ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?

ടി. വീണയുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ടെങ്കിലും ആഭ്യന്തരവകുപ്പ് സമ്മർദ്ദത്തിലാണ്. ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ പിണറായി കൂടി ഉൾപ്പെട്ട ഇന്ത്യാ മുന്നണി സമരം തുടരുമ്പോൾ കേസ് അടിയന്തരമായി ആവശ്യമാണോ എന്ന തർക്കമാണ് സർക്കാരിലുള്ളത് . ശനിയാഴ്ച പിണറായി ഡൽഹിയിൽ നടത്തിയ നാടകങ്ങൾ പൊതുജനങ്ങൾക്കിടയിലുണ്ടാക്കിയ സഹതാപ തരംഗമാണ് സർക്കാരിനെ വിഷമവൃത്തത്തിലാക്കിയത്. ഡൽഹിയിലെ പിണറായിയുടെ സമരം ആസൂത്രണം ആണെന്ന് പറയുന്നുണ്ടെങ്കിലും മാധ്യമങ്ങൾ ഒന്നടങ്കം പിണറായി നിൽക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കഴിഞ്ഞ ദിവസവും സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് ഡൽഹിയിൽ സമരം തുടർന്നു. പിണറായി വിജയന്റെ ഇമേജ് വർധിപ്പിക്കാനുള്ള നീക്കമായി ഇതിനെ കാണുന്നവർ നിരവധിയുണ്ട്.അതിനിടെ സി പി എം കേരള സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ചുമത്തി പിണറായി അടക്കമുള്ളവർക്കുമെതിരെ കേസെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വെള്ളിയാഴ്ച വിജിലൻസിന് നിർദ്ദേശം നൽകിയിരുന്നു. എൽഡിഎഫ് ഭരണകാലത്ത് സിഎംആർഎൽ-ൽ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസ് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്.
ഹൈക്കോടതി ഉത്തരവ് സർക്കാർ പൂർണ്ണമായും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ട സർക്കാരിന്റെ നടപടി നിയമപരമായ നിലപാടായിരുന്നുവെന്നും എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമികാന്വേഷണം നിർബന്ധമല്ലെന്നാണ് ഹൈക്കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേസെടുക്കാൻ ആവശ്യപ്പെട്ട് ഇ.ഡി റിപ്പോർട്ട് നൽകിയതിന് പിന്നാലെ പ്രാഥമികാന്വേഷണം നടത്താനായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് കെ.എം ഷാജഹാൻ കോടതിയെ സമീപിച്ചതോടെയാണ് പിണറായി വിജയനും മറ്റുള്ളവർക്കുമെതിരെ നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവിനെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. ഹൈക്കോടതിക്ക് മുകളിലും കോടതികളുണ്ട്. ഈ അപകടകരമായ നീക്കത്തിനെതിരെ ലഭ്യമായ എല്ലാ നിയമവഴികളും പാർട്ടി തേടും. പിണറായി വിജയനെ വേട്ടയാടാനാണ് നീക്കമെങ്കിൽ അത് വിലപ്പോവില്ല. നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ നേരിടും എന്ന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
പ്രാഥമികാന്വേഷണം നടത്താനുള്ള കോൺഗ്രസ് സർക്കാരിന്റെ മുൻ തീരുമാനത്തിന് പിന്നിൽ സിപിഎം-കോൺഗ്രസ് ഒത്തുകളിയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സിഎംആർഎൽ ഇടപാടുകളുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളും പരാമർശിച്ചിട്ടുണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോയാൽ അത് ബിജെപിയുടെ ആരോപണങ്ങൾക്ക് കൂടുതൽ കരുത്തുപകരുമായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 66(2) പ്രകാരമാണ് മറ്റ് നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന പൊലീസിന് ഇ.ഡി കൈമാറിയതും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ടതും. പൊതുപ്രവർത്തകൻ എന്ന പദവി ദുരുപയോഗം ചെയ്ത് അവിഹിതമായി സ്വത്തുസമ്പാദനം നടത്തിയതിനും അനധികൃത സ്വത്ത് സമ്പാദനത്തിനുമുള്ള വകുപ്പുകൾ പ്രകാരമായിരിക്കും പിണറായി വിജയനും കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുക എന്നാണ് സൂചന.ഇതിനെ മറികടക്കാനാണ് പിണറായി ഡൽഹിയിൽ നാടകം നടത്തിയത്.
