട്ട നിയന്ത്രണം, യാത്രാ നിയന്ത്രണം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പാലിച്ചു കൊണ്ടായിരിക്കും

ഓറഞ്ച് എ മേഖലയില്‍ പെടുന്ന എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണില്‍ ഇന്ന് മുതല്‍ ഇളവുകള്‍ അനുവദിക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് വാര്‍ത്താസമ്മേളനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രധാനമായും ആരോഗ്യ, കാര്‍ഷിക മേഖലകളിലാണ് ഇളവുകള്‍. മത്സ്യബന്ധനം, പ്ലാന്റേഷന്‍, സാമ്പത്തികം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കും ഇളവുകളുണ്ട്.
ഓറഞ്ച് എ സോണ്‍ ആയ ജില്ലയിലെ ഹോട്‌സ്‌പോട് ഇതര മേഖലയ്ക്ക് ഇന്നു മുതല്‍ പൊതു ഇളവുകള്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. എല്ലാ ഇളവുകളും ആള്‍ക്കൂട്ട നിയന്ത്രണം, യാത്രാ നിയന്ത്രണം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പാലിച്ചു കൊണ്ടായിരിക്കും. ആരോഗ്യ, വൈറ്ററിനറി പ്രവര്‍ത്തകര്‍, ആ മേഖലയിലെ ഗവേഷകര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്‌നീഷന്‍മാര്‍, മിഡ്വൈഫുകള്‍, ആശുപത്രി സര്‍വീസുകാര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട ആംബുലന്‍സ് അടക്കമുള്ള സേവനങ്ങള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കു ജോലി സംബന്ധമായി സംസ്ഥാനത്തിനകത്തും പുറത്തും യാത്ര ചെയ്യാം.
കാര്‍ഷികയന്ത്രങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടു പോകാം. മഴക്കാല പൂര്‍വ കാര്‍ഷിക ഒരുക്കങ്ങള്‍ നടത്താം. വനമേഖലയുമായി ബന്ധപ്പെടുന്ന പട്ടികവര്‍ഗക്കാര്‍ക്കും വനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും മരത്തടി ഒഴികെയുള്ള വന ഉല്‍പന്നങ്ങള്‍ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യാം.
മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നവര്‍ക്കു യാത്ര ചെയ്യാം. പ്ലാന്റേഷന്‍ മേഖലയില്‍ ചായ, കോഫി, ഏലം, റബര്‍, തോട്ടങ്ങളിലും സംസ്‌കരണ യൂണിറ്റുകളിലും 50% ജോലിക്കാരെ നിയോഗിക്കാം. മുള, തേങ്ങ, അടയ്ക്ക, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വിപണനവും അനുബന്ധ പ്രവൃത്തികളും നടത്താം. പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താം. മൃഗങ്ങള്‍ക്കുള്ള ഭക്ഷണ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ ചോളം സോയ, മറ്റ് വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താം. പോള്‍ട്രി ഉല്‍പന്നങ്ങളുമായി യാത്ര ചെയ്യാം.
പ്രായമായവര്‍, വിധവകള്‍, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരുടെ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പിഎഫ് എന്നിവ വിതരണം ചെയ്യാം. അങ്കണവാടികളില്‍ നിന്ന് 15 ദിവസത്തിലൊരിക്കല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താം. വസ്ത്ര വ്യവസായ സ്ഥാപനങ്ങള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാം. വ്യവസായ മേഖലയില്‍ പ്രവര്‍ത്തനാനുമതി ഉള്ള സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പു വരുത്തി തൊഴിലുടമ തൊഴിലാളികള്‍ക്കു ഗതാഗത സംവിധാനം ഒരുക്കണം.
അതേസമയം, പൊതുഗതാഗതം സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയറ്ററുകളും പ്രവര്‍ത്തിക്കില്ല. ആരാധന ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല.
ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി എട്ടു വരെ തന്നെയായി തുടരും. വസ്ത്ര വ്യവസായത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍, ഇലക്ടോണിക് ഉപകരണങ്ങളുടെയും മഷിനറി കളുടെയും റിപ്പയറിംഗ് ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. കൊറിയര്‍ സര്‍വീസുകളുമുണ്ടാകും.
അക്ഷയകേന്ദ്രങ്ങള്‍ തുറക്കും. സര്‍ക്കാര്‍ ഓഫീസുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങളും പുറത്തിറക്കാനാകും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട സംഖ്യ എന്നിവയില്‍ നമ്പര്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാം.
എന്നാല്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിര്‍ത്തിക്ക് പുറത്തേക്ക് പോകാനാവില്ല. നാലു ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും മാത്രമാണ് യാത്ര. യാത്രക്കാര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണം.
https://www.facebook.com/Malayalivartha


























