ഹെല്മറ്റ് ധരിക്കാതെ ഡിവൈഎഫ്ഐ നേതാവ്, ബൈക്ക് പിടിച്ചെടുത്ത പൊലീസിനെ സിപിഎം നേതാക്കള് ഭീഷണിപ്പെടുത്തി, ''വീട്ടില് കയറി കാലുവെട്ടും''

വണ്ടിപ്പെരിയാര് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഹെല്മറ്റ് ധരിക്കാതെ വന്നതിനെ തുടര്ന്ന് ബൈക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് പിടിച്ചെടുത്തു.
ബൈക്ക് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെയും ഏരിയ സെക്രട്ടറിയുടെയും അസഭ്യവര്ഷവും വധഭീഷണിയും.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്.തിലകന്, സിപിഎം പീരുമേട് ഏരിയ സെക്രട്ടറി ജി.വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തില് എത്തിയ സംഘം വണ്ടിപ്പെരിയാര് സ്റ്റേഷനിലെ എഎസ്ഐ, 4 പൊലീസുകാര് എന്നിവര്ക്കെതിരെയാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില് സിപിഎം നേതാക്കള്ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ രണ്ടര മിനിറ്റ് നീളുന്ന വിഡിയോ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
പോലീസ് ഡിവൈഎഫ്ഐ നേതാവിനോട് 3000 രൂപ പിഴ അടയ്ക്കാന് ആവശ്യപ്പെട്ടു. ഇതറിഞ്ഞു പ്രകോപിതരായ സിപിഎം നേതാക്കള് സംഘടിച്ചു സ്റ്റേഷനില് എത്തിയ ശേഷം അസഭ്യം പറഞ്ഞു വെല്ലുവിളി മുഴക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഎസ്ഐ എം.എം.തോമസിനു നേരെ കൈ ചൂണ്ടിയ ശേഷം ''വീട്ടില് കയറി കാലുവെട്ടും'' എന്നു പറയുന്ന ദൃശ്യങ്ങള് വിഡിയോയില് വളരെ വ്യക്തമാണ്.
പെറ്റിക്കേസ് എടുത്ത് വാഹനം വിട്ടുനല്കാമെന്ന് സിഐ ടി.ഡി.സുനില് കുമാര് അറിയിച്ചതോടെയാണ് നേതാക്കള് സ്റ്റേഷനില് നിന്നിറങ്ങിയത്. കൃത്യനിര്വഹണത്തില് തടസ്സം സൃഷ്ടിച്ചു എന്ന വകുപ്പു ചുമത്തിയാണ് സിപിഎം നേതാക്കള്ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
എന്നാല് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താന് പാഴ്വസ്തുക്കള് ശേഖരിച്ചുകൊണ്ടിരുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിപിഎം പീരുമേട് ഏരിയ സെക്രട്ടറി ജി.വിജയാനന്ദ് പറഞ്ഞു.
https://www.facebook.com/Malayalivartha



