എട്ടു മണിക്കൂർ കസ്റ്റഡിയിൽ വെച്ചശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡൽഹി പൊലീസ് വിട്ടയച്ചെന്നാണ് സി പി എം പറയുന്നത്. ജന്തർ മന്തറിലേക്ക് പോകാനായി രാവിലെ 10.30ന് ഡൽഹിയിലെ കേരള ഹൗസിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് ജോൺ ബ്രിട്ടാസ് എം.പി, മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർക്കൊപ്പം പിണറായിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
തുടർന്ന് മൂന്നര മണിക്കൂറോളം ഇവരെ വാഹനത്തിൽ നഗരം ചുറ്റിക്കുകയും ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചശേഷം പിന്നീട് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. കടുത്ത ചൂടിനിടെ കുടിക്കാൻ വെള്ളമോ ഭക്ഷണമോ പൊലീസ് നൽകിയില്ലെന്നാണ് പറയുന്നത്.. 81 വയസ്സുള്ള പിണറായി വിജയന് കൃത്യ സമയത്ത് കഴിക്കേണ്ട മരുന്നുകളും ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്നും തങ്ങളെ കയറ്റിയ ജീപ്പ് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം ഒടുവിൽ ഇവിടെ തന്നെയുള്ള പൊലീസ് സ്‌റ്റേഷനിലെത്തിച്ചെന്നും പിണറായി പറഞ്ഞു.
മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘ഒരുതരത്തിലും പൊലീസിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് കാണാൻ കഴിഞ്ഞത്. പത്തരക്ക് ഞങ്ങളെ കസ്റ്റഡിയിലെടുത്തിട്ട് ഒരു ബൊലോറ ജീപ്പിൽ മൂന്നര മണിക്കൂറോളം റോഡിലൂടെ ഓടി. എന്നിട്ടാണ് അവസാനം ഇവിടെ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. അതിനിടെ ഛത്രസാൽ സ്റ്റേഡിയത്തിലും കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ഇത്ര സമയം എടുക്കണോ? എന്തിനാണ് മൂന്നര മണിക്കൂറോളം റോഡിലൂടെ ഞങ്ങളെ കറക്കിയതെന്ന് ഒരിക്കലും മനസ്സിലാകുന്നില്ല. വളരെ വിചിത്രമായ അനുഭവമാണ് ഉണ്ടായത്. ജനാധിപത്യ നിഷേധത്തിനെതിരെയുള്ള വികാരം രാജ്യത്ത് പൊതുവെ ശക്തിപ്പെട്ടുവരുന്നു എന്നാണ് കാണാൻ സാധിക്കുന്നത്. അതിൽ ഈ തരത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തുടർന്നുള്ള നാളുകളിൽ പ്രക്ഷോഭം ശക്തമായി, കൂടുതൽ കരുത്തോടെ വളർന്നുവരും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് നടപടികൊണ്ട് പ്രക്ഷോഭം തളർന്നുപോകില്ല. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും’ -പിണറായി വിജയൻ പറഞ്ഞു.
