കേരളത്തില്‍ വീണ്ടും ഹോട്ട്‌സ്‌പോട്ടുകള്‍; ഇവിടങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി; ഹോട്ട് സ്പോട്ട് പട്ടികയില്‍നിന്ന് ഒഴിവാക്കിയതും ഉള്‍പ്പെടുത്തിയതുമായ പഞ്ചായത്തുകള്‍

വര്‍ക്കല മുനിസിപ്പാലിറ്റി വീണ്ടും ഹോട്‌സ്‌പോട്ടായി. കോട്ടയം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, നെടുങ്കണ്ടം, ഏലപ്പാറ പഞ്ചായത്തുകളും ഹോട്‌സ്‌പോട്ട് പട്ടികയില്‍ വന്നതോടെ ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രോഗികളോ സമ്പര്‍ക്കമുള്ളവരോ ഇല്ലാത്തതിന്റെ പേരില്‍ മേയ് മൂന്നുവരെ ഏതെങ്കിലും ജില്ലകളില്‍ അധികം ഇളവുകള്‍ നല്‍കാന്‍ പച്ചമേഖല(ഗ്രീന്‍ സോണ്‍) ആക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ചുവപ്പുമേഖലയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി. കോര്‍പ്പറേഷനിലെ അമ്പലത്തറ, കളിപ്പാകുളം വാര്‍ഡുകള്‍ മാത്രമാണ് ഇനി ഹോട്ട്‌സ്‌പോട്ടുകള്‍. അതേ സമയം വര്‍ക്കലയെ വീണ്ടും ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. വര്‍ക്കലയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
ഇതോടൊപ്പം ഇടുക്കിയിലെയും കോട്ടയത്തേയും 3 പഞ്ചായത്തുകള്‍ പുതിയതായി ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളിലുള്‍പ്പെടുത്തി. ഇടക്കി ജില്ലയിലുള്‍പ്പെടുന്ന വാഴത്തോപ്പ്, നെടുങ്കണ്ടം ഏലപ്പാറ എന്നീ പ്രദേശങ്ങളും കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, കോട്ടയം നഗരസഭ എന്നിവിടങ്ങളുമാണ് പുതിയതായി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇടുക്കിയില്‍ തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ക്ക് അക്ക നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളൂ. ഞായര്‍ ദിവസം നിയന്ത്രണമില്ല. എന്നാല്‍ ആവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
അതേസമയം അമിതമായ ആസക്തിയുള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തി. ഇനി മുതല്‍ വെയര്‍ഹൗസില്‍ എത്തുന്നവര്‍ക്ക് മദ്യം നല്‍കാമെന്ന് നിയമ ഭേദഗതി പറയുന്നു. നേരത്തെ ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി വരുന്നവര്‍ക്ക് വെയര്‍ഹൗസില്‍ നിന്നും മദ്യം വിതരണം ചെയ്യാമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഭേദഗതി അനുസരിച്ച് നാളെ മുതല്‍ എല്ലാവര്‍ക്കും വെയര്‍ഹൗസ് വഴി നല്‍കില്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. ഡോക്ടര്‍മാരുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.
മദ്യാസക്തര്‍ക്ക് മദ്യം ബിവറേജസ് കോര്‍പറേഷന്‍ വഴി നല്‍കാനുള്ള ഉത്തരവിനെ ഹൈക്കോടതിയില്‍ പൂര്‍ണ്ണമായും ന്യായീകരക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. . മദ്യം കിട്ടാതെ വരുമ്പോള്‍ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നല്‍കുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ പോലും ഡോക്ടര്മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
https://www.facebook.com/Malayalivartha


























