ബസ് ചാര്‍ജ്ജ് താത്കാലികമായി വര്‍ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ്

സംസ്ഥാനത്ത് ബസ് ചാര്‍ജ് താത്കാലികമായി വര്‍ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് ശുപാര്‍ശ ചെയ്തു. കൊവിഡ് ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ഇത്.
ലോക്ക് ഡൗണ്‍ കഴിഞ്ഞാലും സംസ്ഥാനത്ത് ബസ്സുകള്‍ ഉടന്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാനായി ഉടമകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ നിബന്ധന പ്രകാരം സര്‍വീസ് നടത്തിയാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് ഉടമകള്‍ പറയുന്നു.
രണ്ട് പേരുടെ സീറ്റില്‍ ഒരാളെയും മൂന്ന് പേരുടെ സീറ്റില്‍ രണ്ട് പേരെയും മാത്രമേ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അനുവദിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് പാലിച്ച് സര്‍വീസ് നടത്തിയാല്‍ ഇന്ധനച്ചെലവിന് പോലും പണം ലഭിക്കില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു. ജീവനക്കാര്‍ക്ക് കൂലി കൊടുക്കാനും അറ്റകുറ്റപ്പണി നടത്താനും കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് സ്റ്റോപ്പേജ് അപേക്ഷ നല്‍കാനുള്ള തീരുമാനം. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ബസ്സുടമകളും അപേക്ഷ നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്ത് ആകെ 12000 ത്തോളം ബസ്സുകളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ബാക്കിയുള്ളവര്‍ കൂടി അപേക്ഷ നല്‍കും.
സ്റ്റോപ്പേജ് അപേക്ഷ നല്‍കിയാല്‍, ബസ് വ്യവസായ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നതിനാല്‍ നികുതി ഇളവും ഇന്‍ഷൂറന്‍സ് അടക്കാനുള്ള സാവകാശവും ലഭിക്കും എന്നതും ഉടമകളെ താത്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ഒരു ദിവസം ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും വരുമാനം ഉണ്ടെങ്കിലേ ബസ് സര്‍വീസ് നടത്തിക്കൊണ്ടു പോകാന്‍ കഴിയൂ എന്നാണ് ബസുടമകള്‍ പറയുന്നത്. മുടക്കുമുതല്‍ തിരികെ കിട്ടാനും മെയിന്റനന്‍സ്, വേതനം തുടങ്ങിയ ചെലവുകള്‍ക്കും ഇത്രയും പണം വേണമെന്നാണ് വാദം. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ജി ഫോം പിന്‍വലിച്ച് ബസുകള്‍ നിരത്തിലിറക്കുന്ന കാര്യം ആലോചിക്കും. അതല്ലെങ്കില്‍ നികുതി, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്ന് ഒഴിവാക്കുകയും തൊഴിലാളി ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുകയും ചെയ്താല്‍ സര്‍വീസ് നടത്താമെന്നാണ് ബസുടമകളുടെ നിലപാട്.
https://www.facebook.com/Malayalivartha


