എന്നാൽ പിണറായി വിജയൻ കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഇത്തരത്തിൽ ഒരു സമയം ഡൽഹിയിൽ നടന്നിരുന്നെങ്കിൽ അത് അദ്ദേഹം തള്ളിപ്പറയുമായിരുന്നു എന്ന കാര്യം ഉറപ്പാണ്. മുമ്പ് നരേന്ദ്രമോഡി സർക്കാരിനെതിരെ രാഹുൽ ഗാന്ധി ഭാരത ജോഡോ യാത്ര നടത്തിയപ്പോൾ കേരളത്തിൽ നടന്ന യോഗങ്ങളിൽ പോലും പങ്കെടുക്കാതെ മാറിനിന്ന നേതാവാണ് പിണറായി. കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും ഭയപ്പെട്ടാണ് അന്ന് ഇത്തരമൊരു നിലപാട് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കേസെടുക്കാൻ പറഞ്ഞ ഉടനെ തന്നെ തനിനിറം വ്യക്തമാക്കി അദ്ദേഹം സമര രംഗത്തേക്ക് ഇറങ്ങി. ഇതല്ലാതെ പിണറായിയുടെ ഡൽഹി സമരം ഒരു നാടകം ആണെന്നതിലുപരി യാതൊരു ആത്മാർത്ഥതയുമുള്ള ഒരു സമരമാർഗ്ഗം ആയിരുന്നില്ല.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ കുരുക്ക് കൂടുതല്‍ മുറുകുകയാണ്.. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, നിര്‍ണായകമായ ആ നടപടി വരുന്ന വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. വിജിലന്‍സ് എഫ്.ഐ.ആര്‍ ഇടുന്ന മുറയ്ക്ക് അതിന്റെ ചുവടുപിടിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അതിവേഗം കേസ് രജിസ്റ്റര്‍ ചെയ്ത് നേരിട്ടുള്ള അന്വേഷണത്തിലേക്കും നിയമനടപടികളിലേക്കും കടക്കുമെന്നത് ഭരണവൃത്തങ്ങളെയും സി.പി.എമ്മിനെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഇഡി കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. സമാന അവസ്ഥയില്‍ പിണറായിയും എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
നിലവില്‍ നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്ന അതിനിര്‍ണായകമായ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുള്ള അടുത്ത നീക്കം ആദ്യം ആരെ ലക്ഷ്യമിടും എന്ന ചര്‍ച്ച ഇതിനോടകം സജീവമായിട്ടുണ്ട്. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി അടിയന്തരമായി കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ സാധ്യതയുണ്ടോ എന്ന ആശങ്കയാണ് കുടുംബത്തിനുള്ളില്‍ നിലനില്‍ക്കുന്നത്. നിയമസഭ സമ്മേളനം നടക്കുന്ന ദിവസങ്ങളില്‍ തന്നെ ഇത്തരത്തിലുള്ള കടുത്ത നടപടികള്‍ ഉണ്ടായാല്‍ അത് പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ വലിയ അവസരമായി മാറും.
മാസപ്പടി കേസില്‍ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള എഫ്.ഐ.ആറാണ് തിങ്കളാഴ്ച തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുറത്തുവരുമെന്ന് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മകള്‍ ടി. വീണ എന്നിവരെ പ്രതികളാക്കിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. മാസപ്പടി നല്‍കിയ സി.എം.ആര്‍.എല്ലിന്റെ ആസ്ഥാനം കൊച്ചിയിലായതിനാല്‍ അവിടം കേന്ദ്രീകരിച്ചും വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെയും ഒരേസമയം അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ക്രൈംബ്രാഞ്ച് സംഘം നേരത്തെ ശേഖരിച്ച ഇ.ഡി റിപ്പോര്‍ട്ടുകളും മറ്റ് നിര്‍ണായക രേഖകളും വിജിലന്‍സിന് ഇതിനോടകം കൈമാറിയിട്ടുണ്ട്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതിയില്‍ നിന്ന് ഇത്തരത്തിലുള്ള ഉത്തരവുണ്ടായതെന്ന് ചൂണ്ടിക്കാട്ടി, തിങ്കളാഴ്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് അപ്പീല്‍ നല്‍കാന്‍ പിണറായി വിജയന്‍ അടിയന്തരമായി നിയമോപദേശം തേടിയിട്ടുണ്ട്. എഫ്.ഐ.ആര്‍ റദ്ദാക്കിക്കിട്ടാനുള്ള അവസാന ശ്രമങ്ങളും വക്കീലന്മാരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന നിമിഷം തന്നെ പി.എം.എല്‍.എ നിയമപ്രകാരം കേസ് ഏറ്റെടുക്കാന്‍ കൊച്ചിയിലെ ഇ.ഡി യൂണിറ്റ് തയ്യാറായി നില്‍ക്കുകയാണ്. ഡി.ജി.പിക്ക് ഇ.ഡി നല്‍കിയ കത്തില്‍ ഹവാല ഇടപാടുകള്‍, കൈക്കൂലി, അധികാരദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു.
