'ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അവിടെത്തന്നെ കഴിഞ്ഞേനേ…"; ഒന്ന് വിശപ്പടക്കാന്‍ താണ്ടിയത് 650 കിലോമീറ്റര്‍, നാട്ടിലെത്താൻ കൊതിച്ച് യുവാക്കൾ ചെയ്തത്

രാജ്യത്താകെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൌൺ പ്രഖ്യാപിച്ചതിൽ പിന്നെ പലയിടത്തായി പലരും കുടുങ്ങുകയാണ് ഉണ്ടായത്. അത്തരത്തിൽ കഴിഞ്ഞ ദിവസം നാട്ടിലെത്താന്‍ ചെന്നൈ അമ്ബട്ടൂരില്‍ നിന്ന് 650 കിലോമീറ്ററിലേറെ സൈക്കിള്‍ ചവിട്ടി തൃശൂര്‍ എത്തും മുമ്ബ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ആര്‍ഷദിന്റെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
അർഷാദിന്റെ വാക്കുകൾ ഇങ്ങനെ:
'ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അവിടെത്തന്നെ കഴിഞ്ഞേനേ… 'ആദ്യം ഏഴു ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അത് അനുസരിച്ചു. വീണ്ടും 14 ദിവസം പറഞ്ഞപ്പോള്‍ അതിനും തയാറായി. വീണ്ടും ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതോടെയാണ് എങ്ങനെയെങ്കിലും നാട്ടിലെത്തിയില്ലെങ്കില്‍ അവിടെ കിടന്നു മരിച്ചു പോകുമെന്ന് തോന്നിയത്.
കയ്യിലെ പണമെല്ലാം ഏതാണ്ട് തീര്‍ന്നു. കഞ്ഞി വച്ചു കുടിക്കാന്‍ പോലും ഒരു നിവൃത്തിയുമില്ലാതായി. താമസിക്കുന്ന വീടിന്റെ ഉടമ വാടക ചോദിച്ചു തുടങ്ങി, ലോക്ഡൗണാണെന്നു പറഞ്ഞതൊന്നും അവര്‍ മനസിലാക്കാതെ വന്നതോടെ ഇവിടെ തുടരുന്നത് പന്തിയല്ലെന്നു ബോധ്യമായി. ഇതോടെയാണ് എങ്ങനെ നാട്ടില്‍ പോകുമെന്ന ആലോചനയിലെത്തിയത്.
ജ്യൂസ് കടയില്‍ ജോലിക്കു വേണ്ടിയാണ് അമ്ബട്ടൂരിലെത്തുന്നത്. കട നടത്തുന്ന മലയാളി ഉള്‍പ്പടെ ഏഴു പേരാണ് അവിടെ താമസിക്കുന്നത്. എല്ലാവരും കൂടി ആലോചിച്ചപ്പോഴാണ് സൈക്കിളെടുത്ത് നാട്ടില്‍ പോകാം എന്ന ആശയം ഉദിച്ചത്. ഇതോടെ സൈക്കിളിനു വേണ്ടി തിരച്ചിലായി. തമിഴ്നാട് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി കൊടുത്ത സൈക്കിള്‍ കടകള്‍ക്കു വിറ്റതു മാത്രമേ കിട്ടാനുണ്ടായിരുന്നുള്ളൂ. മറ്റു കടകള്‍ ഇല്ലാതിരുന്നതിനാല്‍ ഓരോന്ന് 500 രൂപയ്ക്കു വാങ്ങിയാണു യാത്രയ്ക്കൊരുങ്ങിയത്.
ഒപ്പമുണ്ടായിരുന്ന ആറു പേര്‍ മലപ്പുറം ജില്ലക്കാരാണ്. സൈക്കിള്‍ ഇടയ്ക്ക് പഞ്ചറായാല്‍ നന്നാക്കാനുള്ള സംവിധാനങ്ങളും വാങ്ങി കയ്യില്‍ കരുതി. വഴിയില്‍ പലപ്രാവശ്യം സൈക്കിളുകള്‍ പഞ്ചറായെങ്കിലും സ്വന്തമായി തന്നെ നന്നാക്കി. ആരും പഞ്ചറൊട്ടിച്ച് പരിചയമുള്ളവരൊന്നും അല്ല. അങ്ങു ചെയ്തു നോക്കി അത്ര തന്നെ. ഇടയ്ക്ക് പലയിടത്തും പൊലീസ് തടഞ്ഞെങ്കിലും എന്തെങ്കിലുമൊക്കെ മുട്ടുന്യായങ്ങള്‍ പറഞ്ഞ് രക്ഷപെട്ടു കടന്നു പോന്നു.