എസ്.എഫ്.ഐ.ഒ രജിസ്റ്റര്‍ ചെയ്ത കോര്‍പ്പറേറ്റ് തട്ടിപ്പ് കേസിന്റെ ചുവട് പിടിച്ചാണ് ഇ.ഡി ഇപ്പോള്‍ ശക്തമായ നീക്കങ്ങള്‍ നടത്തിവരുന്നത്. യാതൊരു സേവനവും നല്‍കാതെ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് ലക്ഷക്കണക്കിന് രൂപ നല്‍കിയത് മുഖ്യമന്ത്രിക്ക് ലഭിച്ച വ്യക്തമായ കൈക്കൂലിയാണെന്ന ഉറച്ച നിഗമനത്തിലാണ് അന്വേഷണ ഏജന്‍സി എത്തിച്ചേര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പിടികൂടിയ പണം എവിടെയൊക്കെ എത്തി, ആരൊക്കെ ഇതിന്റെ ഗുണഭോക്താക്കളായി എന്നതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ അടുത്ത ഘട്ട ചോദ്യം ചെയ്യലുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
നിയമസഭ സമ്മേളനം നടക്കാനിരിക്കെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധമായി ഈ വിഷയം മാറുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പിണറായി വിജയനും കുടുംബവും ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത രാഷ്ട്രീയ-നിയമ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരെ നേരിട്ട് അന്വേഷണം നടത്തുന്നതിനുള്ള എല്ലാ കടമ്പകളും ഇപ്പോള്‍ വഴിമാറി കിട്ടിയിരിക്കുകയാണ്. കൊച്ചിയിലെ ഇ.ഡി യൂണിറ്റിന് ഇത് സംബന്ധിച്ച് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ റെയ്ഡിനും ചോദ്യം ചെയ്യലിനും വിധേയരായേക്കാമെന്നാണ് സൂചന.
വിജിലന്‍സ് എഫ്.ഐ.ആര്‍ ഇട്ടാലുടന്‍ ഇ.ഡി സ്വീകരിക്കുന്ന കടുത്ത നടപടികള്‍ എന്തൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് കേരളം ഉറ്റുനോക്കുന്നത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ ഇല്ലാതെ നേരിട്ട് നീങ്ങാന്‍ നിയമപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് വന്നതോടുകൂടി ആ പ്രതിസന്ധികളെല്ലാം നീങ്ങിയിരിക്കുകയാണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ വലിയ ആശ്വാസത്തോടും വ്യക്തമായ ലക്ഷ്യത്തോടുമാണ് മുന്നോട്ട് പോകുന്നത്. ഏത് നിയമവഴികളും തേടി ഈ വലിയ പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും കുടുംബവും അതിവേഗ നിയമോപദേശങ്ങളാണ് തേടിക്കൊണ്ടിരിക്കുന്നത്. നാളത്തെ കോടതി നടപടികളും വിജിലന്‍സിന്റെ നീക്കങ്ങളും കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി മാറും.
അടിയന്തരാവസ്ഥയേക്കാൾ വലുതാണ് ഡൽഹിയിലെ സാഹചര്യമെന്ന് മമതാ ബാനർജി കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിനിടെ കെജ്‌രിവാളിനെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തു. കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാവ് അഭിജിത് ദിപ്കെയെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കയറിയാണ് കസ്റ്റഡിയിൽ എടുത്തത്.