മനസില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, നാട്ടിലെത്തുക. ഇവിടെയാണെങ്കില്‍ നിരീക്ഷണത്തിലാണെങ്കിലും ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്നായിരുന്നു പ്രതീക്ഷ. ഇവിടെ വന്ന് 28 ദിവസമായാലും നിരീക്ഷണത്തില്‍ കിടന്ന് വീട്ടില്‍ പോയാല്‍ സുരക്ഷിതരാണല്ലോ എന്നാണ് ആശ്വസിച്ചത്. വഴിയില്‍ കഞ്ഞിവച്ചു കുടിക്കാന്‍ അരിയും കലവും എല്ലാം കരുതിയാണു പോന്നത്.
ശരിക്കും ആര്‍ക്കും വിശപ്പില്ലായിരുന്നു. കാര്യമായി കഞ്ഞിവയ്പും കുടിയുമൊന്നും ഇല്ലായിരുന്നു. ഇടയ്ക്കു വെള്ളം കുടിക്കും. ആര്‍ക്കും ഒരു തളര്‍ച്ചയുമില്ലാതെ ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടി. കടകളിലൊന്നും കയറാനൊ സാധനം വാങ്ങാനോ നിന്നില്ല. പലരും പതിവു യാത്രക്കാരൊക്കെ ആയിരുന്നതിനാല്‍ വഴിയെക്കുറിച്ചും ധാരണയുണ്ടായിരുന്നു. പാലക്കാട് വഴി എത്തുന്നതാണ് എളുപ്പം എന്നു മനസിലാക്കിയിരുന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തത്.
കേരളത്തിലേയ്ക്കു കടക്കാന്‍ മീനാക്ഷിപുരത്തു നിന്നു തിരിഞ്ഞ് വരുന്ന വഴിയൊക്കെ പരിചയമുണ്ടായിരുന്നു. ഇവിടെ വരെ എത്തിയപ്പോള്‍ പ്ലാന്‍ ഒന്നു മാറ്റി. നമുക്കു വാളയാറിലെത്തി അവരോട് കാര്യങ്ങളൊക്കെ പറഞ്ഞ് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേയ്ക്കു പോകാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് വാളയാറിലേയ്ക്ക് എത്തുന്നത്. വാളയാറിലെത്തിയതോടെ തമിഴ്നാട് പൊലീസ് തടഞ്ഞു.
ഒരു കാരണവശാലും കടന്നു പോകാന്‍ പറ്റില്ലെന്ന് വാശി പിടിച്ചു. ഞങ്ങള്‍ പോകുന്നില്ല, ഇവിടെ നിരീക്ഷണത്തില്‍ കഴിയാം എന്നു പറഞ്ഞു നോക്കി. അതിനുള്ള സംവിധാനം ഒന്നുമില്ല, നിങ്ങള്‍ തിരിച്ചു പോകൂ എന്നായിരുന്നു പൊലീസുകാരുടെ മറുപടി. അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണു പൊലീസുകാരില്‍ ഒരാള്‍ തന്ത്രം പറഞ്ഞു തന്നത്. കുറച്ച് പിന്നിലേയ്ക്കു പോയാല്‍ ഒരു ഇടവഴി കയറി കേരള ബോര്‍ഡര്‍ കടക്കാമെന്ന്. എങ്കില്‍ അങ്ങനെയാകട്ടെ എന്നു കരുതി തിരിച്ചു സൈക്കിള്‍ ചവിട്ടി.
കുറച്ചു ദൂരം ചെന്നപ്പോള്‍ ഇടവഴി കടന്ന്, വെള്ളത്തിലൂടെ സൈക്കിള്‍ ഓടിച്ച്, പലയിടത്തും സൈക്കിള്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് പാറക്കെട്ടിനരികിലൂടെ നടന്ന് കേരള അതിര്‍ത്തി കടന്നു. അത് ശരിയല്ലെന്ന് അറിയാമായിരുന്നെങ്കിലും വേറെ വഴിയില്ലായിരുന്നു. അങ്ങനെ പാലക്കാടെത്തി തേനിടുക്ക് ടോളിനടുത്ത് എത്തിയപ്പോഴാണ് പിന്നില്‍ വന്ന അഞ്ചു പേരെ പൊലീസ് പിടികൂടിയത് അറിഞ്ഞത്.