അടിയന്തിരാവസ്ഥയ്‌ക്ക് സമാനമായ കിരാത അന്തരീക്ഷമാണ് ഡല്‍ഹിയിലുള്ളതെന്നും ആര്‍.എസ്.എസ്-ബി.ജെ.പി ചട്ടമ്പികളെ പോലെ അക്രമകാരികളായി ഡല്‍ഹി പൊലീസ് മാറിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുകയും സി.പി.എം നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌തത് കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നടപടിയാണ്.
നരേന്ദ്ര മോദിയും അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ സംരക്ഷിക്കാൻ രാജ്യത്തെതന്നെ കലാപത്തിലേക്ക് തള്ളിവിടുന്നതാണ് കാണുന്നത്. സി.ജെ.പി നേതാവ് അഭിജിത്ത് ദീപ്‌കെയെ ഉള്‍പ്പെടെ വിമാനത്തിൽ കയറി അറസ്റ്റ് ചെയ്‌തത് കാടത്തമാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.ഇതൊന്നും പിണറായി മന്ത്രി ആയിരുന്നെങ്കിൽ ഇത്തരം പ്രസ്താവനകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല ഇവിടെയാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. ഡൽഹിയിൽ പിണറായിക്കൊപ്പം സമരത്തിനിറങ്ങിയ കെ കെ ശൈലജയെയും എം വി ഗോവിന്ദനെയും ഒഴിവാക്കി കൊണ്ടാണ് പിണറായി ഇമേജ് തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. അവിടെയും ക്ലീൻ ഇമേജുള്ള കെ. ശൈലജയ്ക്ക് ദുര്യോഗം തന്നെയായിരുന്നു ഫലം.
ഇന്ന് എഫ് ഐ ആർ ഇട്ടില്ലെങ്കിൽ സർക്കാർ വിവരം അറിയും. അതാണ് ഷോൺ ജോർജിന്റെ തീരുമാനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് കൊടുത്തിട്ടുള്ള വിശദാംശങ്ങള്‍ പഠിച്ച കോടതി പിണറായി വിജയന്‍ കുറ്റാക്കാരന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ വിധി. പ്രതിപക്ഷ നേതാവായി ഒരു നിമിഷം തുടരാന്‍ പിണറായി വിജയന് യോഗ്യതയില്ല. രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ കര്‍ത്തയുടെ ലിസ്റ്റില്‍ പേരുള്ളവരാണ്. അതുകൊണ്ട് വി ഡി സതീശന്‍ അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയം കളിക്കുന്നു. ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിണറായി ഈ കേസില്‍ ജയിലില്‍ പോയിരിക്കും എന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
ഇത് ആധികാരികമായ ഒരു വിധി ആണ്. സര്‍ക്കാര്‍ പ്രാഥമികമായ അന്വേഷണം മാത്രം പ്രഖ്യാപിച്ച കേസില്‍ ഇത്തരത്തിലൊരു വിധി പറയണമെങ്കില്‍ അതിന്റെ അടിത്തറ എന്ന് പറയുന്നത് എന്‍ഫോഴ്‌സ്‌മെന്റ് കൊടുത്തിട്ടുള്ള കത്തും അതിന്റെ ഉള്ളടക്കവും കോടതി വിശദമായി പഠിച്ചു എന്നതാണ്.
പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടുണ്ട്, കുറ്റക്കാരന്‍ ആണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. അതുകൊണ്ട് ഒരു നിമിഷം പോലും പ്രതിപക്ഷനേതാവായി തുടരാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ല. എത്രയും പെട്ടെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാരും തയ്യാറാകണം.
പ്രതിപക്ഷ നേതാവിന്റെ പ്രധാന കടമ എന്നത് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്നുള്ളതാണ്. കേരള പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതി എങ്ങിനെയാണ് പ്രതിപക്ഷനേതാവായി തുടരുക...? പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം എങ്ങിനെ നിറവേറ്റാന്‍ സാധിക്കും അദ്ദേഹത്തിന്. അതുകൊണ്ട് എത്രയും പെട്ടെന്ന് രാജിവെച്ച് ആ സ്ഥാനത്ത് നിന്ന് ഒഴിയണം. ഇല്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ ജനകീയപ്രക്ഷോഭം ഉണ്ടാകും.