ഞങ്ങള്‍ രണ്ടു പേര്‍ മാത്രം മുന്നില്‍ പോകുന്ന വിവരം അവര്‍ പൊലീസിനോടു പറഞ്ഞെങ്കിലും അവരെ മറ്റെവിടെ വച്ചെങ്കിലും പൊലീസ് പിടികൂടിക്കൊള്ളുമെന്നായിരുന്നു മറുപടി. പൊലീസ് വന്നപ്പോള്‍ പലയിടത്തും ഒളിച്ചിരുന്നു. ഒടുവില്‍ രാത്രി ടോളില്‍ കിടന്നുറങ്ങി രാവിലെ പുറപ്പെടുകയായിരുന്നു.
ഈ സമയമൊന്നും വെള്ളം പോലും കിട്ടിയിട്ടില്ല. രാത്രിയിലും രാവിലെയും ഭക്ഷണം കഴിച്ചില്ല. അങ്ങനെയാണ് പാലക്കാട്ടുളള ഒരു പഴയ കൂട്ടുകാരനെ വിളിച്ച് വിശേഷം ഒക്കെ ചോദിച്ച് ഒടുവില്‍ കാര്യം പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവ് ഞങ്ങള്‍ക്ക് വെള്ളവും ചോറും എല്ലാമായി ഹൈവേയിലെത്തി.
കുറച്ചു പൈസയും തന്നാണു വിട്ടത്. ഇതോടെ സൈക്കിള്‍ ചവിട്ടാന്‍ കുറച്ചൂടെ ആരോഗ്യമായി. കുതിരാന്‍ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മലപ്പുറത്തേയ്ക്കു പോകണ്ടയാള്‍ വഴിപിരിഞ്ഞു. അദ്ദേഹം അതുവഴി മലപ്പുറത്തേയ്ക്ക് പൊയ്ക്കൊള്ളാമെന്നു പറഞ്ഞു. എത്തിയിട്ടു വിളിക്കാനും പറഞ്ഞു. ഇതിനിടെ പിടിയിലായ അഞ്ചുപേരെ പാലക്കാട്ട് ക്വാറന്റീനിലാക്കിയിരിക്കുകയാണെന്ന് അറിഞ്ഞു.
തൃശൂരിലേക്ക് എത്തും മുമ്ബ് വാണിയമ്ബാറ ഭാഗത്തു വച്ചാണ് ഞാന്‍ പൊലീസിന്റെ പിടിയിലാകുന്നത്. പൊലീസ് പിടിച്ചതോടെ കാര്യങ്ങളെല്ലാം പൊലീസിനോടു തുറന്നു പറഞ്ഞു. അവരും അത് മനസിലാക്കിയെന്നു തോന്നുന്നു. നാട്ടിലെത്തിയാല്‍ ക്വാറന്റീനില്‍ പോകുന്നതിന് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പൊലീസിനെ അറിയിച്ചു. നാട്ടിലെ കൂട്ടുകാരെ താന്‍ വരുന്ന കാര്യം അറിയിച്ചിരുന്നു. തനിക്കു ക്വാറന്റീനില്‍ പോകാനുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് അവരും പറഞ്ഞിരുന്നു. ഇതോടെയാണ് എറണാകുളം കോവിഡ് സെന്ററുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ എറണാകുളത്തേയ്ക്ക് കൊണ്ടു വരുന്നത്.
വീട്ടില്‍ പോയി ക്വാറന്റീനിലാകാമോ എന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു. അതു വേണ്ട എന്ന് അങ്ങോട്ടു തന്നെ പറയുകയായിരുന്നു. ഇപ്പോള്‍ വീട്ടിലെത്തിയാല്‍ ചെറിയ കുഞ്ഞുങ്ങളുണ്ട്, ഭാര്യയുണ്ട്. രോഗമുണ്ടോ എന്നറിയാതെ ടെന്‍ഷനില്‍ ഇത്രനാളും കഴിയുന്നതിലും നല്ലത് ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീട്ടില്‍ പോകുന്നതാണ് എന്ന് അങ്ങോട്ടു പറയുകയായിരുന്നു.
ഉദ്യോഗസ്ഥരും അതു സമ്മതിച്ചതോടെയാണ് തൃപ്പുണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായത്. ഒപ്പമുണ്ടായിരുന്ന ആളെ കരിങ്കല്ലത്താണിയില്‍ എത്തിയിട്ടാണ് പൊലീസ് പിടികൂടിയത്. അദ്ദേഹത്തെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