സര്‍ക്കാര്‍ എടുത്ത നിലപാടിനുള്ള തിരിച്ചടിയാണ്. സര്‍ക്കാരിന് നല്ല ഉദ്ദേശമുണ്ടെങ്കില്‍ എഫ്‌ഐറിട്ട് അന്വേഷണം ആരംഭിക്കണം. പിണറായി വിജയനെതിരെ കേസെടുക്കാന്‍ യാതൊരു തടസവുമില്ല. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നുണ്ടെങ്കില്‍ ഭയമുണ്ടെന്നാണ് അര്‍ത്ഥം. മൂന്ന് മന്ത്രിമാര്‍ ഇതേ കേസില്‍ കുറ്റാരോപിതര്‍ ആണ്. വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിക്കുമ്പോള്‍ മന്ത്രി സ്ഥാനത്ത് നിന്ന് ഇവരെ മാറ്റേണ്ടി വരും... ഈ ഒരു ഭയം വി ഡി സതീശനുണ്ട്. പക്ഷേ, അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയം കളിക്കുന്നു എന്ന് തോന്നിയാല്‍ ബിജെപി കടുത്ത നടപടികളിലേക്ക് കടക്കും.
പിണറായി വിജയന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ഈ കേസില്‍ ശിക്ഷിക്കപ്പെടും. ജയിലില്‍ പോയിരിക്കും. മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഒന്നും ഒളിക്കാന്‍ ഇല്ല, മടിയില്‍ കനമില്ല എന്നൊക്കെ പറഞ്ഞ മുഹമ്മദ് റിയാസിന്റെ മുഖത്തേക്ക് നിങ്ങള്‍ ഇപ്പോഴൊന്ന് നോക്കൂ.. ഇപ്പോള്‍ ആ കോണ്‍ഫിഡന്‍സുണ്ടോ റിയാസിന്റെ മുഖത്ത്...?
3.28 കോടി രൂപയൊക്കെ സിപിഎമ്മുകാര്‍ക്ക് എപ്പോഴാണ് ചെറിയ തുകയായത്...? ഒരു ഗതിക്ക് പരഗതി ഇല്ലാത്ത കാലത്ത് 100 രൂപക്ക് പോലും വിലയുണ്ടായിരുന്നു... ഇപ്പോള്‍ 3.28 കോടി രൂപ എന്ന് പറയുമ്പോള്‍ സഖാവ് പിണറായി വിജയന് പുച്ഛം അല്ലേ...? ഈ കേസില്‍ 224 കോടിരൂപയുടെ തിരിമറി നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും ചുരുങ്ങിയത് 50 കോടിക്ക് മുകളില്‍ പിണറായിക്ക് കിട്ടിയിട്ടുണ്ട്. യുഎഇയിലേക്ക് പണം എത്തിച്ചു. അവിടെ നിന്ന് അമേരിക്കയിലേക്ക് കടത്തി.
വീണയല്ല, പിണറായി വിജയന്‍ തന്നെയാണ് പണം സമാഹരിച്ചത്... മകള്‍ ആയതുകൊണ്ട്, ബിനാമി എന്ന് ഞാന്‍ പറയുന്നില്ല... പക്ഷേ, ഒരു ബിനാമിയുടെ റോള്‍ മാത്രമാണ് വീണക്ക് ഉള്ളത്. അഴിമതി നടത്തിയതും പണം സമ്പാദിച്ചതും പിണറായി വിജയന്‍ തന്നെയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വീണയുള്‍പ്പെടെ എല്ലാവരും ഉടന്‍തന്നെ അഴിയെണ്ണും... ഉറപ്പാ…ഷോൺ പറഞ്ഞു.
അതായത് സർക്കാർ പിന്നറായിയെ രക്ഷിക്കാൻ ഒരുങ്ങിയാൽ സർക്കാരിന് പണി വരുമെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha

























